ഒരു ദിവസം ആയിരം നന്മകൾ നേടിയെടുക്കാൻ സാധിക്കാത്തവർ നിങ്ങളിലുണ്ടോ?

ഒരു ദിവസം ആയിരം നന്മകൾ നേടിയെടുക്കാൻ സാധിക്കാത്തവർ നിങ്ങളിലുണ്ടോ?

സഅ്ദ് ബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്ന ഒരു വേളയിൽ അവിടുന്ന് ചോദിച്ചു: "ഒരു ദിവസം ആയിരം നന്മകൾ നേടിയെടുക്കാൻ സാധിക്കാത്തവർ നിങ്ങളിലുണ്ടോ?" അപ്പോൾ നബി -ﷺ- യുടെ കൂടെയിരുന്നവരിലൊരാൾ ചോദിച്ചു: എങ്ങനെയാണ് ഞങ്ങളിലൊരാൾ ആയിരം നന്മകൾ നേടിയെടുക്കുക? നബി -ﷺ- പറഞ്ഞു: "അവൻ നൂറു തവണ തസ്ബീഹ് ചെയ്യട്ടെ; അതുമുഖേന അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും. അല്ലെങ്കിൽ ആയിരം തെറ്റുകൾ അവനിൽ നിന്ന് മായ്ക്കപ്പെടും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തൻ്റെ സ്വഹാബികളോട് ഒരിക്കൽ ചോദിച്ചു: എല്ലാ ദിവസവും ആയിരം നന്മകൾ നേടിയെടുക്കാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ?! അപ്പോൾ അവിടുത്തെ സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു: എങ്ങനെയാണ് ഒരാൾക്ക് ഒരു ദിവസം കൊണ്ട് ആയിരം നന്മകൾ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കുക?! നബി -ﷺ- പറഞ്ഞു: അവൻ സുബ്ഹാനല്ലാഹ് (എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ഞാൻ അല്ലാഹുവിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്നു) എന്ന് നൂറ്തവണ പറഞ്ഞാൽ അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും; കാരണം ഒരു നന്മ പത്ത് മടങ്ങായാണ് അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെടുക. അല്ലെങ്കിൽ അവൻ്റെ ആയിരം തിന്മകൾ അവനിൽ നിന്ന് മായ്ക്കപ്പെടുന്നതാണ്.

فوائد الحديث

നന്മകളുടെ ശ്രേഷ്ഠത വിവരിക്കൽ; സൽകർമങ്ങൾ ചെയ്യാനുള്ള ചവിട്ടുപടികളാണ് അവ.

തസ്ബീഹിൻ്റെയും (സുബ്ഹാനല്ലാഹ് എന്ന് പറയൽ) ദിക്റിൻ്റെയും ശ്രേഷ്ഠത; ഒരാൾക്ക് അധികം പ്രയാസമില്ലാതെ ചെയ്യാൻ സാധിക്കുന്ന ഈ പ്രവർത്തനം കൊണ്ട് വലിയ പ്രതിഫലം നേടിയെടുക്കാൻ സാധിക്കും.

നന്മകൾ പ്രവർത്തിക്കാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപര്യവും ആവേശവും; അക്കാര്യത്തിൽ അവർ യാതൊരു അമാന്തവും കാണിച്ചിരുന്നില്ല.

നന്മകൾക്ക് പ്രതിഫലം പത്തിരട്ടികളായാണ് പരലോകത്ത് നൽകപ്പെടുക; അല്ലാഹു പറഞ്ഞതു പോലെ: "ആരാണോ നന്മയുമായി വന്നത്; അവന് അതിൻ്റെ പത്തിരട്ടിയുണ്ടായിരിക്കും." (അൻആം: 160) ഒരു നന്മ ഏറ്റവും ചുരുങ്ങിയത് പത്ത് മടങ്ങ് ഇരട്ടിക്കപ്പെടുന്നതാണ്. ചില വേളകളിൽ, എഴുന്നൂറ് മടങ്ങ് വരെ നന്മകൾ ഇരട്ടിപ്പിക്കുന്നതാണെന്നും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

'ആയിരം നന്മകൾ രേഖപ്പെടുത്തുകയോ ആയിരം തിന്മകൾ മായ്ക്കപ്പെടുകയോ' ചെയ്യും എന്നാണ് മേലെ നൽകിയ ഹദീഥിലുള്ളത്; എന്നാൽ ചില നിവേദനങ്ങളിൽ 'ആയിരം നന്മകൾ രേഖപ്പെടുത്തുകയും ആയിരം തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്' എന്ന് വന്നിട്ടുണ്ട്. മുല്ലാ അലിയ്യുൽ ഖാരീ -رَحِمَهُ اللَّهُ- പറഞ്ഞു: ഇവ രണ്ടും തമ്മിൽ വൈരുദ്ധ്യമില്ല. 'ഒരാൾക്ക് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ്; അവൻ്റെ മേൽ തിന്മകളില്ലെങ്കിൽ. തിന്മകളുണ്ടെങ്കിൽ അവയിൽ ചിലത് മായ്ക്കപ്പെടുകയും ചില നന്മകൾ പുതുതായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും.' മറ്റൊരു വിശദീകരണമുള്ളത് (അറബി ഭാഷാ നിയമപ്രകാരം) ഈ രണ്ട് കാര്യങ്ങളും ഒരുപോലെ നൽകപ്പെടും എന്ന അർത്ഥവും അവിടെ സാധ്യതയുണ്ട് എന്നതാണ്. അല്ലാഹുവിൻ്റെ ഔദാര്യം ഈ പറഞ്ഞതിനേക്കാളെല്ലാം വിശാലമാണ് എന്നതിൽ സംശയവുമില്ല." - അതായത് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടുന്നതിനോടൊപ്പം ആയിരം തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ് എന്നർത്ഥം.

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ഉപകാരങ്ങൾ