ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ പരസ്പരം പോരടിച്ചു. അവരിലൊരുവൾ മറ്റവളെ കല്ലുകൊണ്ടെറിഞ്ഞു. അങ്ങനെ ആ…

ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ പരസ്പരം പോരടിച്ചു. അവരിലൊരുവൾ മറ്റവളെ കല്ലുകൊണ്ടെറിഞ്ഞു. അങ്ങനെ ആ സ്ത്രീയെയും അവളുടെ വയറ്റിലുള്ള കുഞ്ഞിനെയും അവൾ കൊന്നുകളഞ്ഞു.

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ പരസ്പരം പോരടിച്ചു. അവരിലൊരുവൾ മറ്റവളെ കല്ലുകൊണ്ടെറിഞ്ഞു. അങ്ങനെ ആ സ്ത്രീയെയും അവളുടെ വയറ്റിലുള്ള കുഞ്ഞിനെയും അവൾ കൊന്നുകളഞ്ഞു. നബി (ﷺ) കുഞ്ഞിനെ കൊന്നതിന് ഒരു അടിമയെയോ അല്ലെങ്കിൽ അടിമസ്ത്രീയെയോ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ നഷ്ടപരിഹാരം (കൊന്ന സ്ത്രീ പിന്നീട് മരിച്ചുപോയപ്പോൾ) അവളുടെ ബന്ധുക്കൾ കൊടുക്കണമെന്ന് വിധിച്ചു. ഘാതകിയുടെ അനന്തര സ്വത്ത് മക്കൾക്കും കൂടെ അവകാശികളായി ഉള്ളവർക്കും കൊടുക്കുകയും ചെയ്തു. അപ്പോൾ ഹമലു ബ്നു നാബിഗ അൽ ഹുദലീ എഴുനേറ്റുനിന്ന് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങളെങ്ങനെ, തിന്നാത്ത കുടിക്കാത്ത മിണ്ടാത്ത മൊഴിയാത്ത (ജനിക്കാത്ത കുഞ്ഞിന്) കടംവീട്ടേണ്ടവരാകും? അങ്ങനെയുള്ളതിന് നഷ്ടപരിഹാരമോ? (പ്രാസമൊപ്പിച്ചുള്ള ഈ ദുർന്യായം കേട്ടപ്പോൾ) നബി (ﷺ) പറഞ്ഞു: "ഇയാൾ (മയക്കുന്ന വാക്കുകളുപയോഗിച്ച് വ്യാജങ്ങൾ പറയുന്ന) ജ്യോത്സന്മാരുടെ സഹോദരങ്ങളിലൊരുവൻ തന്നെ" അയാളുടെ പ്രാസമൊപ്പിച്ചുള്ള സംസാരം കാരണത്താലാണ് അവിടുന്ന് (ﷺ) അപ്രകാരം പറഞ്ഞത്.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

നഷ്ടപരിഹാരം