വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം…

വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ."

[അതിന്റെ പരമ്പര സഹീഹാകുന്നു] [അബ്ദുറസാഖ് ഉദ്ധരിച്ചത്]

الشرح

വൻപാപങ്ങളിൽ ഉൾപ്പെടുന്ന ചില തിന്മകളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്നതിലോ, അവനെ മാത്രമേ ആരാധിക്കാവൂ എന്നതിലോ അല്ലാഹുവിന് പങ്കാളിയെ നിശ്ചയിക്കലാണ് (ഒന്നാമത്തേത്). ഏറ്റവും ഗുരുതരമായ തിന്മ ഇതാണ് എന്നതു കൊണ്ട് ആദ്യം അതിനെ കുറിച്ച് അവിടുന്ന് പറഞ്ഞു. അല്ലാഹു ഒരാൾക്ക് അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുകയും, അങ്ങനെ അവൻ (അല്ലാഹുവിനെ കുറിച്ച്) അശ്രദ്ധയിലായിരിക്കെ അവനെ അല്ലാഹു പിടികൂടുകയും ചെയ്യുമോ എന്ന ഭയം ഇല്ലാതിരിക്കലാണ് (രണ്ടാമത്തേത്). അല്ലാഹുവിലുള്ള പ്രതീക്ഷയും ആഗ്രഹവും ഇല്ലാതാവുക എന്നതാണ് (മൂന്നും നാലും). അല്ലാഹുവിനെ കുറിച്ചുള്ള മോശം വിചാരവും, അവന്റെ കാരുണ്യത്തിന്റെ വിശാലതയെ കുറിച്ചുള്ള അജ്ഞതയുമാണ് അവനെ ആ തിന്മയിലേക്ക് നയിച്ചത്. ഈ ഹദീഥിൽ വൻപാപങ്ങൾ മുഴുവനും പറഞ്ഞിട്ടില്ല. കാരണം വൻപാപങ്ങൾ ധാരാളം വേറെയുമുണ്ട്; അവയിൽ ഏറ്റവും വലിയവ ഏതെല്ലാമാണെന്ന് വിശദീകരിക്കലാണ് ഈ ഹദീഥിന്റെ ഉദ്ദേശം.

فوائد الحديث

* തിന്മകൾ വൻപാപങ്ങളെന്നും ചെറുപാപങ്ങളെന്നും രണ്ട് ഇനങ്ങളുണ്ട്.

* തിന്മകളിൽ ഏറ്റവും ഗുരുതരമായതും, ഏറ്റവും വലിയ വൻപാപവും ശിർക്കാകുന്നു.

* അല്ലാഹുവിന്റെ തന്ത്രത്തിൽ നിന്ന് നിർഭയനാവുക എന്നതും, അവന്റെ കാരുണ്യത്തിൽ നിന്ന് നിരാശനാവുക എന്നതും നിഷിദ്ധമാകുന്നു. അവ വൻപാപങ്ങളിൽ തന്നെ ഏറ്റവും വലിയ തിന്മയാകുന്നു.

* കുതന്ത്രം പ്രവർത്തിക്കുന്നവർക്കെതിരെ അല്ലാഹു തന്ത്രം മെനയുന്നുണ്ട് എന്ന് അല്ലാഹുവിനെ കുറിച്ച് വിശേഷിപ്പിക്കുന്നത് അനുവദനീയമാണ്. അത് പൂർണ്ണതയുടെ വിശേഷണവുമാണ്. തന്ത്രത്തിൽ പെടാൻ അർഹതയില്ലാത്തവർക്കെതിരെ തന്ത്രം മെനയുക എന്നതാണ് മോശം വിശേഷണമാവുക.

* മനുഷ്യൻ ഭയത്തിനും പ്രതീക്ഷക്കും ഇടയിലായിരിക്കണം ഉണ്ടാകേണ്ടത്. അല്ലാഹുവിനെ ഭയപ്പെടുന്നത് നിരാശയിലേക്ക് മാറിപ്പോകരുത്. അല്ലാഹുവിലുള്ള പ്രതീക്ഷ അവന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വമുണ്ടാക്കുകയുമരുത്.

* അല്ലാഹുവിന്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ കാരുണ്യം എന്ന വിശേഷണം അവനുണ്ട് എന്ന് സ്ഥിരീകരിക്കണം.

* അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുണ്ടായിരിക്കുക എന്നത് നിർബന്ധമാണ്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം