അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ മുസ്‌ലിംകളിൽ ഏതെങ്കിലും ഒരാളെ ഞാൻ ചീത്ത പറയുകയോ, ശപിക്കുകയോ,…

അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ മുസ്‌ലിംകളിൽ ഏതെങ്കിലും ഒരാളെ ഞാൻ ചീത്ത പറയുകയോ, ശപിക്കുകയോ, അടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അയാൾക്ക് (പാപങ്ങളിൽ നിന്നുള്ള) ശുദ്ധീകരണവും (നിൻ്റെ പക്കൽ നിന്നുള്ള) കാരുണ്യവും ആക്കി നിശ്ചയിക്കേണമേ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: «അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ മുസ്‌ലിംകളിൽ ഏതെങ്കിലും ഒരാളെ ഞാൻ ചീത്ത പറയുകയോ, ശപിക്കുകയോ, അടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അയാൾക്ക് (പാപങ്ങളിൽ നിന്നുള്ള) ശുദ്ധീകരണവും (നിൻ്റെ പക്കൽ നിന്നുള്ള) കാരുണ്യവും ആക്കി നിശ്ചയിക്കേണമേ.»

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഹദീഥിൽ വിവരിക്കപ്പെട്ട നബി -ﷺ- യുടെ പ്രാർത്ഥനയുടെ ഉദ്ദേശ്യം ഇപ്രകാരമാണ്: "അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. മനുഷ്യർക്ക് ദേഷ്യം വരുന്നത് പോലെ എനിക്കും ദേഷ്യം വരും. അതിനാൽ ഏതെങ്കിലും ഒരു വിശ്വാസിയെ ഞാൻ വേദനിപ്പിക്കുകയോ, ശകാരിക്കുകയോ, ചീത്ത പറയുകയോ, ശപിക്കുകയോ -അഥവാ നിൻ്റെ കാരുണ്യത്തിൽ നിന്ന് അവനെ അകറ്റിനിർത്താൻ പ്രാർത്ഥിക്കുകയോ-, അല്ലെങ്കിൽ അവനെ അടിക്കുകയോ പ്രഹരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അവന് (പാപങ്ങളിൽ നിന്നുള്ള) ശുദ്ധീകരണവും, (നിന്നിലേക്ക്) അടുപ്പിക്കുന്ന നന്മയുയും, അവൻ്റെ പാപത്തിനുള്ള പ്രായശ്ചിത്തവും, നീ അവന് നൽകുന്ന കാരുണ്യവുമായി മാറ്റേണമേ."

فوائد الحديث

നബി -ﷺ- യുടെ സ്വഭാവമഹിമയുടെ വലിപ്പം.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറഞ്ഞു: "നബി -ﷺ- ക്ക് തൻ്റെ സമുദായത്തോടുള്ള കാരുണ്യത്തിൻ്റെ പൂർണ്ണതയും, അവിടുത്തെ സ്വഭാവഗുണത്തിൻ്റെ ഭംഗിയും, വ്യക്തിത്വത്തിൻ്റെ മഹത്വവും ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. കാരണം, തന്നിൽ നിന്നും സംഭവിച്ചുപോയ (വിഷമകരമായ) കാര്യങ്ങൾക്ക് പകരമായി അവർക്ക് (അല്ലാഹുവിൽ നിന്നുള്ള) ആശ്വാസവും ആദരവും ലഭിക്കാൻ അവിടുന്ന് ആഗ്രഹിച്ചു."

ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ശാപത്തിനോ ശകാരത്തിനോ അർഹതയില്ലാത്ത ഒരാൾക്കെതിരെ നബി -ﷺ- എങ്ങനെ പ്രാർത്ഥിക്കും എന്ന ചോദ്യത്തിന് പണ്ഡിതന്മാർ നൽകിയ മറുപടിയുടെ ചുരുക്കം രണ്ട് വിധത്തിലാണ്:

ഒന്നാമത്തേത്: നബി (സ) യുടെ ശകാരത്തിന് അർഹതയുള പ്രവർത്തനം അയാൾ ബാഹ്യമായി ചെയ്തിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ അയാൾ തെറ്റിന് അർഹതയുള്ളവനല്ല; അല്ലാഹുവിന് അവൻ്റെ ബാഹ്യമായ അവസ്ഥ അറിയുന്നതിനാൽ അവൻ അല്ലാഹുവിങ്കലും തെറ്റുകാരനല്ല. എന്നാൽ ബാഹ്യമായി അയാൾ അതിന് അർഹനാണെന്ന് തോന്നുന്ന വിധത്തിലുള്ള പ്രവർത്തി അയാളിൽ നിന്ന് സംഭവിച്ചത് കൊണ്ട് മാത്രമാണ് നബി (സ) യെ അയാളെ ആക്ഷേപിച്ചത്. വ്യക്തികളിൽ നിന്ന് പ്രകടമാകുന്ന ബാഹ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ വിധിക്കാനാണ് നബി (സ) യോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അവരുടെ മനസ്സിലുള്ള രഹസ്യങ്ങളും മറ്റും അല്ലാഹുവാണ് കൈകാര്യം ചെയ്യുന്നത്.

രണ്ടാമത്തേത്: അവിടുന്ന് ശപിച്ചതും പ്രാർത്ഥിച്ചതുമെല്ലാം യഥാർത്ഥ ഉദ്ദേശ്യത്തോടുകൂടിയല്ല; മറിച്ച്, അറബികൾ സംസാരത്തിനിടയിൽ ഉദ്ദേശ്യമില്ലാതെ പറഞ്ഞുപോകാറുള്ള വാക്കുകളിൽ പെട്ടതാണ് അത്തരം പ്രയോഗങ്ങൾ. അത് അവരുടെ ശൈലിയിൽ പെട്ടത് മാത്രമാണ്. ഉദാഹരണത്തിന് 'നിൻ്റെ കൈകളിൽ മണ്ണ് പുരളട്ടെ!', 'അവന് വന്ധ്യതയുണ്ടാകട്ടെ', 'നിനക്ക് പ്രായമേറാതിരിക്കട്ടെ' തുടങ്ങിയ പ്രയോഗങ്ങൾ ഇതിന് ഉദാഹരണമാണ്.

മുആവിയ -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥിൽ 'അല്ലാഹു അവൻ്റെ വയറ് നിറക്കാതിരിക്കട്ടെ' എന്ന് നബി (സ) പറഞ്ഞതും ഇതിൽ പെട്ടതാണ്. ഇത്തരം വാക്കുകളിലൊന്നും അവർ യഥാർത്ഥ പ്രാർത്ഥനയോ അർത്ഥമോ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇത്തരം വാക്കുകൾ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയവുമായി യോജിച്ചുപോകുമോ എന്ന് നബി -ﷺ- ഭയപ്പെട്ടു. അതിനാൽ, അത്തരം വാക്കുകളെ അവർക്ക് കാരുണ്യവും, പാപമോചനവും, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന നന്മയും, പ്രതിഫലവുമായി മാറ്റാൻ അവിടുന്ന് റബ്ബിനോട് ആവശ്യപ്പെട്ടു. നബി (സ) യാകട്ടെ, വളരെ അപൂർവ്വമായിട്ടാണ് ഇത്തരം വാക്കുകൾ പറഞ്ഞിട്ടുള്ളത്. നബി -ﷺ- അശ്ലീലം പറയുന്നവരോ, ശപിക്കുന്നവരോ, സ്വന്തത്തിന് വേണ്ടി പ്രതികാരം ചെയ്യുന്നവരോ ആയിരുന്നില്ല."

التصنيفات

നബി -ﷺ- യുടെ സ്വഭാവപരമായ വിശേഷണങ്ങൾ