അല്ലാഹു ഹലാലാക്കിയത് (അനുവദനീയമാക്കിയത്) അവർ ഹറാമാക്കുകയും (നിഷിദ്ധമാക്കുകയും), അപ്പോൾ അതിനെ നിങ്ങളും…

അല്ലാഹു ഹലാലാക്കിയത് (അനുവദനീയമാക്കിയത്) അവർ ഹറാമാക്കുകയും (നിഷിദ്ധമാക്കുകയും), അപ്പോൾ അതിനെ നിങ്ങളും ഹറാമാക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു ഹറാമാക്കിയത് അവർ ഹലാലാക്കുകയും, അപ്പോൾ അത് നിങ്ങളും ഹലാലാക്കുകയും ചെയ്യുന്നില്ലേ?! ഞാൻ പറഞ്ഞു: അതെ! നബി -ﷺ- പറഞ്ഞു: "അത് തന്നെയാണ് അവർക്കുള്ള ഇബാദത്ത്."

അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തത് അദ്ദേഹം ഒരിക്കൽ കേട്ടു: "അവരുടെ (യഹൂദ നസ്വാറാക്കളുടെ) പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളാക്കി അവർ മാറ്റി. മർയമിൻ്റെ മകൻ മസീഹിനെയും. ഏക ആരാധ്യനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാകുന്നു." (ഈ ആയത്ത് കേട്ടപ്പോൾ) ഞാൻ ചോദിച്ചു: "ഞങ്ങൾ അവരെ ആരാധിക്കാറുണ്ടായിരുന്നില്ല." നബി -ﷺ- ചോദിച്ചു: "അല്ലാഹു ഹലാലാക്കിയത് (അനുവദനീയമാക്കിയത്) അവർ ഹറാമാക്കുകയും (നിഷിദ്ധമാക്കുകയും), അപ്പോൾ അതിനെ നിങ്ങളും ഹറാമാക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു ഹറാമാക്കിയത് അവർ ഹലാലാക്കുകയും, അപ്പോൾ അത് നിങ്ങളും ഹലാലാക്കുകയും ചെയ്യുന്നില്ലേ?!" ഞാൻ പറഞ്ഞു: അതെ! നബി -ﷺ- പറഞ്ഞു: "അത് തന്നെയാണ് അവർക്കുള്ള ഇബാദത്ത്."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

മഹാനായ സ്വഹാബി - അദിയ്യ് ബ്നു ഹാതിം - യഹൂദ നസ്വാറാക്കളെ കുറിച്ച് പരാമർശിക്കുന്ന : അവർ തങ്ങളിലെ പണ്ഡിത പുരോഹിതന്മാരെ ആരാധ്യന്മാരാക്കുകയും അല്ലാഹുവിൻറെ നിയമങ്ങൾക്ക് വിരുദ്ധമായത് അവർ നിയമമാക്കിക്കൊടുക്കുകയും അവർ അതിൽ അവരെ അനുസരിക്കുകയും ചെയ്യുന്നു. എന്ന ആയത്ത് നബി -ﷺ- പാരായണം ചെയ്യുന്നത് കേട്ടപ്പോൾ അതിലുള്ള ഒരു സംശയം നബി -ﷺ- യോട് ചോദിക്കുന്നു. അദ്ദേഹം ധരിച്ചിരുന്നത് ആരാധന എന്നാൽ സുജൂദും (സാഷ്ടാംഗം) പ്രാർത്ഥനയും പോലുള്ള കാര്യങ്ങൾ മാത്രമാണെന്നാണ്. അല്ലാഹുവിനും അവൻ്റെ റസൂലിനും എതിരായി കൊണ്ട്, പണ്ഡിതപുരോഹിതന്മാർ നിഷിദ്ധകാര്യങ്ങൾ അനുവദിക്കുകയും, അനുവദനീയമായവ നിഷിദ്ധമാക്കുകയും ചെയ്യുമ്പോൾ അതിൽ അവരെ അനുസരിക്കുന്നത് പണ്ഡിത പുരോഹിതന്മാർക്കുള്ള ആരാധനയിൽ പെടുന്നതാണ് എന്ന് നബി -ﷺ- അദ്ദേഹത്തിന് വിശദീകരിച്ചു നൽകുന്നു.

فوائد الحديث

* പണ്ഡിതന്മാരെയും മറ്റുള്ളവരെയും അല്ലാഹുവിൻ്റെ വിധിനിയമങ്ങൾ മാറ്റുന്നതിൽ - അവർ അല്ലാഹുവിൻ്റെ വിധിക്ക് എതിരാണ് പറയുന്നത് എന്ന് അറിവുണ്ടായിട്ടും - അനുസരിക്കുന്നത് (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന) വലിയ ശിർക്കാണ്.

* ഒരു കാര്യം അനുവദിക്കാനും നിഷിദ്ധമാക്കാനുമുള്ള അധികാരം അല്ലാഹുവിനാണുള്ളത്.

* ശിർക്കിൻ്റെ ഇനങ്ങളിൽ ഒന്നായ അനുസരണത്തിൽ സംഭവിക്കുന്ന ശിർക്ക് ഈ ഹദീഥിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

* അറിവില്ലാത്തവർക്ക് പഠിപ്പിച്ചു നൽകുക എന്നത് ദീനിൽ പെട്ട കാര്യമാണ്.

* ഇബാദത്ത് (ആരാധന) എന്നത് ഏറെ വിശാലമാണ്. അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തികരമായതുമായ, ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ഇബാദത്തുകളാണ്.

* യഹൂദരിലെ പണ്ഡിതന്മാരുടെയും നസ്വാറാക്കളിലെ പുരോഹിതന്മാരുടെയും വഴികേട് ഈ ഹദീഥ് വിശദീകരിക്കുന്നു.

* യഹൂദർക്കും നസ്വാറാക്കൾക്കും സംഭവിച്ച ശിർക്ക് ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു.

* എല്ലാ നബിമാരുടെയും മതത്തിൻ്റെ അടിസ്ഥാനം ഒന്ന് തന്നെയാണ്. അതായത് തൗഹീദ് (ഏകദൈവ വിശ്വാസം) ആണ്

* സ്രഷ്ടാവായ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് സൃഷ്ടിയെ അനുസരിക്കുക എന്നത് അവർക്കുള്ള ആരാധനയാണ്.

* അവ്യക്തമായ വിഷയങ്ങൾ പണ്ഡിതന്മാരോട് ചോദിച്ചു മനസ്സിലാക്കുക എന്നത് നിർബന്ധമാണ്.

* മതത്തിലുള്ള അറിവ് നേടിയെടുക്കാൻ സ്വഹാബികൾ പുലർത്തിയിരുന്ന ശ്രദ്ധയും പരിശ്രമവും.

التصنيفات

ബഹുദൈവാരാധന