അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു

അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു

ബറാഅ് ബ്നു ആസിബ് (رضي الله عنه) നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു. രോഗിയെ സന്ദർശിക്കാനും ജനാസയെ പിന്തുടരുവാനും തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കാനും പ്രതിജ്ഞ ചെയ്ത കാര്യങ്ങൾ നിറവേറ്റാനും മർദ്ദിതനെ സഹായിക്കാനും ക്ഷണം സ്വീകരിക്കാനും സലാം പ്രചരിപ്പിക്കുവാനും അവിടുന്ന് (ﷺ) ഞങ്ങളോട് കൽപിച്ചു. സ്വർണമോതിരം ധരിക്കുന്നതും വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നതും മയാഥിർ, ഖസിയ്യ് എന്നിവ ഉപയോഗിക്കുന്നതും, പട്ടുവസ്ത്രം, ഇസ്തബ്റഖ്, ദീബാജ് എന്നിവ ധരിക്കുന്നതും നബി ഞങ്ങളോട് വിരോധിച്ചു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകളോട് നബി (ﷺ) ഏഴ് കാര്യങ്ങൾ കൽപ്പിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു; അവരോട് കൽപ്പിച്ച കാര്യങ്ങൾ ഇനി പറയുന്നവയാണ്: 1- രോഗിയെ സന്ദർശിക്കൽ. 2- ജനാസഃയെ പിന്തുടരുകയും, മരിച്ച വ്യക്തിക്ക് വേണ്ടി മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുകയും, മയ്യിത്ത് മറവ് ചെയ്യുകയും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യൽ. 3- തുമ്മിയ ശേഷം 'അൽഹംദുലില്ലാഹ്' എന്ന് പറഞ്ഞ വ്യക്തിക്ക് വേണ്ടി 'നിനക്ക് അല്ലാഹു കരുണ ചൊരിയട്ടെ' എന്ന തശ്മീതിൻ്റെ പ്രാർത്ഥന നിർവ്വഹിക്കൽ. 4- ശപഥങ്ങൾ പ്രാവർത്തികമാക്കാനും യാഥാർത്ഥ്യമാക്കാനും. ഒരാൾ ഒരു കാര്യം ശപഥം ചെയ്തു പറഞ്ഞു; അത് നിറവേറ്റി നൽകാൻ നിനക്ക് സാധിക്കുമെങ്കിൽ ആ ശപഥം നിറവേറ്റാൻ അവനെ സഹായിക്കുക; ശപഥം ലംഘിച്ചതിൻ്റെ പ്രായശ്ചിത്തം (കഫ്ഫാറത്ത്) നൽകുന്നതിലേക്ക് അവനെ കൊണ്ടു ചെന്നെത്തിക്കാതിരിക്കാൻ അതാണ് വേണ്ടത്. 5- മർദിതനെ സഹായിക്കുക; അവന് പിൻബലം നൽകിക്കൊണ്ടും അതിക്രമിയെ അവനിൽ നിന്ന് സാധ്യമായ വിധത്തിൽ തടഞ്ഞു കൊണ്ടും പ്രതിരോധിച്ചു കൊണ്ടും (അവനെ സഹായിക്കുക). 6- വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടാൽ അതിന് ഉത്തരം നൽകുക; വിവാഹ സൽക്കാരമോ, അഖീഖത്തിൻ്റെ വിരുന്നോ മറ്റോ പോലുള്ളവ ഉദാഹരണം. 7- സലാം പറയുന്നത് വ്യാപിപ്പിക്കുകയും, സലാം പറയപ്പെട്ടാൽ അതിന് മറുപടി നൽകുകയും ചെയ്യുക. നബി (ﷺ) മുസ്‌ലിംകളെ വിലക്കിയ ഏഴ് കാര്യങ്ങൾ ഇനി പറയുന്നവയാണ്: ഒന്ന്: സ്വർണ്ണത്തിൻ്റെ മോതിരം ധരിക്കുകയോ സ്വർണാഭരണങ്ങൾ അണിയുകയോ ചെയ്യുന്നത്. 2- വെള്ളിയുടെ പാത്രങ്ങളിൽ കുടിക്കുന്നത്. 3- കുതിരകളുടെയും ഒട്ടകക്കട്ടിലിൻ്റെയും പുറത്ത് വിരിക്കാറുള്ള പട്ട് കൊണ്ടുള്ള മയാഥിറുകളിൽ ഇരിക്കുന്നത്. 4- പട്ട് കലർത്തിയ തുണിയിൽ നിർമിച്ച വസ്ത്രം ധരിക്കുന്നത്. ഖസ്സിയ്യ് എന്നാണ് ഈയിനം തുണിക്ക് അറബിയിൽ പറയുക. 5- പട്ടുവസ്ത്രം ധരിക്കുന്നത്. 6- കട്ടിയുള്ള പട്ട് (ഇസ്തബ്റഖ്) ധരിക്കുന്നത്. 7- ഏറ്റവും വിലകൂടിയതും മൂല്യമേറിയതുമായ ദീബാജീ പട്ട് വസ്ത്രം ധരിക്കുന്നത്.

فوائد الحديث

ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ചില ബാധ്യതകൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണപ്പെടുന്ന എല്ലാ കൽപ്പനകളും വിലക്കുകളും പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകമാണെന്നതാണ് പൊതു അടിത്തറ; എന്നാൽ പുരുഷന്മാർക്കോ സ്ത്രീകൾക്കോ പ്രത്യേകം ബാധകമാണെന്ന് വ്യക്തമായി വിവരിക്കപ്പെട്ടവ അതിൽ നിന്ന് ഒഴിവാണ്.

ജനാസഃയെ പിന്തുടരുന്നത് സ്ത്രീകൾക്ക് വിലക്കപ്പെട്ട കാര്യമാണെന്ന് മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്.

സ്വർണവും പട്ടും സ്ത്രീക്ക് അനുവദനീയമാണെന്ന് അറിയിക്കുന്ന ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്.

التصنيفات

മതപരമായ മര്യാദകൾ, മയ്യിതിനെ വഹിക്കലും മറമാടലും