എൻ്റെ ഉമ്മത്തിലെ ഒരു വിഭാഗമാളുകൾ വിജയികളായി കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ…

എൻ്റെ ഉമ്മത്തിലെ ഒരു വിഭാഗമാളുകൾ വിജയികളായി കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവർ വിജയികളായി ഉണ്ടായിരിക്കും

മുഗീറതു ബ്നു ശുഅ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിലെ ഒരു വിഭാഗമാളുകൾ വിജയികളായി കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവർ വിജയികളായി ഉണ്ടായിരിക്കും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

തൻ്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗമാളുകൾ ജനങ്ങൾക്ക് മേൽ എന്നും വിജയികളായി നിലകൊള്ളുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവരെ എതിർക്കുന്നവർക്ക് മേൽ എന്നും ഈ വിഭാഗത്തിനായിരിക്കും വിജയമുണ്ടായിരിക്കുക. അവസാനകാലഘട്ടം എത്തുകയും, അന്ത്യനാൾ സംഭവിക്കുന്നതിന് മുൻപ് അവരുടെ ആത്മാക്കൾ പിടികൂടാനുള്ള അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുകയും ചെയ്യുന്നത് വരെ ഇക്കാര്യത്തിൽ മാറ്റമുണ്ടാവുകയില്ല.

فوائد الحديث

അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അത്ഭുതകരമായ ദൃഷ്ടാന്തം ഈ ഹദീഥിലുണ്ട്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ കാലഘട്ടം മുതൽ ഈ കാലം വരെ അവിടുന്ന് പറഞ്ഞതു പോലെത്തന്നെയാണ് സ്ഥിതി. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നതു വരെ അക്കാര്യം തുടരും എന്ന് ഹദീഥിൽ പറഞ്ഞതിലും മാറ്റമുണ്ടാകുന്നതല്ല.

സത്യത്തിൻ്റെ മേൽ ഉറച്ചു നിലകൊള്ളുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനുള്ള ശ്രേഷ്ഠതയും അതിനുള്ള പ്രേരണയും പ്രോത്സാഹനവും.

അല്ലാഹുവിൻ്റെ ദീനിന് നൽകപ്പെടുന്ന വിജയം രണ്ട് രൂപത്തിലായിരിക്കും. ഒന്നല്ലെങ്കിൽ തെളിവുകളും വിശദീകരണവും വ്യക്തതയും കൊണ്ടുള്ള വിജയം. അല്ലെങ്കിൽ ശക്തിയും ആയുധവും കൊണ്ടുള്ള വിജയം. പ്രമാണം കൊണ്ടുള്ള വിജയം എല്ലാകാലവും നിലനിൽക്കുന്നതാണ്. കാരണം ഇസ്‌ലാമിൻ്റെ പ്രമാണം വിശുദ്ധ ഖുർആനാണ്. അത് എല്ലാത്തിൻ്റെയും മേൽ വിജയിച്ചു നിലകൊള്ളുന്നതും മറ്റെല്ലാത്തിനെയും കവച്ചു വെക്കുന്നതുമാണ്.

എന്നാൽ രണ്ടാമത്തെ വിജയം; ശക്തിയും ആയുധവും കൊണ്ടുള്ള ഈ വിജയം ഹൃദയങ്ങളിലെ ഈമാനിൻ്റെ ശക്തിയുടെയും ഭൂമിയിൽ അല്ലാഹു നൽകുന്ന അധികാരത്തിൻ്റെയും തോതനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.