തീർച്ചയായും പിശാച് അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടാതെ ഭക്ഷിക്കുന്നത് സ്വന്തമാക്കുന്നതാണ്

തീർച്ചയായും പിശാച് അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടാതെ ഭക്ഷിക്കുന്നത് സ്വന്തമാക്കുന്നതാണ്

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം ഒരു ഭക്ഷണത്തിന് കൂടിയിരുന്നാൽ നബി -ﷺ- തൻ്റെ കൈകൾ ഭക്ഷണത്തിൽ വെക്കുന്നത് വരെ ഞങ്ങളുടെ കൈ ഭക്ഷണത്തിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു. ഒരിക്കൽ അവിടുത്തോടൊപ്പം ഞങ്ങൾ ഒരു ഭക്ഷണത്തിന് കൂടിയിരുന്നു. അപ്പോൾ ഒരു പെൺകുട്ടി വന്നു കൊണ്ട് ഭക്ഷണത്തിലേക്ക് കൈയിടാൻ ശ്രമിച്ചു. ആരോ തള്ളുന്നത് പോലെയായിരുന്നു അവളുടെ വരവ്. നബി -ﷺ- ആ കുട്ടിയുടെ കൈ പിടിച്ചു വെച്ചു. പിന്നീട് ഒരു അഅ്റാബി (ഗ്രാമീണ അറബി) വന്നു കൊണ്ട് ഭക്ഷണത്തിലേക്ക് കൈയിടാൻ ശ്രമിച്ചു. ആരോ തള്ളുന്നത് പോലെയായിരുന്നു വരവ്. അയാളുടെ കയ്യും നബി -ﷺ- പിടിച്ചു വെച്ചു. ശേഷം അവിടുന്ന് പറഞ്ഞു: "തീർച്ചയായും പിശാച് അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടാതെ ഭക്ഷിക്കുന്നത് സ്വന്തമാക്കുന്നതാണ്. ഈ പെൺകുട്ടിയിലൂടെ അവൻ ഭക്ഷണം കൈക്കലാക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ അവളുടെ കൈ പിടിച്ചു വെച്ചത്. പിന്നീട് ഈ അഅ്റാബിയെ കൊണ്ട് ഭക്ഷണം കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കയ്യും ഞാൻ പിടിച്ചു വെച്ചു. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! അവളുടെ കയ്യിനോടൊപ്പം എൻ്റെ കൈക്കുള്ളിൽ അവൻ്റെ കയ്യുമുണ്ട്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നാൽ സ്വഹാബികളിൽ ആരും ഭക്ഷണത്തിലേക്ക് കൈനീട്ടുമായിരുന്നില്ല; നബി -ﷺ- തൻ്റെ കൈകൾ ഭക്ഷണത്തളികയിൽ വെക്കുന്നത് വരെ. ഒരിക്കൽ അവിടുത്തോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നപ്പോൾ ഒരു പെൺകുട്ടി നബി -ﷺ- യുടെ അടുത്തേക്ക് ആരോ തള്ളി വിട്ടതു പോലെ ഓടിവരുകയും, തൻ്റെ കൈകൾ ഭക്ഷണത്തളികയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- ആ കുട്ടിയുടെ കൈ പിടിച്ചു വെച്ചു. ഗ്രാമീണ അറബികളിൽ പെട്ട ഒരു അഅ്റാബിയും അതിന് ശേഷം ഇതു പോലെ പാത്രത്തളികയിലേക്ക് കൈ നീട്ടി; അയാളുടെ കയ്യും നബി -ﷺ- ഭക്ഷണം സ്പർശിക്കുന്നതിന് മുൻപ് പിടിച്ചു വെച്ചു. ശേഷം നബി -ﷺ- പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ ഒരാൾ ഭക്ഷണം കഴിക്കാൻ ആരംഭിച്ചാൽ പിശാചിന് ആ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതാണ്; ഈ പെൺകുട്ടിയെ പിശാച് പറഞ്ഞയച്ചത് ഈ ഭക്ഷണത്തിൽ നിന്ന് അവന് കഴിക്കുന്നതിന് വേണ്ടിയാണ്; അതു കൊണ്ടാണ് അവളുടെ കൈ ഞാൻ പിടിച്ചു വെച്ചത്. പിന്നീട് ഈ അഅ്റാബിയിലൂടെ ഭക്ഷണം കൈക്കലാക്കാൻ അവൻ ശ്രമിച്ചു; അതുകൊണ്ടാണ് അയാളുടെ കയ്യും ഞാൻ പിടിച്ചു വെച്ചത്. അല്ലാഹു തന്നെ സത്യം! അവളുടെ കയ്യിനോടൊപ്പം പിശാചിൻ്റെ കൈ എൻ്റെ കയ്യിനുള്ളിലുണ്ട്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി.

فوائد الحديث

സ്വഹാബികൾ നബി -ﷺ- ക്ക് കൽപ്പിച്ചിരുന്ന ആദരവും, അവിടുത്തോട് അവർ പുലർത്തിയിരുന്ന അദബും മര്യാദയും.

ഭക്ഷണത്തിൻ്റെ മര്യാദകളിൽ പെട്ടതാണ്, പ്രായത്തിൽ മൂത്തവരും ആദരവുള്ളവരും ഭക്ഷണം കഴിച്ചു തുടങ്ങുന്നത് വരെ കാത്തിരിക്കുക എന്നത്.

അശ്രദ്ധയിൽ ജീവിക്കുന്നവരെ തൻ്റെ താൽപര്യത്തിന് അനുസരിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് പിശാച് തള്ളിവിടുന്നതാണ്. അതിലൂടെ അവൻ്റെ ലക്ഷ്യം നേടിയെടുക്കാനാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിന് ഒരു ഉദാഹരണമാണ് ഈ ഹദീഥിൽ സംഭവിച്ച കാര്യം.

നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുന്നത് ചിലപ്പോൾ ഉറക്കെയാക്കുന്നത് നല്ലതാണ്; മറ്റുള്ളവർ ബിസ്മി ചൊല്ലുന്നത് കേൾക്കാനും അക്കാര്യം ശ്രദ്ധിക്കാനും അത് സഹായകമാണ്."

ഒരാൾ ഭക്ഷണം കഴിക്കാൻ വന്നെത്തുകയും, അയാൾ ബിസ്മി ചൊല്ലിയിട്ടില്ല എന്ന് നിനക്ക് ബോധ്യപ്പെടുകയും ചെയ്താൽ അവൻ ബിസ്മി ചൊല്ലാൻ വേണ്ടി അവൻ്റെ കൈ പിടിച്ചു വെക്കാം.

ഒരു കാര്യം തിന്മയാണെന്ന് അറിയുന്നവർ അത് തിരുത്തുക എന്നത് നിർബന്ധമാണ്. കൈ കൊണ്ട് തിന്മ തിരുത്താൻ സാധിക്കുന്നവർ കൈ കൊണ്ട് തന്നെ തിന്മ തടഞ്ഞു വെക്കണം.

നബി -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളിൽ പെട്ടതാണ് ഈ ഹദീഥ്; ഈ സംഭവത്തിൻ്റെ പിറകിൽ നടന്നിരുന്ന കാര്യങ്ങൾ അല്ലാഹു അവിടുത്തേക്ക് അറിയിച്ചു നൽകി.

ഈമാനുള്ളവരുടെ ഭക്ഷണത്തിൽ പിശാചിന് പങ്കുചേരാൻ സാധിക്കുകയില്ല; അവർ ബിസ്മി ചൊല്ലിയിട്ടില്ലെങ്കിൽ ഒഴികെ.

ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ജനങ്ങൾക്ക് പഠിപ്പിച്ചു നൽകുക എന്നത് പുണ്യകരമാണ്.

കേൾവിക്കാർക്ക് കാര്യങ്ങൾ കൂടുതൽ ശക്തമായി മനസ്സിൽ ഉറക്കാൻ വേണ്ടി സത്യം ചെയ്തു പറയുക എന്നത് പുണ്യകരമാണ്.

നവവി-رَحِمَهُ اللَّهُ- പറഞ്ഞു: വെള്ളവും പാലും തേനും കറിയും മരുന്നും മറ്റേതു പാനീയവും കുടിക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നത് ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നത് പോലെത്തന്നെ പുണ്യകരമാണ്.

നവവി -رَحِمَهُ اللَّهُ- പറഞ്ഞു: ഒരാൾ ഭക്ഷണത്തിൻ്റെ ആരംഭത്തിൽ മറന്നു കൊണ്ടോ ബോധപൂർവ്വമോ അറിവില്ലാത്തതിനാലോ ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടതിനാലോ മറ്റെന്തെങ്കിലും കാരണത്താൽ സാധിക്കാതെ വന്നതിനാലോ ബിസ്മി ഉപേക്ഷിക്കുകയും, പിന്നീട് അവനത് ഓർമ്മ വരുകയും ചെയ്താൽ അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ഇപ്രകാരം പറയുന്നത് പുണ്യകരമാണ്: ബിസ്മില്ലാഹി, അവ്വലഹൂ വ ആഖിറഹൂ (അല്ലാഹുവിൻ്റെ നാമത്തിൽ, തുടക്കത്തിലും ഒടുക്കത്തിലും). കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിക്കാനിരിക്കുകയാണെങ്കിൽ അവൻ 'ബിസ്മില്ലാഹ്' (അല്ലാഹുവിന്റെ നാമത്തിൽ) എന്ന് പറയട്ടെ. തുടക്കത്തിൽ പറയാൻ മറന്നുപോയാൽ 'ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു' എന്ന് പറയുകയും ചെയ്യട്ടെ." (അബൂദാവൂദ്, തിർമിദി)

التصنيفات

ഭക്ഷണം കഴിക്കുന്നതിൻ്റെയും പാനീയങ്ങൾ കുടിക്കുന്നതിൻ്റെയും മര്യാദകൾ