ഒരു മുഅ്മിൻ തൻ്റെ ദീനിൻ്റെ കാര്യത്തിൽ വിശാലതയിലായിരിക്കും; നിഷിദ്ധമായ രക്തം അവൻ്റെ കയ്യിൽ പുരളുന്നത് വരെ

ഒരു മുഅ്മിൻ തൻ്റെ ദീനിൻ്റെ കാര്യത്തിൽ വിശാലതയിലായിരിക്കും; നിഷിദ്ധമായ രക്തം അവൻ്റെ കയ്യിൽ പുരളുന്നത് വരെ

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഒരു മുഅ്മിൻ തൻ്റെ ദീനിൻ്റെ കാര്യത്തിൽ വിശാലതയിലായിരിക്കും; നിഷിദ്ധമായ രക്തം അവൻ്റെ കയ്യിൽ പുരളുന്നത് വരെ."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന മുഅ്മിനായ ഏതൊരാളും തൻ്റെ സൽകർമങ്ങളുടെ കാര്യത്തിൽ വിശാലതയും ആശ്വാസവുമുള്ളവനായിരിക്കുമെന്ന് നബി (ﷺ) അറിയിക്കുന്നു. (സാധാരണ നിലയിൽ) അല്ലാഹുവിൻ്റെ കാരുണ്യവും പാപമോചനവും വിട്ടുവീഴ്ച്ചയും പ്രതീക്ഷിക്കാൻ അവന് സാധ്യമാണ്. എന്നാൽ പവിത്രമായ ഒരു ജീവൻ അവൻ ഹനിക്കുന്നതോടെ അവൻ്റെ പ്രവർത്തനങ്ങളുടെ കാര്യം ഇടുക്കത്തിലാകും. കാരണം കൊലപാതകം എന്ന തിന്മയുടെ പാപഭാരവും ഗൗരവവും പരിഹരിക്കാൻ അവക്ക് സാധിക്കുന്നതല്ല.

فوائد الحديث

അന്യായമായി ഒരാളുടെ ജീവനെടുക്കുക എന്നതിൻ്റെയും മനപൂർവ്വമുള്ള കൊലപാതകത്തിൻ്റെയും ഗൗരവം. ഒരു മുസ്‌ലിമായ മനുഷ്യൻ്റെ ദീനിലുള്ള വിശാലതയിൽ നിന്ന് ഇടുക്കത്തിലേക്ക് അവനെ നയിക്കുന്ന തിന്മയാണത്.

നാല് വിഭാഗം ആളുകളുടെ ജീവൻ ഹനിക്കുന്നത് നിഷിദ്ധമാണ്.

1- മുസ്‌ലിമായ ഒരു വ്യക്തിയുടെ ജീവൻ ഹനിക്കുന്നത്. അതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഗുരുതരമായിട്ടുള്ളത്.

2- ദിമ്മിയ്യായ ഒരാളുടെ ജീവൻ ഹനിക്കുന്നത്; ഇസ്‌ലാമിക രാജ്യത്ത് ജീവിക്കാൻ അനുവാദം നൽകപ്പെട്ട, ഇസ്‌ലാമിക നിയമം സ്വീകരിക്കാൻ തയ്യാറായ, ജിസ്‌യ നൽകി ജീവിക്കുന്ന വേദക്കാരായ യഹൂദ നസ്വാറാക്കളാണ് ദിമ്മിയ്യുകൾ.

3- മുആഹദായ ഒരാളുടെ ജീവൻ; ഇസ്‌ലാമിക രാജ്യവുമായി കരാറിലേർപ്പെട്ടു നിലകൊള്ളുന്ന -പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത- അമുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരാണ് ഇതിൻ്റെ ഉദ്ദേശ്യം. 4- മുസ്തഅ്മിൻ; ഇസ്‌ലാമിക രാജ്യവുമായി യുദ്ധത്തിലേർപ്പെട്ട കാഫിർ. അവർക്കും നമുക്കും ഇടയിൽ കരാറോ സംരക്ഷണവാഗ്ദാനമോ ഒന്നുമില്ലെങ്കിലും ഒരു നിശ്ചിത സമയത്തേക്ക് ഇസ്‌ലാമിക രാജ്യത്ത് പ്രവേശിക്കാൻ അവർക്ക് ഇസ്‌ലാമിക രാജ്യത്തിൻ്റെ ഭരണാധികാരിയോ അദ്ദേഹത്തിൻ്റെ പ്രതിനിധികളോ സംരക്ഷണം വാഗ്ദാനം നൽകിയിരിക്കുന്നു. ഇവരെയും വധിക്കുന്നത് അനുവദനീയമല്ല.

التصنيفات

കുറ്റകൃത്യങ്ങൾ