ഹേ അബൂബക്ർ! മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!

ഹേ അബൂബക്ർ! മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!

അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ (ഥൗർ) ഗുഹയിലായിരിക്കെ ബഹുദൈവാരാധകരായ മുശ്‌രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടിട്ടുണ്ട്; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ അബൂബക്ർ! മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹിജ്റയുടെ സന്ദർഭത്തിൽ നടന്ന ഒരു സംഭവം ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നു: ഞങ്ങൾ ഥൗർ ഗുഹയിലായിരിക്കെ മുശ്‌രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടു; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "അബൂബക്ർ, സഹായിക്കാനും പിന്തുണക്കാനും സംരക്ഷിക്കാനും നേർവഴിയിൽ നയിക്കാനുമെല്ലാം മൂന്നാമതായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"

فوائد الحديث

മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റയുടെ വേളയിൽ -തൻ്റെ കുടുംബവും സമ്പത്തും വിട്ടുപിരിഞ്ഞു കൊണ്ട്- നബി -ﷺ- യുടെ സഹയാത്രികനായി എന്നത് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ അതിമഹത്തരമായ ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്ന കാര്യമാണ്.

അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിന് നബി -ﷺ- യുടെ കാര്യത്തിലുണ്ടായിരുന്ന അതിയായ ശ്രദ്ധയും അവിടുത്തോടുണ്ടായിരുന്ന സ്നേഹവും, ശത്രുക്കൾ അവിടുത്തേക്ക് പ്രയാസം വരുത്തിയേക്കുമോ എന്ന ഭയവും വ്യക്തമാക്കുന്ന ഹദീഥാണിത്.

അല്ലാഹുവിൽ ഉറച്ച വിശ്വാസവും പ്രതീക്ഷയുമുണ്ടായിരിക്കുക എന്നതും, അവൻ്റെ സംരക്ഷണത്തിൽ സമാധാനം കണ്ടെത്തുക എന്നതും, ആവശ്യമായ സുരക്ഷയും പ്രതിരോധവും സ്വീകരിച്ചതിന് ശേഷം അല്ലാഹുവിൻ്റെ കാവൽ പ്രതീക്ഷിക്കുക എന്നതും നിർബന്ധമാണ്.

അല്ലാഹു അവൻ്റെ നബിമാർക്കും ഔലിയാക്കൾക്കും നൽകുന്ന സംരക്ഷണവും, അവൻ്റെ പക്കൽ നിന്നുള്ള സഹായത്താൽ അവർക്ക് നൽകുന്ന പരിചരണവും. അല്ലാഹു പറഞ്ഞതു പോലെ: "തീര്‍ച്ചയായും നാം നമ്മുടെ റസൂലുകളെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും."

അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നവന് അല്ലാഹു മതിയാകുന്നതാണ്; അവരെ അല്ലാഹു സഹായിക്കുകയും വിജയിപ്പിക്കുകയും സംരക്ഷിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നതാണ്.

നബിക്ക് -ﷺ- തൻ്റെ റബ്ബിൻ്റെ മേലുണ്ടായിരുന്ന തവക്കുൽ (ഭരമേൽപ്പിക്കൽ) അതിൻ്റെ സമ്പൂർണ്ണതയിലായിരുന്നു. എല്ലാ സന്ദർഭത്തിലും അല്ലാഹുവിൻ്റെ മേൽ കാര്യങ്ങൾ ഭരമേൽപ്പിക്കുകയും അവനെ അവലംബമാക്കുകയും ചെയ്തു കൊണ്ടായിരുന്നു അവിടുത്തെ ജീവിതം.

നബി -ﷺ- യുടെ ധൈര്യവും, അവിടുന്ന് മറ്റുള്ളവരുടെ മനസ്സിനും ഹൃദയത്തിനും സമാധാനം പകർന്നിരുന്ന രൂപവും.

ശത്രുവിനെ ഭയന്നു കൊണ്ട് തൻ്റെ ദീൻ കൊണ്ട് ഓടിരക്ഷപ്പെടുക എന്നതും, ലക്ഷ്യങ്ങൾ നേടിപ്പിടിക്കാൻ ഭൗതികമായ കാരണങ്ങൾ സ്വീകരിക്കുക എന്നതും (നബി -ﷺ- യുടെ മാതൃകയിൽ പെട്ടതാണ്).

التصنيفات

നബിചരിത്രവും ചരിത്രവും, പലായനം