നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ)…

നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: അത്വാഅ് ബ്നു അബീ റബാഹിനോട് അദ്ദേഹം പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചു തരട്ടെയോ?!" അദ്ദേഹം പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് അവൾ വന്നു കൊണ്ട് പറഞ്ഞു: "എനിക്ക് അപസ്മാരം ബാധിക്കുകയും എൻ്റെ വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യുന്നു. അതിനാൽ എനിക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അവൾ പറഞ്ഞു: "ഞാൻ ക്ഷമിച്ചു കൊള്ളാം. എന്നാൽ എൻ്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്; എൻ്റെ നഗ്നത വെളിപ്പെടാതിരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ഒരിക്കൽ അത്വാഅ് ബ്നു അബീ റബാഹിനോട് പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചു തരട്ടെയോ?!" അത്വാഅ് പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് പറഞ്ഞു: "അബ്സീനിയക്കാരിയായ ഈ കറുത്ത സ്ത്രീയാണത്. അവൾ ഒരിക്കൽ നബി -ﷺ- യുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു: എന്നെ ബാധിച്ച ഒരു രോഗം കാരണത്താൽ എനിക്ക് അപസ്മാരം പിടിപെടാറുണ്ട്. അങ്ങനെ എൻ്റെ വസ്ത്രം നീങ്ങുകയും ഞാനറിയാതെ എൻ്റെ ശരീരത്തിൽ നിന്ന് വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യാറുണ്ട്. അതിനാൽ എൻ്റെ അസുഖം ഭേദമാക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ഈ പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുക; എങ്കിൽ നിനക്ക് സ്വർഗമുണ്ടായിരിക്കും. ഇനി ഞാൻ പ്രാർത്ഥിക്കണമെന്നാണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ നിൻ്റെ അസുഖം സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അപ്പോൾ ആ സ്ത്രീ പറഞ്ഞു: "എങ്കിൽ ഞാൻ ക്ഷമിച്ചു കൊള്ളാം." ശേഷം അവൾ പറഞ്ഞു: "എങ്കിൽ അപസ്മാരം ബാധിക്കുമ്പോൾ എൻ്റെ വസ്ത്രം നീങ്ങിപ്പോകാതിരിക്കാൻ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി അക്കാര്യം അല്ലാഹുവിനോട് പ്രാർത്ഥിച്ചു.

فوائد الحديث

ഇഹലോകത്ത് ബാധിക്കുന്ന പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നത് സ്വർഗം ലഭിക്കാൻ കാരണമാകുന്ന പ്രവർത്തിയാണ്.

നവവി -رَحِمَهُ اللَّهُ- പറയുന്നു: അപസ്മാരം ബാധിച്ചവർക്ക് ഏറ്റവും സമ്പൂർണ്ണമായ പ്രതിഫലം ലഭിക്കുന്നതാണെന്നതിന് ഈ ഹദീഥ് തെളിവാണ്.

സ്വഹാബീ വനിതകൾക്കുണ്ടായിരുന്ന വിശുദ്ധിയും ലജ്ജയും, തങ്ങളുടെ ശരീരം മറക്കുന്നതിൽ അവർക്കുണ്ടായിരുന്ന ശ്രദ്ധയും. അല്ലാഹു അവരെ തൃപ്തിപ്പെടുമാറാകട്ടെ! തൻ്റെ ശരീരത്തിൽ നിന്ന് എന്തെങ്കിലും പുറത്തേക്ക് കാണപ്പെടുമോ എന്നതായിരുന്നു ആ സ്ത്രീക്കുണ്ടായിരുന്ന ഏറ്റവും വലിയ ഭയം.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറഞ്ഞു: "ഒരാൾക്ക് പ്രയാസകരമായ കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളാൻ സാധിക്കുമെന്നും, അത്തരം ഘട്ടങ്ങളിൽ ദീൻ കണിശമായി പാലിക്കുമെന്നും ഉറപ്പുണ്ടെങ്കിൽ പ്രയാസകരമായ വഴി സ്വീകരിക്കുന്നതാണ് ഇളവുകൾ സ്വീകരിക്കുന്നതിനേക്കാൾ ഉത്തമം."

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "പ്രാർത്ഥനയും ദുആയും അല്ലാഹുവിനോട് തേടുന്നതും എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സയാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഏറ്റവും ഫലപ്രദമായ മരുന്നു കൂട്ടുകളേക്കാൾ ഫലപ്രദവും പ്രയോജനകരവുമാണ് ആത്മാർത്ഥമായ ദുആകൾ. ഭൗതികമായ മരുന്നുകളേക്കാൾ ശരീരം പ്രാർത്ഥനകളോട് പ്രതികരിക്കുന്നതാണ്. എന്നാൽ പ്രാർത്ഥനകൾ വിജയിക്കാൻ രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന്: രോഗിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്; സത്യസന്ധമായ ഉദ്ദേശ്യമാണ് അവൻ്റെ ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ടത് എന്നതാണത്. രണ്ടാമത്തേത് ചികിത്സകൻ്റെ ഭാഗത്ത് നിന്നുള്ളതാണ്; അല്ലാഹുവിനോടുള്ള സൂക്ഷ്മതയിലും ഭരമേൽപ്പിക്കലിലും അവൻ്റെ ഹൃദയത്തിനുള്ള ശക്തിയും ബോധ്യവുമാണത്."

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ചികിത്സ ഉപേക്ഷിക്കുന്നത് അനുവദനീയമാണ് എന്നതിന് ഈ ഹദീഥ് തെളിവാണ്."

التصنيفات

ഖളാഇലും ഖദ്റിലുമുള്ള വിശ്വാസം, മരുന്നും ചികിത്സയും മതപരമായ മന്ത്രവും, സ്ത്രീകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ