വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ)…

വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ) ആദരിക്കപ്പെട്ടവരോടും പുണ്യവാന്മാരോടും ഒപ്പമായിരിക്കും. ഖുർആൻ പാരായണം ചെയ്യാൻ പ്രയാസമുണ്ടായിട്ടും ബുദ്ധിമുട്ടി പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ) ആദരിക്കപ്പെട്ടവരോടും പുണ്യവാന്മാരോടും ഒപ്പമായിരിക്കും. ഖുർആൻ പാരായണം ചെയ്യാൻ പ്രയാസമുണ്ടായിട്ടും ബുദ്ധിമുട്ടി പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

വിശുദ്ധ ഖുർആൻ നല്ല വിധത്തിൽ മനപാഠമാക്കി കൊണ്ടും, പാരായണത്തിൽ നൈപുണ്യം പുലർത്തി കൊണ്ടും പാരായണം ചെയ്യുന്നവർക്ക് അന്ത്യനാളിൽ ലഭിക്കുന്ന പുണ്യം അല്ലാഹുവിൻ്റെ പുണ്യവാന്മാരും ആദരണീയരുമായ മലക്കുകളുടെ സ്ഥാനത്തിന് തുല്യമായിരിക്കും. വിശുദ്ധ ഖുർആൻ മനപാഠമാക്കിയത് കുറവാണെന്നതിനാൽ ഖുർആൻ പാരായണം പ്രയാസകരമാകുന്നുണ്ട് എങ്കിലും, ഖുർആൻ പാരായണം ശ്രമപ്പെട്ട് നിർവ്വഹിക്കുകയും സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലമുണ്ടായിരിക്കുന്നതാണ് എന്നും നബി -ﷺ- അറിയിക്കുന്നു. ഒന്ന് അവൻ്റെ ഖുർആൻ പാരായണത്തിൻ്റെ പ്രതിഫലമാണെങ്കിൽ രണ്ടാമത്തേത് അവൻ പാരായണത്തിൽ നേരിടുന്ന പ്രയാസം സഹിക്കുന്നതിനുള്ള പ്രതിഫലമാണ്.

فوائد الحديث

വിശുദ്ധ ഖുർആൻ മനപാഠമാക്കാനും കൃത്യതയോടെ നിലനിർത്താനും ധാരാളമായി പാരായണം ചെയ്യാനും അതിലൂടെ മഹത്തരമായ പ്രതിഫലവും പുണ്യവും നേടിയെടുക്കാനുമുള്ള പ്രോത്സാഹനം. ഈ പ്രവൃത്തിക്ക് ലഭിക്കുന്ന ഉന്നതമായ പദവിയെ കുറിച്ചും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

ഖാദ്വീ ഇയാദ്വ് (رحمه الله) പറയുന്നു: "വിശുദ്ധ ഖുർആൻ പ്രയാസത്തോടെ പാരായണം ചെയ്യുന്നവർക്ക് ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവരേക്കാൾ പ്രതിഫലമുണ്ടായിരിക്കും എന്ന് ഈ ഹദീഥിന് അർത്ഥമില്ല. മറിച്ച്, ഖുർആനിൽ കൂടുതൽ നൈപുണ്യമുള്ളവനാണ് കൂടുതൽ പ്രതിഫലം നൽകപ്പെടുക; അതു കൊണ്ടാണ് അവൻ അല്ലാഹുവിൻ്റെ മലക്കുകളുടെ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. ഈ പദവി മറ്റുള്ളവർക്ക് ലഭിക്കുന്നതല്ല. അല്ലാഹുവിൻ്റെ ഗ്രന്ഥം അവനേപ്പോലെ പഠിക്കാനും മനപാഠമാക്കാനും കൃത്യത വരുത്താനും ശ്രമിക്കുകയോ അവനെ പോലെ ധാരാളമായി പാരായണം ചെയ്യാനും ആശയം ഗ്രഹിക്കാനും ശ്രമിക്കുകയോ ചെയ്യാത്ത ഒരാൾക്ക് അവനേക്കാൾ പ്രതിഫലം നൽകുമെന്ന് എങ്ങനെയാണ് കരുതുക?!"

ശൈഖ് ഇബ്നു ബാസ് (رحمه الله) പറഞ്ഞു: "വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുകയും അത് നന്നായി മനപാഠമാക്കുകയും ചെയ്യുന്നവർ പുണ്യവാന്മാരും അല്ലാഹുവിൻ്റെ സാമീപ്യം നൽകപ്പെട്ടവരുമായ മലക്കുകളോടൊപ്പമായിരിക്കും. വിശുദ്ധ ഖുർആനിൻ്റെ പാരായണം എന്നത് കൊണ്ട് ഉദ്ദേശ്യം കേവലം നാവ് കൊണ്ടുള്ള പാരായണം മാത്രമല്ല; മറിച്ച് ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതു കൂടെയാണ്. വാക്കിലും പ്രവൃ ത്തിയിലും ഖുർആൻ നിലനിർത്തുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം."

التصنيفات

ഖുർആനുമായി ഇടപഴകുന്നതിൻ്റെ ശ്രേഷ്ഠത, വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ