സ്വർഗത്തിൽ ഒരു അങ്ങാടിയുണ്ട്; സ്വർഗവാസികൾ അവിടെ എല്ലാ വെള്ളിയാഴ്ച്ചയും വന്നെത്തുന്നതാണ്

സ്വർഗത്തിൽ ഒരു അങ്ങാടിയുണ്ട്; സ്വർഗവാസികൾ അവിടെ എല്ലാ വെള്ളിയാഴ്ച്ചയും വന്നെത്തുന്നതാണ്

അനസു ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "സ്വർഗത്തിൽ ഒരു അങ്ങാടിയുണ്ട്; സ്വർഗവാസികൾ അവിടെ എല്ലാ വെള്ളിയാഴ്ച്ചയും വന്നെത്തുന്നതാണ്. അപ്പോൾ വടക്ക് നിന്നൊരു കാറ്റ് വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും തലോടുകയും ചെയ്യും. അതോടെ അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിക്കും. അങ്ങനെ അവർ തങ്ങളുടെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലും; അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ടായിരിക്കും. അവരുടെ വീട്ടുകാർ അവരോട് പറയും: "അല്ലാഹു തന്നെ സത്യം! നിങ്ങൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയതിന് ശേഷം നിങ്ങളുടെ ഭംഗിയും മനോഹാരിതയും അധികരിച്ചിരിക്കുന്നല്ലോ!?" അപ്പോൾ അവർ പറയും: അല്ലാഹു സത്യം! നിങ്ങളുടെയും ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ട്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സ്വർഗത്തിൽ ജനങ്ങൾ ഒരുമിച്ചു കൂടുന്ന ഒരു സ്ഥലമുണ്ട് എന്ന് നബി (ﷺ) അറിയിക്കുന്നു; അവിടെ വിൽക്കലും വാങ്ങലുമുണ്ടാവുകയില്ല. മറിച്ച്, അവർക്ക് ആഗ്രഹമുള്ളതെല്ലാം അവിടെ നിന്ന് എടുക്കാൻ കഴിയും. ഓരോ ആഴ്ച്ചയിലും ഒരു തവണ അവരവിടെ വന്നെത്തും. അപ്പോൾ വടക്ക് നിന്നുള്ള ഒരു കാറ്റ് അടിച്ചു വീശുകയും, അതവരുടെ മുഖങ്ങളെയും വസ്ത്രങ്ങളെയും തഴുകി കടന്നു പോവുകയും ചെയ്യും. അതോടെ അവരുടെ ഭംഗിയും മനോഹാരിതയും അധികരിക്കുകയും, അവർ വർദ്ധിച്ച സൗന്ദര്യവുമായി തങ്ങളുടെ വീട്ടുകാരുടെ അടുത്തേക്ക് തിരിച്ചു മടങ്ങുകയും ചെയ്യും. അതിനിടയിൽ വീട്ടുകാരുടെയും ഭംഗിയും സൗന്ദര്യവും വർധിച്ചിട്ടുണ്ടായിരിക്കും. അപ്പോൾ ആ വീട്ടുകാർ അവരോട് പറയും: "അല്ലാഹു സത്യം! നിങ്ങൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയതിന് ശേഷം നിങ്ങളുടെ ഭംഗിയും മനോഹാരിതയും അധികരിച്ചിരിക്കുന്നല്ലോ!?" അപ്പോൾ അവർ പറയും: അല്ലാഹു സത്യം! ഞങ്ങൾ പോയതിന് ശേഷം നിങ്ങളുടെയും ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ട്."

فوائد الحديث

സ്വർഗവാസികളുടെ ഭംഗിയും സൗന്ദര്യവും അധികരിച്ചു കൊണ്ടേയിരിക്കുന്നതാണ്.

സൽകർമങ്ങൾ

പ്രവർത്തിച്ചു കൊണ്ട് അല്ലാഹുവിൻ്റെ സ്വർഗത്തിലേക്ക് എത്തിച്ചേരണമെന്ന ആഗ്രഹം മനുഷ്യനിൽ അനിവാര്യമായും ഉണ്ടാക്കിയിരിക്കേണ്ട ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്.

ഹദീഥിൽ വടക്കൻ കാറ്റ് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്; അറബികൾക്ക് ഏറ്റവും പ്രയോജനം ചെയ്തിരുന്ന കാറ്റായിരുന്നു അത് എന്നതിനാലാണ്. ധാരാളം നന്മകളും മഴയുമൊക്കെയായി വന്നെത്താറുള്ള കാറ്റായിരുന്നു അത്.

സ്വർഗത്തെ കുറിച്ചും അതിൻ്റെ അനുഗ്രഹങ്ങളെ കുറിച്ചും വിവരിച്ചു കൊണ്ട് അല്ലാഹുവിലേക്ക് ക്ഷണിക്കാനുള്ള പ്രോത്സാഹനം.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ