മൂന്ന് വിഭാഗം ആളുകൾ; അവരോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവർക്ക്…

മൂന്ന് വിഭാഗം ആളുകൾ; അവരോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്

സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മൂന്ന് വിഭാഗം ആളുകൾ; അവരോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്: വ്യഭിചാരിയായ വൃദ്ധൻ, അഹങ്കാരിയായ ദരിദ്രൻ, അല്ലാഹുവിന്റെ നാമത്തെ തന്റെ കച്ചവടച്ചരക്കാക്കിയവൻ; അവൻ സത്യം ചെയ്തുകൊണ്ടല്ലാതെ വിൽക്കുകയില്ല; സത്യം ചെയ്തുകൊണ്ടല്ലാതെ വാങ്ങുകയുമില്ല."

[സ്വഹീഹ്] [ത്വബ്റാനി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- മൂന്ന് വിഭാഗം ആളുകളെക്കുറിച്ച് അറിയിച്ചു. അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയോ, അവൻ അവരുടെ ശിക്ഷ ഒഴിവാക്കുകയോ ചെയ്തില്ലെങ്കിൽ, അന്ത്യനാളിൽ കഠിനമായ മൂന്ന് ശിക്ഷകൾക്ക് അവർ അർഹരായിരിക്കുന്നതാണ്: ഒന്നാമത്തേത്: അല്ലാഹുവിന് അവരോട് കഠിനമായ കോപമുള്ളതിനാൽ അന്ത്യനാളിൽ അവരോട് അല്ലാഹു സംസാരിക്കുകയില്ല; മറിച്ച്, അവൻ അവരിൽ നിന്ന് തിരിഞ്ഞു കളയും. അല്ലെങ്കിൽ അവർക്ക് യാതൊരു സന്തോഷവും പകരാത്തതും, അവൻ്റെ കോപം അവരെ അറിയിക്കുന്നതുമായ വിധത്തിൽ മാത്രമേ അവൻ സംസാരിക്കുകയുള്ളൂ. രണ്ടാമത്തേത്: അല്ലാഹു അവരെ ശുദ്ധീകരിക്കുകയില്ല, അവരെ പ്രശംസിക്കുകയുമില്ല, പാപങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുകയുമില്ല. മൂന്നാമത്തേത്: പരലോകത്ത് അവർക്ക് കഠിനമായ വേദനയേറിയ ശിക്ഷയുണ്ടാകും. ഈ വിഭാഗക്കാർ താഴെ പറയുന്നവരാണ്: ഒന്ന്: പ്രായം ചെന്ന പുരുഷൻ; എന്നിട്ടും വ്യഭിചാരമെന്ന ദുർവൃത്തിയിൽ അവൻ ഏർപ്പെടുന്നു. രണ്ട്: പണമില്ലാത്ത ദരിദ്രൻ; എന്നിട്ടും അവൻ ജനങ്ങളോട് അഹങ്കാരം കാണിക്കുന്നു. മൂന്ന്: വിൽക്കുമ്പോഴും വാങ്ങുമ്പോഴും അല്ലാഹുവിന്റെ പേരിൽ ധാരാളമായി സത്യം ചെയ്തു കൊണ്ട്, അല്ലാഹുവിന്റെ നാമത്തെ വിലകുറച്ച് കാണുന്നവൻ. റബ്ബിൻ്റെ പേര് അവൻ സമ്പാദിക്കാനുള്ള ഒരു ഉപാധിയാക്കിയിരിക്കുന്നു.

فوائد الحديث

ഈ മൂന്ന് വിഭാഗങ്ങളും ഹദീഥിൽ വിവരിക്കപ്പെട്ടതു പോലുള്ള കഠിനമായ ശിക്ഷ നൽകപ്പെടാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് ഖാദി ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: "ഈ മൂന്ന് വിഭാഗങ്ങളും തിന്മകളിലേക്ക് നയിക്കുന്ന കാരണങ്ങൾ തങ്ങളിൽ നിന്ന് ഏറെ അകലയായിട്ടും, അവ ചെയ്യാനുള്ള യാതൊരു നിർബന്ധിതാവസ്ഥയും ഇല്ലാഞ്ഞിട്ടും, അതിലേക്ക് നയിക്കുന്ന പ്രേരകങ്ങൾ ദുർബലമായിട്ടും ആ തിന്മകളിൽ അകപ്പെട്ടു. തിന്മ പ്രവർത്തിക്കുന്നതിൽ ഒരാൾക്കും യാതൊരു ഒഴിവുകഴിവുമില്ല. എന്നാൽ, ഇവരുടെ കാര്യത്തിൽ അതിലേക്ക് നയിക്കുന്ന ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ആവശ്യകതയോ സാധാരണഗതിയിലുള്ള പ്രേരകങ്ങളോ ഇല്ലാത്തതുകൊണ്ട്, അവരുടെ ഈ പ്രവൃത്തി അല്ലാഹുവിനോടുള്ള ധിക്കാരത്തിൻ്റെ അടയാളമായിരിക്കുന്നു. അവന്റെ അവകാശങ്ങളെ നിസ്സാരമായി കാണുകയും, ഒരാവശ്യവുമില്ലാതെ അവനോട് അനുസരണക്കേട് കാണിക്കുകയും ചെയ്തവരെ പോലെയാണ് അവൻ്റെ പ്രവർത്തി."

വ്യഭിചാരം, കളവ്, അഹങ്കാരം എന്നിവ വൻ പാപങ്ങളിൽ പെട്ടതാണ്.

അഹങ്കാരം എന്നാൽ: സത്യത്തെ നിരാകരിക്കലും, സൃഷ്ടികളെ നിസ്സാരമായി കാണലുമാണ്.

വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ അമിതമായി സത്യം ചെയ്യുന്നതിൽ നിന്ന് ഈ ഹദീഥ് താക്കീത് നൽകുന്നു. സത്യം ചെയ്യുക എന്ന കാര്യത്തെ ഗൗരവത്തിലെടുക്കാനും, അല്ലാഹുവിന്റെ നാമങ്ങളെ ആദരവോടെ സമീപിക്കാനും ഈ ഹദീഥ് പ്രേരണ നൽകുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു: "അല്ലാഹുവിനെ നിങ്ങളുടെ ശപഥങ്ങൾക്ക് നിങ്ങൾ മറയാക്കരുത്." (ബഖറ: 32).

التصنيفات

തിന്മകൾക്കുള്ള ആക്ഷേപം