إعدادات العرض
ഒരാൾ ഒരു ഉറക്കം ഉറങ്ങുകയും അപ്പോഴേക്ക് അയാളുടെ ഹൃദയത്തിൽനിന്നും വിശ്വാസ്യത പിടിച്ചെടുക്കപ്പെടുകയും…
ഒരാൾ ഒരു ഉറക്കം ഉറങ്ങുകയും അപ്പോഴേക്ക് അയാളുടെ ഹൃദയത്തിൽനിന്നും വിശ്വാസ്യത പിടിച്ചെടുക്കപ്പെടുകയും ചെയ്യും. പിന്നീട് തഴമ്പ് പോലെ അതിന്റെ അടയാളം ബാക്കിയാകും.
ഹുദൈഫതുബ്നുൽ യമാൻ (رضي الله عنه) പറയുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങൾക്ക് രണ്ടു ഹദീഥുകൾ പറഞ്ഞുതന്നു. അതിലൊന്ന് ഞാൻ കണ്ടുകഴിഞ്ഞു. രണ്ടാമത്തേതിന് ഞാൻ കാത്തിരിക്കുന്നു: "അമാനത് മനുഷ്യരുടെ ഹൃദയത്തിന്റെ അടിവേരിൽ അവതരിച്ചു. പിന്നീട് ക്വുർആൻ അവതരിച്ചു. അപ്പോൾ ക്വുർആനിൽ നിന്ന് അവർ പഠിച്ചു. സുന്നത്തിൽ നിന്നും അവർ പഠിച്ചു." ഇത് നബി(ﷺ) ഞങ്ങൾക്ക് പറഞ്ഞുതന്നു. അമാനത് എടുത്തുയർത്തപ്പെടുന്നതിനെക്കുറിച്ചും പിന്നീട് അവിടുന്ന് (ﷺ) ഞങ്ങൾക്ക് പറഞ്ഞുതന്നു. അവിടുന്ന് (ﷺ) പറയുകയുണ്ടായി: "ഒരാൾ ഒരു ഉറക്കം ഉറങ്ങുകയും അപ്പോഴേക്ക് അയാളുടെ ഹൃദയത്തിൽനിന്നും വിശ്വാസ്യത (അമാനത്) പിടിച്ചെടുക്കപ്പെടുകയും ചെയ്യും. പിന്നീട് തഴമ്പ് പോലെ അതിന്റെ അടയാളം ബാക്കിയാകും. നിന്റെ കാലിന് ഒരു തീക്കനൽ കൊണ്ട് പൊള്ളി കരിഞ്ഞാലുള്ളതുപോലെ. അത് പൊങ്ങിയതായി നിനക്ക് കാണാം. എന്നാൽ അതിനുള്ളിൽ ഒന്നുമുണ്ടാവുകയില്ല." എന്നിട്ട് അദ്ദേഹം ഒരു കല്ല് തന്റെ കാലിൽ കൊള്ളിച്ചു. "അങ്ങനെ ജനങ്ങൾ പരസ്പരം കച്ചവടത്തിലേർപെടും. എന്നാൽ ഒരാൾ പോലും വിശ്വാസ്യത പാലിക്കുകയില്ല. 'ഇന്ന ഗോത്രത്തിൽ വിശ്വസ്തനായ ഒരാളുണ്ടത്രേ' എന്ന് പറയപ്പെടുന്ന അവസ്ഥയോളമെത്തും. 'എത്ര ശക്തനാണയാൾ! എത്ര സുന്ദരനാണയാൾ! എത്ര ബുദ്ധിമാനാണയാൾ!' എന്നിങ്ങനെ, ഒരാളെകുറിച്ച് പറയപ്പെടും. അയാളുടെ ഹൃദയത്തിലാകട്ടെ ഒരു തരിമണിയോളം പോലും വിശ്വാസ്യതയുണ്ടാവുകയില്ല." ആരുമായിട്ടാണ് ഞാൻ കച്ചവടം (പോലുള്ള കരാറുകൾ) നടത്തുന്നത് എന്ന കാര്യം ഞാൻ പരിഗണിക്കാത്ത (വിശ്വാസ്യത നിറഞ്ഞ) ഒരു കാലം എനിക്ക് കടന്നുപോയിട്ടുണ്ട്. അവനൊരു മുസ്ലിമാണെങ്കിൽ അവന്റെ ദീൻ (മതബോധം കാരണത്താൽ തരാനുള്ളത്) എനിക്ക് അവൻ തിരിച്ചുതരും. അവനൊരു ജൂതനോ നസ്രാനിയോ ആണെങ്കിൽ അവന്റെ ഭരണാധികാരി (എന്റെ അവകാശം) എനിക്ക് തിരിച്ചുതരും. എന്നാൽ ഇന്ന് നിങ്ങളുടെ കൂട്ടത്തിൽ ഇന്നയിന്ന (എനിക്ക് ബോധ്യമുള്ള) ആളുകളുമായിട്ടല്ലാതെ ഞാൻ കച്ചവടം (പോലുള്ള കരാറുകൾ) ചെയ്യുകയില്ല.