നീ പ്രാർത്ഥിക്കുക: അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കുകയും, എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണേ!…

നീ പ്രാർത്ഥിക്കുക: അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കുകയും, എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണേ! സന്മാർഗം ചോദിക്കുമ്പോൾ (യാത്രാ)വഴികളിലേക്ക് നയിക്കപ്പെടുന്നതും, നേരെനിലനിർത്തുന്നത് ചോദിക്കുമ്പോൾ അമ്പ് ലക്ഷ്യത്തിൽ ശരിയായി തറക്കുന്നതും നീ ഓർക്കുക

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറയുകയുണ്ടായി: "നീ പ്രാർത്ഥിക്കുക: അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കുകയും, എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണേ! സന്മാർഗം ചോദിക്കുമ്പോൾ (യാത്രാ)വഴികളിലേക്ക് നയിക്കപ്പെടുന്നതും, നേരെനിലനിർത്തുന്നത് ചോദിക്കുമ്പോൾ അമ്പ് ലക്ഷ്യത്തിൽ ശരിയായി തറക്കുന്നതും നീ ഓർക്കുക."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരിക്കേണ്ട രണ്ട് കാര്യങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ അലി -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നത്. "അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കേണമേ!" അതായത് എനിക്ക് നേർവഴി കാണിച്ചു തരികയും എന്നെ വഴിനയിക്കുകയും ചെയ്യേണമേ എന്നർത്ഥം. "എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണമേ!" എൻ്റെ എല്ലാ കാര്യങ്ങളിലും എനിക്ക് നീ തൗഫീഖ് നൽകുകയും, നേരായ മാർഗത്തിൽ തന്നെ നിലനിർത്തുകയും ചെയ്യേണമേ എന്നർത്ഥം. ഹുദാ / ഹിദായത്ത്: എന്നത് കൊണ്ട് ഉദ്ദേശം സന്മാർഗമാണ്. ഏതാണ് ശരിയായ മാർഗം എന്നത് പൊതുവായും വിശദമായും അറിയാൻ സാധിക്കുകയും, അത് മനസ്സു കൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകുകയും ചെയ്യലാണ് സന്മാർഗം നൽകപ്പെടുക എന്നതിൻ്റെ അർത്ഥം. സദാദ് എന്നത് കൊണ്ട് ഉദ്ദേശ്യം: എല്ലാ കാര്യങ്ങളിലും നേരായ മാർഗത്തിൽ നിൽക്കാനും ശരി പ്രവർത്തിക്കാനുമുള്ള തൗഫീഖ് നൽകപ്പെടുകയും ചെയ്യുക എന്നതാണ്. വാക്കിലും പ്രവൃത്തിയിലും വിശ്വാസത്തിലും ശരിയുടെ വഴി സ്വീകരിക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. അനുഭവവേദ്യമായ ഉദാഹരണങ്ങളിലൂടെ ആശയങ്ങൾ കൂടുതൽ തെളിമയോടെ മനസ്സിലാക്കാൻ സാധിക്കും. അതിനാൽ അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമ്പോൾ യാത്ര ചെയ്യുന്ന ഒരു വ്യക്തി അവന് വേണ്ട വഴിയുടെ വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനെ കുറിച്ച് നീ ഓർക്കുക. തനിക്ക് വിവരിച്ചു നൽകപ്പെട്ട വഴിയിൽ നിന്ന് വലത്തോട്ടോ ഇടത്തോട്ടോ അവൻ ചെരിഞ്ഞു പോവുകയില്ല. വഴിതെറ്റിപ്പോകാതിരിക്കാനും, സുരക്ഷിതമായി യാത്ര പൂർത്തീകരിക്കാനും, തൻ്റെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനും വേണ്ടി അക്കാര്യം അവൻ ഏറെ ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല. അല്ലാഹുവിനോട് നേർമാർഗത്തിൽ ഉറപ്പിച്ചു നിർത്താൻ ചോദിക്കുമ്പോൾ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരുന്ന കൃത്യതയാർന്ന അമ്പിനെ കുറിച്ച് നീ സ്മരിക്കുക. അമ്പെയ്യുന്നവൻ തൻ്റെ ലക്ഷ്യത്തിലേക്ക് അമ്പെത്തുന്നതിനായി എത്ര കൃത്യത വരുത്താൻ ശ്രദ്ധിക്കുമോ, അതു പോലെ ജീവിതം ശരിപ്പെടുത്തി നൽകാനാണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത്. അതിലൂടെ സന്മാർഗമെന്ന ലക്ഷ്യവും, ഏറ്റവും ശരിയായ മാർഗത്തിൽ എത്തിക്കണമെന്നും ആണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത്. അമ്പെയ്യുന്നവൻ തൻ്റെ ലക്ഷ്യം കൃത്യമായി നിർണയിക്കുന്നത് പോലെയുള്ള ശരിയും കൃത്യതയുമാണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത് എന്ന കാര്യം നിൻ്റെ ഹൃദയത്തിൽ നീ ഓർക്കുക.

فوائد الحديث

നബി -ﷺ- യുടെ സുന്നത്ത് മുറുകെ പിടിച്ചു കൊണ്ടും, നിയ്യത്തിൽ ഇഖ്ലാസ് പാലിച്ചു കൊണ്ടും തൻ്റെ പ്രവർത്തനങ്ങളെ ശരിപ്പെടുത്താനും നേരെയാക്കാനും ഈ പ്രാർത്ഥന നിർവ്വഹിക്കുന്നവൻ ശ്രദ്ധിക്കണം.

സന്മാർഗത്തിലേക്കുള്ള തൗഫീഖും, അതിലുള്ള സ്ഥൈര്യവും ഉൾക്കൊള്ളുന്ന ഈ വാക്കുകൾ ദുആഇൽ ഉൾപ്പെടുത്തുന്നത് സുന്നത്താണ്.

തൻ്റെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനോട് സഹായം തേടേണ്ടവരാണ് ഓരോ മനുഷ്യനും.

അദ്ധ്യാപനവേളയിൽ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുക എന്നത് നബി -ﷺ- യുടെ രീതിയായിരുന്നു.

സന്മാർഗം ചോദിക്കുന്നതിനോടൊപ്പം അതിൽ തന്നെ തുടരാനും ആ മാർഗത്തിൽ നിന്ന് കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും തെറ്റിപ്പോകുന്നതിൽ നിന്നും രക്ഷ ചോദിക്കാനും,

പര്യവസാനം നന്നാകാനും ചോദിക്കേണ്ടതുണ്ട്. 'എന്നെ സന്മാർഗത്തിലേക്ക് നയിക്കേണമേ!' എന്ന പ്രാർത്ഥന ഹിദായത്തിൽ ചരിക്കാൻ വേണ്ടിയുള്ള തേട്ടമാണെങ്കിൽ 'എന്നെ നേർമാർഗത്തിൽ നിലനിർത്തണേ!' എന്നത് ശരിയുടെ വഴിയിൽ ഉറച്ചു നിൽക്കാനും, അവൻ സഞ്ചരിച്ചു തുടങ്ങിയ സന്മാർഗത്തിൽ നിന്ന് തെറ്റിപ്പോകാതിരിക്കാനുമുള്ള തേട്ടമാണ്.

തൻ്റെ ദുആയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കേണ്ടവരും, അതിൻ്റെ ആശയാർത്ഥങ്ങൾ മനസ്സിൽ ചിന്തിക്കേണ്ടവരുമാണ് പ്രാർത്ഥിക്കുന്ന ഓരോ വ്യക്തിയും. അത് പ്രാർത്ഥന സ്വീകരിക്കപ്പെടാൻ കൂടുതൽ സഹായകമാണ്.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ