അവസാന കാലത്ത് ഒരു വിഭാഗം വന്നെത്തുന്നതാണ്; ചെറിയ പ്രായക്കാരും ബുദ്ധിയില്ലാത്ത വിഡ്ഢികളുമായിരിക്കും അവർ.…

അവസാന കാലത്ത് ഒരു വിഭാഗം വന്നെത്തുന്നതാണ്; ചെറിയ പ്രായക്കാരും ബുദ്ധിയില്ലാത്ത വിഡ്ഢികളുമായിരിക്കും അവർ. ജനങ്ങളിൽ ഏറ്റവും നല്ല വാക്കുകളായിരിക്കും അവർ പറയുക. ലക്ഷ്യസ്ഥാനം തുളച്ചു കയറി അമ്പ് തെറിക്കുന്നത് പോലെ ഇസ്‌ലാമിൽ നിന്ന് അവർ തെറിച്ചു പോകുന്നതാണ്

അലി (رضي الله عنه) നിവേദനം: നബിയുടെ (ﷺ) പേരിൽ ഒരു കാര്യം ഞാൻ നിങ്ങളോട് പറയുമ്പോൾ അവിടുത്തെ പേരിൽ കളവ് പറയുക എന്നതിനേക്കാൾ എനിക്ക് ഇഷ്ടം ആകാശത്ത് നിന്ന് ഞാൻ താഴേക്ക് പതിക്കുന്നതാണ്. എന്നാൽ എനിക്കും നിങ്ങൾക്കുമിടയിലെ കാര്യത്തിലാണ് ഞാൻ സംസാരിക്കുന്നതെങ്കിൽ.., തീർച്ചയായും യുദ്ധമെന്നാൽ വഞ്ചനയാണ്. നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "അവസാന കാലത്ത് ഒരു വിഭാഗം വന്നെത്തുന്നതാണ്; ചെറിയ പ്രായക്കാരും ബുദ്ധിയില്ലാത്ത വിഡ്ഢികളുമായിരിക്കും അവർ. ജനങ്ങളിൽ ഏറ്റവും നല്ല വാക്കുകളായിരിക്കും അവർ പറയുക. ലക്ഷ്യസ്ഥാനം തുളച്ചു കയറി അമ്പ് തെറിക്കുന്നത് പോലെ ഇസ്‌ലാമിൽ നിന്ന് അവർ തെറിച്ചു പോകുന്നതാണ്. ഈമാൻ അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് താഴേക്ക് ഇറങ്ങിയിട്ടുണ്ടാവുകയില്ല. അക്കൂട്ടരെ എവിടെ വെച്ച് നിങ്ങൾ കണ്ടാലും അവരെ നിങ്ങൾ വധിച്ചു കൊള്ളുക. അവരെ വധിക്കുന്നവർക്ക് അവരെ വധിച്ചതിന് അന്ത്യനാളിൽ (മഹത്തായ) പ്രതിഫലമുണ്ടായിരിക്കും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബിയുടെ (ﷺ) ഹദീഥ് പറയുന്ന വേളയിൽ ഞാൻ ഒരിക്കലും സൂചനകളിലൂടെയോ ദ്വയാർത്ഥം ഉദ്ദേശിച്ചു കൊണ്ടോ മറച്ചു വെച്ചു കൊണ്ടോ സംസാരിക്കുകയില്ല എന്ന് അലിയ്യു ബ്നു അബീത്വാലിബ് (رضي الله عنه) അറിയിക്കുന്നു. മറിച്ച് തീർത്തും സുവ്യക്തമായ രൂപത്തിലേ ഞാൻ സംസാരിക്കുകയുള്ളൂ. നബിയുടെ (ﷺ) ഒരു ഹദീഥ് പറയുന്ന വേളയിൽ അതിൽ കളവ് പറയുക എന്നതിനേക്കാൾ എനിക്ക് പ്രിയങ്കരം ആകാശത്ത് നിന്ന് ഞാൻ താഴേക്ക് പതിക്കുന്നതാണ്. എന്നാൽ ജനങ്ങളുമായുള്ള സംസാരങ്ങളിൽ ഞാൻ ചിലപ്പോൾ സൂചനകൾ മാത്രം നൽകുകയോ (പുറമേക്ക് ഒരർത്ഥം നൽകുന്നതും മനസ്സിൽ മറ്റൊന്ന് ഉദ്ദേശിക്കുന്നതുമായ) ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിക്കുകയോ, ചില കാര്യങ്ങൾ വ്യക്തമാക്കാതിരിക്കുകയോ ചെയ്തേക്കാം. കാരണം യുദ്ധമെന്നാൽ വഞ്ചനയാണ്. നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: അവസാന കാലത്ത് ചെറിയ പ്രായക്കാരായ യുവാക്കളിൽ പെട്ട ഒരു വിഭാഗം വന്നെത്തുന്നതാണ്. അപക്വരായ കൂട്ടമായിരിക്കും അവർ. ഖുർആൻ അവർ ധാരാളമായി പാരായണം ചെയ്യുകയും, അതിലെ വചനങ്ങൾ കേൾപ്പിക്കുകയും ചെയ്യുമെങ്കിലും ഇസ്‌ലാമിൽ നിന്നും അതിൻ്റെ വിധിവിലക്കുകളിൽ നിന്നും അക്കൂട്ടർ വേഗത്തിൽ തെറിച്ചു പോകുന്നതാണ്; അമ്പ് ലക്ഷ്യസ്ഥാനം തുളച്ചു തെറിച്ചു പോകുന്നത് പോലെ. അവരുടെ ഈമാൻ തൊണ്ടക്കുഴിയിൽ നിന്ന് അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിയിട്ടുണ്ടായിരിക്കുകയില്ല. നിങ്ങൾ അക്കൂട്ടരെ എവിടെ വെച്ച് കണ്ടാലും അവരെ വധിച്ചു കൊള്ളുക; അവരെ വധിക്കുന്നവർക്ക് അന്ത്യനാളിൽ മഹത്തരമായ പ്രതിഫലമുണ്ട്.

فوائد الحديث

ഖവാരിജുകൾ എന്ന പിഴച്ച വിഭാഗത്തിൻ്റെ ചില വിശേഷണങ്ങൾ.

നബിയുടെ (ﷺ) നുബുവ്വത്തിന്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവ് ഈ ഹദീഥിലുണ്ട്; തൻ്റെ കാലശേഷം മുസ്‌ലിം ഉമ്മത്തിൽ നടക്കാനിരിക്കുന്ന ഒരു കാര്യം അവിടുന്ന് അറിയിക്കുകയും, അപ്രകാരം തന്നെ പിന്നീടത് സംഭവിക്കുകയും ചെയ്തു.

യുദ്ധത്തിൽ ദ്വയാർത്ഥ പ്രയോഗങ്ങളും തന്ത്രങ്ങളും പ്രയോഗിക്കുന്നത് അനുവദനീയമാണ്; യുദ്ധം വഞ്ചനയാണ് എന്നതിൻ്റെ ഉദ്ദേശ്യം അതാണ്. പതിയിരുന്നുള്ള അക്രമങ്ങളും വ്യംഗപ്രയോഗങ്ങളിലൂടെയും മറ്റുമാണ് അത് ചെയ്യേണ്ടത്. എന്നാൽ കരാർ ലംഘനമോ സന്ധികൾ ലംഘിക്കലോ ഒന്നും യുദ്ധത്തിൽ പാടില്ല; അവ പ്രത്യേകം വിലക്കപ്പെട്ട തിന്മകളാണ്.

നവവി (رحمه الله) പറഞ്ഞു: "ജനങ്ങളിൽ ഏറ്റവും നല്ല വാക്ക് അവർ പറയും'' എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ഖവാരിജുകളുടെ പ്രകടമായ അവകാശവാദങ്ങളാണ്. അല്ലാഹുവിനല്ലാതെ വിധികർതൃത്വമില്ല എന്ന വാക്കും, അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലേക്ക് മടങ്ങൂ എന്ന അവരുടെ ആഹ്വാനങ്ങളുമെല്ലാം (പുറമേക്ക് നല്ലതാണെങ്കിലും അതിൻ്റെ പിന്നിൽ അവർക്കുള്ള ഉദ്ദേശ്യം ശരിയല്ല)."

ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "അവരുടെ ഈമാൻ അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് താഴോട്ട് ഇറങ്ങുകയില്ല" എന്ന വാക്കിൻ്റെ ഉദ്ദേശ്യം ഈമാൻ അവരുടെ ഹൃദയത്തിൽ ഉറച്ചിട്ടുണ്ടായിരിക്കുകയില്ല എന്നാണ്. കാരണം തൊണ്ടക്കുഴിയിൽ തങ്ങിനിൽക്കുന്ന കാര്യം ഒരിക്കലും ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നതല്ല."

ഖാദ്വീ ഇയാദ്വ്

(رحمه الله) പറഞ്ഞു: "ഖവാരിജുകളും അവരെപ്പോലുള്ള മറ്റു ബിദ്അത്തിൻ്റെയും അതിക്രമത്തിൻ്റെയും കക്ഷികളും എപ്പോഴെല്ലാം മുസ്‌ലിം ഭരണാധികാരികൾക്കെതിരെ പുറപ്പെടുകയും മുസ്‌ലിം പൊതുസമൂഹത്തിൻ്റെ ഒത്തൊരുമക്ക് വിരുദ്ധമായി നിലകൊള്ളുകയും (ഭരണാധികാരിയെ അനുസരിക്കുക എന്ന കരാർ) ലംഘിക്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം അവർക്ക് താക്കീത് നൽകുകയും തെളിവുകൾ ബോധ്യപ്പെടുത്തി നൽകുകയും ചെയ്ത ശേഷം അവരോട് ഏറ്റുമുട്ടുക എന്നത് നിർബന്ധമാണ്. ഇക്കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്"

التصنيفات

ഔലിയാക്കളുടെ കറാമതുകൾ