നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായി വരും

നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായി വരും

അബൂ ഉമാമഃ അൽബാഹിലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായി വരും. നിങ്ങൾ 'അസ്സഹ്റാവയ്ൻ' ആയ അൽ-ബഖറയും, ആലു ഇംറാനും പാരായണം ചെയ്യുക; കാരണം അവ രണ്ടും അന്ത്യനാളിൽ രണ്ട് മേഘങ്ങളെപ്പോലെയോ, അല്ലെങ്കിൽ രണ്ട് തണലുകൾ പോലെയോ, അല്ലെങ്കിൽ ചിറകുകൾ വിരിച്ച് നിരന്നുപറക്കുന്ന രണ്ട് പക്ഷിക്കൂട്ടങ്ങളെപ്പോലെയോ വരുന്നതാണ്. അവ രണ്ടും അതിന്റെ ആളുകൾക്കുവേണ്ടി വാദിക്കും. നിങ്ങൾ സൂറത്തുൽ ബഖറ പാരായണം ചെയ്യുക; കാരണം അത് പഠിച്ചെടുക്കുന്നത് അനുഗ്രഹീതമാണ്. അത് ഉപേക്ഷിക്കുന്നത് നഷ്ടകരവും. മാരണക്കാർക്ക് അതിനെ അതിജീവിക്കാൻ കഴിയില്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- ഖുർആൻ നിരന്തരം പാരായണം ചെയ്യാൻ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു; കാരണം ഖുർആൻ പാരായണം ചെയ്യുന്നവർക്കും അതനുസരിച്ച് പ്രവർത്തിക്കുന്നവർക്കും അന്ത്യനാളിൽ അത് ശുപാർശകനായി വരും. പിന്നീട് അവിടുന്ന് സൂറത്തുൽ ബഖറയും ആലു ഇംറാനും പാരായണം ചെയ്യണമെന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു. ഈ രണ്ട് സൂറത്തുകളെയും പ്രകാശം നൽകുന്ന രണ്ട് അദ്ധ്യായങ്ങൾ എന്നാണ് 'അസ്സഹ്റാവായ്ൻ' എന്ന പേരിലൂടെ അവിടുന്ന് വിശേഷിപ്പിച്ചത്. അവ പാരായണം ചെയ്യുന്നവർക്ക് ഈ സൂറത്തുകൾ പ്രകാശവും മാർഗ്ഗദർശനവും നൽകും എന്നതാണ് ഈ പേരിൻ്റെ പിന്നിലെ കാരണം. ഈ രണ്ട് സൂറത്തുകൾ പാരായണം ചെയ്യുന്നതിന്റെയും അവയുടെ അർത്ഥങ്ങൾ ചിന്തിക്കുന്നതിന്റെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിന്റെയും പ്രതിഫലം അന്ത്യനാളിൽ രണ്ട് മേഘങ്ങളെപ്പോലെയോ, അല്ലെങ്കിൽ ചിറകുകൾ വിരിച്ചു പരസ്പരം ചേർന്നു നിരന്നു പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ വരും. അവ രണ്ടും അതിന്റെ ആളുകൾക്ക് തണൽ നൽകുകയും അവർക്കു വേണ്ടി വാദിക്കുകയും ചെയ്യും. തുടർന്ന് നബി -ﷺ- സൂറത്തുൽ ബഖറ നിരന്തരമായി പാരായണം ചെയ്യാനും അതിന്റെ അർത്ഥങ്ങൾ ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും വീണ്ടും ഊന്നിപ്പറഞ്ഞു. ദുനിയാവിലും ആഖിറത്തിലും വലിയ ബറക്കത്തും അനുഗ്രഹവും പ്രയോജനവും നൽകുന്ന കാര്യമാണത്. അത് ഉപേക്ഷിക്കുന്നത് അന്ത്യനാളിൽ നഷ്ടവും ഖേദവുമാണ് നൽകുക. സൂറത്തുൽ ബഖറയുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ്, അത് പാരായണം ചെയ്യുന്നവർക്ക് ദോഷം വരുത്താൻ മാരണക്കാർക്ക് കഴിയില്ല എന്നത്.

فوائد الحديث

ഖുർആൻ പാരായണം ചെയ്യാനും അത് അധികരിപ്പിക്കാനുമുള്ള കൽപന. അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് – ഖുർആൻ പാരായണം ചെയ്യുകയും, അതിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉറച്ചുനിൽക്കുകയും, അതിലെ കൽപ്പനകൾ നിറവേറ്റുകയും വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവർക്ക് -ശുപാർശകനായി വരുന്നതാണ്.

സൂറത്തുൽ ബഖറയും ആലു ഇംറാനും പാരായണം ചെയ്യുന്നതിന്റെ ശ്രേഷ്ഠതയും അതിനുള്ള മഹത്തായ പ്രതിഫലവും.

സൂറത്തുൽ ബഖറ പാരായണം ചെയ്യുന്നതിന്റെ ശ്രേഷ്ഠതയും അതിന്റെ ആളുകളെ അത് സിഹ്റിൽ നിന്നും മാരണത്തിൽ നിന്നും സംരക്ഷിക്കുന്നുവെന്ന നേട്ടവും.

التصنيفات

ഖുർആനിലെ സൂറതുകളുടെയും ആയതുകളുടെയും ശ്രേഷ്ഠതകൾ, വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ