നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനത്തെ ഏഴിൽ ഒരുമിച്ചതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും ലൈലതുൽ ഖദ്ർ…

നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനത്തെ ഏഴിൽ ഒരുമിച്ചതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും ലൈലതുൽ ഖദ്ർ അന്വേഷിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴിൽ അവനത് അന്വേഷിക്കട്ടെ

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർക്ക് ലൈലതുൽ ഖദ്ർ അവസാനത്തെ ഏഴിലാണെന്ന് സ്വപ്നത്തിൽ കാണിക്കപ്പെട്ടു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനത്തെ ഏഴിൽ ഒരുമിച്ചതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും ലൈലതുൽ ഖദ്ർ അന്വേഷിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴിൽ അവനത് അന്വേഷിക്കട്ടെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി (ﷺ) യുടെ സ്വഹാബിമാരിൽ ചിലർ റമദാനിലെ അവസാനത്തെ ഏഴു രാവുകളിലാണ് ലൈലത്തുൽ ഖദ്ർ എന്ന് സ്വപ്നം കാണുകയുണ്ടായി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങൾ റമദാനിലെ അവസാനത്തെ ഏഴിലാണെന്നതിൽ ഒരുമിച്ചിരിക്കുന്നു. അതിനാൽ ആരെങ്കിലും ലൈലത്തുൽ ഖദ്ർ ഉദ്ദേശിക്കുകയും, അത് ലഭിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നെങ്കിൽ അവൻ അവസാനത്തെ ഏഴിൽ അത് അന്വേഷിക്കട്ടെ. ഒരു വർഷത്തിലെ റമദാൻ മുപ്പത് ദിവസങ്ങളുണ്ടെങ്കിൽ, ഇരുപത്തിനാലാം രാവ് മുതൽ ഈ ശ്രദ്ധ ആരംഭിക്കണം. എന്നാൽ ഇരുപത്തി ഒൻപത് ദിവസങ്ങളാണ് ഉള്ളത് എങ്കിൽ ഇരുപത്തിമൂന്നാം രാവ് മുതലും ആരംഭിക്കണം.

فوائد الحديث

ലൈലത്തുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയും, അത് അന്വേഷിക്കാനുള്ള പ്രോത്സാഹനവും.

ലൈലതുൽ ഖദ്ർ ഏതു രാത്രിയിലാണെന്നത് അല്ലാഹു കൃത്യമായി വിവരിക്കാത്തതിനാൽ ആ രാത്രിയിലെ പുണ്യം ലഭിക്കാനുള്ള ശ്രമത്തിൽ ജനങ്ങൾ (ലൈലതുൽ ഖദ്ർ ആകാൻ സാധ്യതയുള്ള രാത്രികളിലെല്ലാം) ഇബാദത്തുകൾ അധികരിപ്പിക്കാനും, അതിലൂടെ അവരുടെ പ്രതിഫലം അധികരിക്കാനും കാരണമാകും. അല്ലാഹുവിൻ്റെ അപാരമായ യുക്തിയും അവൻ്റെ കാരുണ്യവുമാണ് അതിൽ നിന്ന് മനസ്സിലാകുന്നത്.

ലൈലതുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിലാണ്; അതിലെ ഒറ്റയിട്ട രാവുകളിലാണ് കൂടുതൽ സാധ്യതയുള്ളത്.

റമദാൻ മാസത്തിലെ അവസാന രാത്രികളിൽ പെട്ട ഒരു രാത്രിയുടെ പേരാണ് ലൈലത്തുൽ ഖദ്ർ. അല്ലാഹു വിശുദ്ധ ഖുർആൻ നബി (ﷺ) യുടെ മേൽ അവതരിപ്പിച്ച രാത്രിയാണത്. ഈ രാത്രിയുടെ ബറകത്തും (നന്മകളിലുള്ള വർദ്ധനവും അനുഗ്രഹവും), അതിൻ്റെ മഹത്തരമായ സ്ഥാനവും, അതിലുള്ള സൽകർമ്മങ്ങളുടെ പുണ്യവും ആയിരം മാസങ്ങളുടേതിനേക്കാൾ അല്ലാഹു മഹത്തരമാക്കിയിരിക്കുന്നു.

ലൈലത്തുൽ ഖദ്ർ എന്ന് ഈ രാത്രിക്ക് പേര് വരാനുള്ള കാരണം എന്താണെന്നതിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്.

ഒന്ന്: ഈ രാത്രിയുടെ സ്ഥാനവും മഹത്വവും ബോധ്യപ്പെടുത്തുന്നതിനാണത്. ഉന്നത സ്ഥാനമുള്ള വ്യക്തിയെ

'عظيم القدر' എന്ന് അറബിയിൽ പറയാറുണ്ട്. ഈ വിശദീകരണ പ്രകാരം രാത്രിയെ വിശേഷിപ്പിക്കാനാണ് സ്ഥാനം എന്ന അർത്ഥമുള്ള 'ഖദ്ർ' എന്ന പദം നൽകിയത്. ഈ രാത്രിക്ക് മഹത്തരമായ പദവിയും ശ്രേഷ്ഠതയും സ്ഥാനവുമുണ്ട് എന്നാണ് അതിൻ്റെ സൂചന. "അനുഗ്രഹീതമായ ഒരു രാത്രിയിലാണ് ഈ ഗ്രന്ഥം നാം അവതരിപ്പിച്ചത്." (ദുഖാൻ: 3) എന്ന വചനം ഈ വിശദീകരണത്തിന് ബലം നൽകുന്നുണ്ട്.

രണ്ട്: വിധിനിർണ്ണയത്തിൻ്റെ രാത്രി എന്ന അർത്ഥത്തിലാണ് ഈ പേര് നൽകപ്പെട്ടത്; ഒരു പ്രവർത്തി നടക്കുന്ന സമയത്തിലേക്ക് പ്രവർത്തനത്തെ ചേർത്തി പറയുക എന്ന ശൈലിയാണ് അവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നത് എന്നർത്ഥം. ഓരോ വർഷവും സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ അല്ലാഹു ഈ രാത്രിയിൽ നിർണ്ണയിക്കുന്നു എന്ന ഉദ്ദേശ്യമാണ് അപ്പോൾ അതിന് ഉണ്ടാവുക. "ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു." (ദുഖാൻ: 4) എന്ന വചനം ഈ അർത്ഥത്തിലേക്ക് സൂചന നൽകുന്നുണ്ട്.

التصنيفات

റമദാനിലെ അവസാനത്തെ പത്ത്