ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ)…

ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ) നിസ്കാരങ്ങൾ എന്തു കൊണ്ടാണ് മടക്കി നിർവ്വഹിക്കാത്തത്?

മുആദഃ -رَحِمَهَا اللَّهُ- നിവേദനം: ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ) നിസ്കാരങ്ങൾ എന്തു കൊണ്ടാണ് മടക്കി നിർവ്വഹിക്കാത്തത്?" അവർ ചോദിച്ചു: "നീ 'ഹറൂറി'യാണോ?!" ഞാൻ പറഞ്ഞു: "ഞാൻ ഹറൂറിയൊന്നുമല്ല. (അറിയാൻ വേണ്ടി) ചോദിച്ചു വെന്നു മാത്രം." അവർ പറഞ്ഞു: "ഞങ്ങൾക്ക് അപ്രകാരം (ആർത്തവം) സംഭവിക്കാറുണ്ടായിരുന്നു. ഞങ്ങളോട് നോമ്പ് നോറ്റുവീട്ടാൻ കൽപ്പിക്കപ്പെടുമായിരുന്നെങ്കിലും നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിക്കപ്പെടാറുണ്ടായിരുന്നില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് മുആദഃ ഒരിക്കൽ ചോദിച്ചു: എന്തു കൊണ്ടാണ് ആർത്തവകാരി ആർത്തവ വേളയിൽ നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടുന്നുണ്ടെങ്കിലും നഷ്ടമായ നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കാത്തത്?!" അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- ചോദിച്ചു: "ഖവാരിജുകളിൽ പെട്ട ഹറൂറിയ്യഃക്കാരിയാണോ നീ?!" - അവർ അനാവശ്യമായി ചോദ്യങ്ങൾ അധികരിപ്പിക്കുകയും, ദീനിൽ അമിതമായി കാർക്കശ്യം കാണിക്കുന്നവരുമായിരുന്നു. മുആദഃ പറഞ്ഞു: "ഞാൻ ഹറൂറിയല്ല. മറിച്ച് അറിയാൻ വേണ്ടി ചോദിച്ചുവെന്നു മാത്രം." അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "നബിയുടെ -ﷺ- കാലഘട്ടത്തിൽ ഞങ്ങൾക്ക് ആർത്തവം സംഭവിക്കുകയും നോമ്പുകൾ നഷ്ടമാവുകയും ചെയ്താൽ അവിടുന്ന് അത് നോറ്റുവീട്ടാൻ കൽപ്പിക്കാറുണ്ടായിരുന്നു. എന്നാൽ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ഞങ്ങളോട് അവിടുന്ന് കൽപ്പിക്കാറുണ്ടായിരുന്നില്ല."

فوائد الحديث

അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുകയും, തർക്കസ്വഭാവം സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവർക്കുമുള്ള താക്കീത് ഈ ഹദീഥിലുണ്ട്.

കൂഫഃയുടെ അടുത്തുണ്ടായിരുന്ന ഒരു നാടായ 'ഹറൂറാഇ'ലേക്ക് ചേർത്തി കൊണ്ടാണ് ഹറൂറിയ്യഃ എന്നു പറയുന്നത്. ഖവാരിജുകളിൽ പെട്ട ഒരു കക്ഷിയായിരുന്നു അവർ. ദീനീ വിഷയങ്ങളിൽ അവർ സ്വീകരിച്ചിരുന്ന കാഠിന്യവും ചോദ്യങ്ങൾ -അതു തന്നെ അനാവശ്യമായി ചൂഴ്ന്നറിയാൻ ശ്രമിക്കുന്ന വിധത്തിലുള്ള ചോദ്യങ്ങൾ- അധികരിപ്പിക്കുന്ന അവരുടെ രീതിയും പരിഗണിച്ചു കൊണ്ടാണ് 'നീ ഹറൂറിയാണോ?' എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- ചോദിച്ചത്.

പഠിക്കാൻ വേണ്ടിയും സത്യം മനസ്സിലാക്കാനും വേണ്ടി ചോദിക്കുന്നവർക്ക് അദ്ധ്യാപകർ ഉത്തരം വിവരിച്ചു നൽകണം.

ഖുർആനിലെയോ ഹദീഥിലെയോ തെളിവുകൾ കൊണ്ട് ഉത്തരം നൽകുക എന്നതാണ് ഏറ്റവും നല്ല രീതി. ചോദ്യകർത്താവിൻ്റെ ചോദ്യത്തിന് ആഇശാ -رَضِيَ اللَّهُ عَنْهَا- നേർക്കുനേരെ ഉത്തരം നൽകിയില്ല; (എന്തു കൊണ്ട് നോമ്പ് നോറ്റുവീട്ടുകയും നിസ്കാരം മടക്കി നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്നില്ല എന്നതിനുള്ള കാരണം അവിടുന്ന് വിവരിച്ചില്ല). മറിച്ച്, (നബി -ﷺ- യുടെ കാലഘട്ടത്തിൽ അപ്രകാരമായിരുന്നു ഞങ്ങളോട് കൽപ്പിച്ചത് എന്ന) തെളിവ് വിവരിച്ചു കൊണ്ടുള്ള മറുപടിയാണ് ഏറ്റവും ഖണ്ഡിതമായ മറുപടി.

അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും വിധിവിലക്കുകൾക്ക് കീഴൊതുങ്ങുകയും സ്വയം സമർപ്പിക്കുകയും ചെയ്യണം; വിധിവിലക്കുകളുടെ പിറകിലെ യുക്തിയും കാരണവും ബോധ്യപ്പെട്ടില്ല എന്നത് അതിന് തടസ്സമാകരുത്.

അല്ലാമഃ നവവി -رَحِمَهُ اللَّهُ- പറയുന്നു: "ആർത്തവ സമയം നഷ്ടപ്പെടുന്ന നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കുന്നത് നിർബന്ധമാണെന്ന് ഖവാരിജുകളിൽ പെട്ട ഒരു കക്ഷി വാദിച്ചിരുന്നു. മുസ്‌ലിംകൾ ഏകോപിച്ച അഭിപ്രായത്തിന് കടകവിരുദ്ധമാണത്. ആഇശാ -رَضِيَ اللَّهُ عَنْهَا- തൻ്റെ ചോദ്യത്തിലൂടെ അവരെയാണ് ഉദേശിച്ചത്. ഹറൂറിയ്യാക്കളുടെ രീതിയിൽ പെട്ട -വളരെ മോശമായ ഒരു കാര്യമാണ് ഇത്- എന്നായിരുന്നു അവരുടെ ആ ചോദ്യത്തിൻ്റെ പിറകിലെ സൂചന."

التصنيفات

ആർത്തവം, പ്രസവകാലം, രക്തസ്രാവം, നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടൽ