തീർച്ചയായും അല്ലാഹു അവൾക്ക് അക്കാരണത്താൽ സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു; അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ…

തീർച്ചയായും അല്ലാഹു അവൾക്ക് അക്കാരണത്താൽ സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു; അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ അക്കാരണത്താൽ മോചിപ്പിച്ചിരിക്കുന്നു

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കൽ ദരിദ്രയായ ഒരു സ്ത്രീ എൻ്റെ അരികിൽ അവളുടെ രണ്ട് പെൺകുട്ടികളെയും വഹിച്ചു കൊണ്ട് വന്നു. ഞാൻ അവൾക്ക് മൂന്ന് ഈത്തപ്പഴങ്ങൾ കൊടുത്തു. അപ്പോൾ അവൾ അതിൽ നിന്ന് ഓരോ ഈത്തപ്പഴം വീതം തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ (ബാക്കിയുള്ള) ഈത്തപ്പഴം ഭക്ഷിക്കാനായി തൻ്റെ വായിലേക്ക് ഉയർത്തി; അപ്പോൾ അവളുടെ രണ്ട് കുട്ടികളും ഭക്ഷിക്കാനായി അത് അവളോട് ആവശ്യപ്പെട്ടു; അവൾ താൻ ഭക്ഷിക്കാൻ ഉദ്ദേശിച്ച ആ ഈത്തപ്പഴം രണ്ടായി പിളർത്തി അവർക്ക് രണ്ടു പേർക്കും വീതം വെച്ചു നൽകി. അവളുടെ ഈ പ്രവർത്തി എന്നെ ഏറെ വിസ്മയിപ്പിച്ചു. അക്കാര്യം നബി -ﷺ- യോട് ഞാൻ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും അല്ലാഹു അവൾക്ക് അക്കാരണത്താൽ സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു; അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ അക്കാരണത്താൽ മോചിപ്പിച്ചിരിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- ഒരു ദരിദ്രയായ സ്ത്രീ തൻ്റെ രണ്ട് പെൺമക്കളെയും വഹിച്ചു കൊണ്ട് അവരുടെ അടുത്ത് വരികയും, തൻ്റെ ആവശ്യം പറയുകയും ചെയ്തപ്പോൾ അവർക്ക് മൂന്ന് ഈത്തപ്പഴങ്ങൾ നൽകിയ സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. ആ സ്ത്രീ തനിക്ക് ലഭിച്ചതിൽ രണ്ട് ഈത്തപ്പഴങ്ങൾ തൻ്റെ കുട്ടികൾക്ക് നൽകിയ ശേഷം ബാക്കിയുള്ള ഈത്തപ്പഴം ഭക്ഷിക്കാനായി വായിലേക്ക് ഉയർത്തിയപ്പോഴാണ് അവളുടെ രണ്ട് മക്കളും ആ ഈത്തപ്പഴവും തങ്ങൾക്ക് നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ ആ സ്ത്രീ താൻ കഴിക്കാൻ ഉദ്ദേശിച്ച ആ ഈത്തപ്പഴം രണ്ടായി പിളർത്തിയ ശേഷം തൻ്റെ രണ്ട് മക്കൾക്കും അത് വീതംവെച്ചു നൽകി. ആഇശാ -رَضِيَ اللَّهُ عَنْهَا- യെ ഈ പ്രവർത്തി ഏറെ അത്ഭുതപ്പെടുത്തി. അവൾ ചെയ്ത കാര്യം നബി -ﷺ- യോട് ഉണർത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: "ആ ഈത്തപ്പഴം (മക്കൾക്ക് നൽകിയത്) കാരണത്താൽ അല്ലാഹു അവൾക്ക് സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു. അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ മോചിപ്പിച്ചിരിക്കുന്നു."

فوائد الحديث

ദാനധർമ്മങ്ങൾ -അതെത്ര കുറച്ചാണെങ്കിലും- അതിശ്രേഷ്ഠമാണ്. അല്ലാഹുവിലുള്ള ഒരാളുടെ വിശ്വാസത്തിൻ്റെ സത്യസന്ധതയും അവൻ്റെ വാഗ്ദാനത്തിലും ഔദാര്യത്തിലുമുള്ള അയാളുടെ ഉറച്ച പ്രതീക്ഷയും ബോധ്യപ്പെടുത്തുന്ന പ്രവർത്തിയാണത്.

മാതാക്കൾക്ക് അവരുടെ മക്കളോടുള്ള അതിയായ കാരുണ്യവും, അവരെ നഷ്ടപ്പെടുമോ എന്ന ശക്തമായ ഭയവും ഈ സംഭവം ബോധ്യപ്പെടുത്തുന്നുണ്ട്.

സ്വന്തത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതും, ചെറിയവരോട് കരുണ കാണിക്കുന്നതും, പെൺമക്കളോട് കൂടുതൽ നന്മയും സൗമ്യതയും പുലർത്തുന്നതുമെല്ലാം സ്വർഗപ്രവേശനത്തിനും നരകമോചനത്തിനും കാരണമാകുന്ന പ്രവർത്തികളാണ്.

ദാനധർമം നൽകാൻ വളരെ കുറച്ചു മാത്രമേ കയ്യിലുള്ളൂ എന്നത് കൊണ്ട് അതിൽ നിന്ന് പിന്നോട്ടു നിൽക്കരുത്. മറിച്ച്, എത്ര കുറവാണെങ്കിലും കൂടുതലാണെങ്കിലും സാധ്യമാകുന്നത് ദാനമായി നൽകാനാണ് ശ്രമിക്കേണ്ടത്.

നബി -ﷺ- യുടെ വീട്ടുകാരുടെ സ്ഥിതി എന്തായിരുന്നു എന്നതും, അവരുടെ ജീവിതം എപ്രകാരമായിരുന്നു എന്നതും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്; ഒന്നോ രണ്ടോ മൂന്നോ ഈത്തപ്പഴമല്ലാതെ അവരുടെ വീട്ടിൽ ഭക്ഷിക്കാൻ യാതൊന്നുമുണ്ടായിരുന്നില്ല.

التصنيفات

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ