വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി…

വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ

ലഖീത്വ് ബ്നു സ്വബിറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്തേക്കുള്ള ബനൂൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധിയായിരുന്നു ഞാൻ -അല്ലെങ്കിൽ ബനൂൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധി സംഘത്തിൽ ഞാൻ ഉണ്ടായിരുന്നു-. അദ്ദേഹം പറയുന്നു: ഞങ്ങൾ നബി -ﷺ- യുടെ അടുത്ത് എത്തിയപ്പോൾ അവിടുത്തെ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് വേണ്ടി 'ഖസീറ' ഉണ്ടാക്കാൻ കൽപ്പിക്കുകയും, അങ്ങനെ അത് ഞങ്ങൾക്കായി പാചകം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഞങ്ങൾക്ക് ഈന്തപ്പഴങ്ങളുള്ള ഒരു തളിക കൊണ്ടുവന്നു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ഞങ്ങളോട് ചോദിച്ചു: "നിങ്ങൾക്ക് വല്ലതും ലഭിച്ചോ? അതല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി (ഭക്ഷണത്തിന്) വല്ലതും പറഞ്ഞിരുന്നോ?" ഞങ്ങൾ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ." അദ്ദേഹം (ലഖീത്വ്) പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, ഒരു ആട്ടിടയൻ തന്റെ ആടുകളെ തൊഴുത്തിലേക്ക് തെളിച്ചുവന്നു. കൂടെ ഒച്ചവെക്കുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: "ഹേ മനുഷ്യാ! (ആട്) എന്താണ്/എത്രയാണ് പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു ആട്ടിൻകുട്ടിയെ." അവിടുന്ന് പറഞ്ഞു: "എങ്കിൽ അതിന് പകരം നമുക്ക് വേണ്ടി ഒരു ആടിനെ അറുക്കുക." പിന്നീട് അവിടുന്ന് പറഞ്ഞു: "ഞങ്ങൾ താങ്കൾക്ക് വേണ്ടി അതിനെ അറുത്തതാണെന്ന് വിചാരിക്കേണ്ട. നമുക്ക് നൂറ് ആടുകളുണ്ട്; ആടുകളുടെ എണ്ണം അതിൽ കൂടുതലാകാൻ നാം ആഗ്രഹിക്കുന്നില്ല. അതിനാൽ, ആട്ടിടയൻ ഒരു ആടിൻ്റെ പ്രസവമെടുത്താൽ, ഞങ്ങൾ അതിനുപകരമായി ഒരു ആടിനെ അറുക്കാറുണ്ട്." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എനിക്കൊരു ഭാര്യയുണ്ട്; അവളുടെ നാവിന് ഒരു കുഴപ്പമുണ്ട് —അതായത് അശ്ലീലം സംസാരിക്കും—." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ വിവാഹമോചനം ചെയ്യുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അവൾ എന്നോടൊപ്പം കാലങ്ങളായി. അവളിൽ നിന്ന് എനിക്ക് കുട്ടികളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളോട് കൽപ്പിക്കുക —അഥവാ അവളെ ഉപദേശിക്കുക—. അവളിൽ നന്മയുണ്ടെങ്കിൽ അവൾ കൽപ്പിച്ചത് പ്രകാരം ചെയ്യും. നിന്റെ അടിമയെ അടിക്കുന്നത് പോലെ നിന്റെ ഭാര്യയെ നീ അടിക്കരുത്." അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതരേണമേ." അവിടുന്ന് പറഞ്ഞു: "വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ."

[സ്വഹീഹ്]

الشرح

ലകീത് ബ്നു സബിറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: താൻ ബനൂൽ മുന്തഫിഖ് ഗോത്രത്തിൽ നിന്നുള്ള ഒരു സംഘത്തോടൊപ്പം നബി -ﷺ- യെ സന്ദർശിക്കാൻ ചെന്നു. അദ്ദേഹം പറയുന്നു: ഞങ്ങൾ ചെന്നെത്തിയപ്പോൾ നബി -ﷺ- യെ ഞങ്ങൾ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് മാവും നെയ്യും ചേർത്ത ഒരുതരം കഞ്ഞി ഉണ്ടാക്കാൻ കൽപ്പിച്ചു. പിന്നീട് ഈത്തപ്പഴം വെച്ച ഒരു തളിക ഞങ്ങൾക്ക് നൽകപ്പെട്ടു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങൾക്ക് വല്ല ഭക്ഷണവും നൽകപ്പെട്ടോ?" ഞങ്ങൾ പറഞ്ഞു: "അതെ." ലകീത്വ് പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, നബി -ﷺ- യുടെ ആട്ടിടയൻ ആടുകളെ അവക്ക് രാത്രി തങ്ങാനുള്ള സ്ഥലത്തേക്ക് തെളിച്ചുകൊണ്ട് വന്നു. അവന്റെ കൂടെ കരയുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: "ആട് എന്തിനെയാണ് (അതായത് ആൺകുട്ടിയോ പെൺകുട്ടിയോ, അല്ലെങ്കിൽ ഒറ്റയേയോ ഇരട്ടകളെയോ ആണോ) പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു പെൺകുട്ടിയെ." അവിടുന്ന് പറഞ്ഞു: "അതിന് പകരം നമുക്ക് ഒരു വലിയ ആടിനെ അറുക്കുക." ശേഷം നബി -ﷺ- പറഞ്ഞു: "നാം നിങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് അതിനെ അറുത്തതാണെന്ന് നിങ്ങൾ വിചാരിക്കരുത്. നമുക്ക് നൂറ് ആടുകളുണ്ട്; ഈ എണ്ണത്തിൽ കൂടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഒന്ന് ജനിച്ചാൽ ഞങ്ങൾ അതിന് പകരം ഒന്നിനെ അറുക്കും." ലകീത് പറയുന്നു: ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ ഭാര്യയുടെ നാവിന് കുറച്ചു നീളമുണ്ട്; അതായത് ദുഷിച്ച വാക്കുകൾ പറയും. ഞാൻ അവളോട് എങ്ങനെ പെരുമാറണം?" അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ നീ വിവാഹമോചനം ചെയ്തേക്കുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അവളുമായി എനിക്ക് നീണ്ട ദാമ്പത്യബന്ധമുണ്ട്. എനിക്ക് അവളിൽ മക്കളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ ഉപദേശിക്കുക. അവളിൽ നന്മയുണ്ടെങ്കിൽ അവൾ നിന്റെ ഉപദേശം സ്വീകരിക്കും. അവൾ അനുസരിച്ചില്ലെങ്കിൽ, വേദനയില്ലാത്ത വിധത്തിൽ അവളെ അടിക്കുക. നിന്റെ അടിമകളെ അടിക്കുന്നത് പോലെ അവളെ അടിക്കരുത്." പിന്നീട് ലകീത് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും." അവിടുന്ന് പറഞ്ഞു: "വുദൂഅ് ചെയ്യുമ്പോൾ വെള്ളം അതിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക. ഓരോ അവയവവും അതിന് അർഹമായ വിധത്തിൽ കഴുകുകയും ചെയ്യുക; അതിന്റെ ഫർളുകളോ സുന്നത്തുകളോ ഒന്നും വിട്ടുപോകാതെ ശ്രദ്ധിക്കുക എന്നർത്ഥം. അതോടൊപ്പം കൈവിരലുകളും കാൽവിരലുകളും കഴുകുമ്പോൾ അവയ്ക്കിടയിൽ വിരലുകൾ കോർത്തു കൊണ്ട് വിരലുകൾ വേർപ്പെടുത്തി കഴുകുക. വുദൂഇനിടയിൽ മൂക്കിലേക്ക് വെള്ളം ശക്തിയായി വലിച്ചുകയറ്റി പുറത്തേക്ക് ചീറ്റുകയും ചെയ്യുക; നീ നോമ്പുകാരനാണെങ്കിൽ ഒഴികെ. വെള്ളം വയറ്റിൽ പ്രവേശിച്ചേക്കാമെന്നതിനാൽ നോമ്പുള്ളപ്പോൾ മൂക്കി ശക്തിയായി വെള്ളം കയറ്റി ചീറ്റരുത്."

فوائد الحديث

അതിഥിയെ ആദരിക്കുന്നത് ഇസ്‌ലാമിക മര്യാദയിൽ പെട്ടതാണ്.

വുദു പൂർണ്ണമായി നിർവ്വഹിക്കുക എന്നത് രണ്ട് തരത്തിലുണ്ട്:

1- വാജിബ് (നിർബന്ധം) ആയത്: ഈ രൂപത്തിലുള്ള പൂർത്തീകരണമില്ലാതെ വുദ്വു പൂർണ്ണമാവുകയില്ല. വുദുവിൻ്റെ അവയവങ്ങൾ കഴുകുകയും വെള്ളം അതിൻ്റെ എല്ലാ ഭാഗത്തും എത്തിക്കുകയും ചെയ്യുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശ്യം.

2- മുസ്തഹബ്ബ് (അഭികാമ്യം) ആയത്: വുദ്വുവിൻ്റെ പൂർണ്ണതക്ക് നിർബന്ധമായും വേണ്ട വിധത്തിലുള്ളതല്ല ഇത്. അതായത്, വുദുവിൻ്റെ അവയങ്ങൾ ഒരു തവണ നിർബന്ധമായും കഴുകിയ ശേഷം, രണ്ടാമതും മൂന്നാമതും കഴുകുന്നത് മുസ്തഹബ്ബാണ്. ഇത് പുണ്യകരവും അഭികാമ്യവുമായ സുന്നത്താണ്.

കൈവിരലുകളും കാൽവിരലുകളും കഴുകുമ്പോൾ അവയ്ക്കിടയിൽ വിരലുകൾ പ്രവേശിപ്പിച്ചു കൊണ്ട് കഴുകുന്നത് അഭികാമ്യമാണ്. വിരലുകൾക്കിടയിൽ വെള്ളം എത്താൻ വേണ്ടിയാണിത്.

ത്വീബി പറയുന്നു: നബി -ﷺ- വുദൂഇന്റെ ചില സുന്നത്തുകളെക്കുറിച്ച് മാത്രം മറുപടി നൽകിയത്, ചോദ്യം ചോദിച്ചയാൾക്ക് വുദൂഇന്റെ അടിസ്ഥാന കാര്യങ്ങൾ അറിയാമായിരുന്നത് കൊണ്ടാണ്.

നബി -ﷺ- യുടെ ഉത്തമ സ്വഭാവങ്ങളിൽ ഒന്നാണ് മറ്റുള്ളവരുടെ വികാരങ്ങളെയും മാനസികാവസ്ഥകളെയും അവിടുന്ന് പരിഗണിക്കുമായിരുന്നു എന്നത്.

വുദൂഇൽ വായ കഴുകൽ നിർബന്ധമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു.

മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുന്നത് -നോമ്പുകാർക്കൊഴികെ- (ഇസ്തിൻശാഖ്) അഭികാമ്യമാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുന്നത് വെള്ളം തൊണ്ടയിലേക്ക് പോകാനും നോമ്പ് മുറിയാനും കാരണമായേക്കാം എന്നത് കൊണ്ടാണ് നോമ്പുകാരുടെ കാര്യത്തിൽ ഈ വേർതിരിവ്.

മുസ്‌ലിമായ എല്ലാവരുടെ മേലും ഹിജ്റ (പലായനം) നിർബന്ധമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം, ബനൂൽ മുന്തഫിഖും മറ്റുള്ളവരും മദീനയിലേക്ക് ഹിജ്റ പോകാതെ തങ്ങളുടെ പ്രതിനിധികളെയാണ് അയച്ചത്. ഒരാൾക്ക് തന്റെ ദീൻ പരസ്യമായി അനുഷ്ഠിക്കാൻ കഴിയുന്ന സ്ഥലത്താണ് അയാൾ ജീവിക്കുന്നത് എങ്കിൽ അവൻ്റെ മേൽ ഹിജ്റ നിർബന്ധമില്ല.

التصنيفات

വുദൂഇൻ്റെ സുന്നതുകളും മര്യാദകളും