ഞാൻ നിങ്ങളോട് നിരോധിച്ചത് നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾക്ക് അതിൽ സാധ്യമാകുന്നത്…

ഞാൻ നിങ്ങളോട് നിരോധിച്ചത് നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾക്ക് അതിൽ സാധ്യമാകുന്നത് പ്രാവർത്തികമാക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും, അവരുടെ നബിമാരോട് അവർ എതിരായതും മാത്രമാണ്.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ നിങ്ങളോട് നിരോധിച്ചത് നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾക്ക് അതിൽ സാധ്യമാകുന്നത് പ്രാവർത്തികമാക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും, അവരുടെ നബിമാരോട് അവർ എതിരായതും മാത്രമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- നമ്മോട് ഒരു കാര്യം വിലക്കിയാൽ അതിൽ ഒന്നും പോലും ഒഴിയാതെ എല്ലാം നാം ഉപേക്ഷിച്ചിരിക്കണമെന്ന് അവിടുന്ന് നമ്മെ അറിയിക്കുന്നു. അവിടുന്ന് ഒരു കാര്യം നമ്മോട് കൽപ്പിച്ചാലാകട്ടെ, അതിൽ നിന്ന് സാധിക്കുന്നത് ചെയ്യുക എന്നത് നമ്മുടെ മേൽ നിർബന്ധമാണ്. മുൻകഴിഞ്ഞ സമൂഹങ്ങളെ പോലെ ആയിത്തീരരുതെന്ന് അതിന് ശേഷം നബി -ﷺ- നമ്മോട് താക്കീത് ചെയ്യുന്നു. അവർ തങ്ങളുടെ നബിമാരോട് ചോദ്യങ്ങൾ അധികരിപ്പിക്കുകയും, അവരോട് എതിരാവുകയും ചെയ്തു. അപ്പോൾ അല്ലാഹു പല നിലക്കുള്ള ശിക്ഷകളിലൂടെ അവരെ നശിപ്പിക്കുകയുമുണ്ടായി. അതിനാൽ അവരെ പോലെ നാം നശിക്കാതിരിക്കണമെങ്കിൽ നാം അവരെ പോലെ ആയിത്തീരാതിരിക്കുകയാണ് വേണ്ടത്.

فوائد الحديث

* കൽപ്പനകൾ അനുസരിക്കുകയും വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യണമെന്ന കൽപ്പന.

* വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് ഒന്നും ചെയ്യാൻ ഇളവില്ല. എന്നാൽ കൽപ്പനകൾ അനുസരിക്കുന്നത് സാധ്യമാകുന്നിടത്തോളം മതിയെന്ന നിബന്ധനയുണ്ട്. കാരണം ഒരു കാര്യത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നത് ഏവർക്കും സാധിക്കുന്ന കാര്യമാണ്. എന്നാൽ കൽപ്പന നിറവേറ്റാൻ പരിശ്രമം ആവശ്യമാണ്; (അത് എല്ലാവർക്കും ഒരു പോലെ സാധിച്ചു കൊള്ളണമെന്നില്ല).

* ചോദ്യങ്ങൾ അധികരിപ്പിക്കുന്നത് ഈ ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നു. പണ്ഡിതന്മാർ ചോദ്യങ്ങളെ രണ്ടായി വിഭജിച്ചതായി കാണാം. ഒന്ന്: ദീനിൻ്റെ വിഷയങ്ങളിൽ പഠിക്കുന്നതിന് വേണ്ടി ചോദിക്കുക എന്നത്. ഈ ചോദ്യങ്ങൾ വേണ്ടകാര്യമാണ്. സ്വഹാബികളുടെ ചോദ്യങ്ങൾ ഇപ്രകാരമായിരുന്നു. രണ്ട്: കൃത്രിമത്വമുള്ളതും അനാവശ്യമായതുമായ ചോദ്യങ്ങൾ. ഇത് നിരോധിക്കപ്പെട്ട ചോദ്യങ്ങളിലാണ് ഉൾപ്പെടുക.

* മുൻകാല സമൂഹങ്ങൾ ചെയ്തതു പോലെ, തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയോട് എതിരാവുക എന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.

* വിലക്കപ്പെട്ട കാര്യം ഉപേക്ഷിക്കുക എന്നതിൽ കുറച്ചും കൂടുതലുമെല്ലാം ഉൾപ്പെടും. കാരണം ഒരു കാര്യം വെടിയുക എന്നാൽ അതിനെ പൂർണ്ണമായി - കുറച്ചും കൂടുതലുമെന്നില്ലാതെ - ഉപേക്ഷിക്കലാണ്. ഉദാഹരണത്തിന് പലിശ വിരോധിക്കപ്പെട്ടിരിക്കുന്നു. അത് കുറച്ചും കൂടുതലുമൊന്നും പാടില്ല.

* നിഷിദ്ധമായ കാര്യത്തിലേക്ക് നയിക്കുന്ന വഴികളും ഉപേക്ഷിക്കണം. കാരണം തിന്മ വെടിയുക എന്നതിൻ്റെ ഉദ്ദേശത്തിൽ അതും ഉൾപ്പെടുന്നതാണ്.

* 'നിങ്ങൾക്ക് സാധ്യമാകുന്നത് പ്രാവർത്തികമാക്കുക' എന്ന് പറഞ്ഞതിൽ നിന്ന് മനുഷ്യന് പ്രവർത്തിക്കാനുള്ള കഴിവും ശേഷിയുമുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിൻ്റെ വിധിപ്രകാരം മനുഷ്യൻ ചലിക്കാൻ നിർബന്ധിതനാണ്; അവന് പ്രവർത്തിക്കാനുള്ള ശേഷിയില്ല എന്ന ജബരിയ്യഃ കക്ഷിയുടെ വാദത്തിന് അതിൽ മറുപടിയുണ്ട്. മനുഷ്യൻ അവൻ്റെ പ്രവർത്തനങ്ങളെല്ലാം നിർബന്ധിതനായി പ്രവർത്തിക്കുന്നതാണ്; ഒരാൾ തൻ്റെ സംസാരവേളയിൽ കൈ ചലിപ്പിക്കുന്നത് പോലും അവൻ്റെ കഴിവിനാലല്ല; മറിച്ച് നിർബന്ധിതനായി കൊണ്ടാണ് എന്നാണ് അവരുടെ വാദം. ഈ ചിന്താഗതി തീർത്തും പിഴച്ചതാണ് എന്നതിലും, അത് സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ഗുരുതരമാണ് എന്നതിലും യാതൊരു സംശയവുമില്ല.

* നബി -ﷺ- യുടെ കൽപ്പന കേട്ടുകഴിഞ്ഞാൽ 'അത് നിർബന്ധമാണോ അതല്ല സുന്നത്താണോ' എന്ന് ചോദിക്കുന്നത് ഒരു മുസ്ലിമിന് അനുയോജ്യമല്ല. കാരണം നബി -ﷺ- പറഞ്ഞത്: "ഞാനൊരു കാര്യം കൽപ്പിച്ചാൽ അത് സാധ്യമാകുന്നിടത്തോളം പ്രവർത്തിക്കുക" എന്നാണ്.

* നബി -ﷺ- കൽപ്പിച്ചതും വിരോധിച്ചതുമായ കാര്യങ്ങളെല്ലാം മതനിയമങ്ങളിൽ പെട്ടതാണ്. അത് ഖുർആനിലുള്ളതായാലും, അല്ലാത്തതായാലും അതിൽ വ്യത്യാസമില്ല. ഖുർആനിൽ വന്നിട്ടില്ലാത്ത കൽപ്പനയോ വിലക്കോ ഹദീഥിൽ വന്നാൽ അത് പ്രാവർത്തികമാക്കപ്പെടേണ്ടതാണ്.

* ചോദ്യങ്ങൾ അധികരിപ്പിക്കുക എന്നത് നാശത്തിന് കാരണമാകും. പ്രത്യേകിച്ച് ഒരാൾക്ക് മനസ്സിലാക്കാൻ കഴിയാത്ത വിഷയങ്ങൾ; അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങൾ, ഖിയാമത്ത് നാളിലെ അവസ്ഥകൾ പോലുള്ള അദൃശ്യജ്ഞാനങ്ങളിൽ പെട്ട വിഷയങ്ങൾ ഉദാഹരണം. അത്തരം കാര്യങ്ങളിൽ നീ ചോദ്യങ്ങൾ അധികരിപ്പിക്കരുത്; അത് നാശത്തിന് കാരണമാവുകയും, നീ അനാവശ്യമായ ചൂഴ്ന്നന്വേഷണം നടത്തുന്നവരിൽ പെടുകയും ചെയ്യും.

* മുൻകഴിഞ്ഞ സമൂഹങ്ങൾ നശിച്ചത് ചോദ്യങ്ങൾ അധികരിപ്പിച്ചതിനാലും, അവരുടെ നബിമാരോട് ധാരാളമായി എതിരായതിനാലുമാണ്.

التصنيفات

പദസൂചനകളും, അവയിൽ നിന്ന് വിധികൾ ഗ്രഹിച്ചെടുക്കേണ്ടതിൻ്റെ രൂപവും, (ഇസ്ലാമിക) മതനിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ, മുൻകാല സമൂഹത്തിൻ്റെ ചരിത്രങ്ങളും സ്ഥിതിവിവരണങ്ങളും