നിങ്ങളുടെ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക! നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ്…

നിങ്ങളുടെ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക! നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക! നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഐഹികജീവിതത്തിൻ്റെ കാര്യങ്ങളിൽ തനിക്ക് താഴെയുള്ളവരിലേക്കും തന്നേക്കാൾ കുറവുള്ളവരിലേക്കും നോക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. സ്ഥാനമാനങ്ങളിലും സമ്പത്തിലും പദവികളിലും മറ്റുമെല്ലാം ഇപ്രകാരമാണ് ചെയ്യേണ്ടത്. ദുനിയാവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തനിക്ക് മുകളിലുള്ളവരിലേക്കും തന്നേക്കാൾ ശ്രേഷ്ഠരായവരിലേക്കും നോക്കരുത് എന്നും നബി -ﷺ- കൽപ്പിക്കുന്നു. കാരണം താഴെയുള്ളവരിലേക്ക് നോക്കുന്നത് അല്ലാഹു നിനക്ക് നൽകിയ അവൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കുന്നതിൽ നിന്നും കുറവായി കാണുന്നതിൽ നിന്നും നിന്നെ സംരക്ഷിക്കാൻ ഏറ്റവും സഹായകവും അനുയോജ്യവുമാണ്.

فوائد الحديث

തനിക്ക് ലഭിച്ചതിൽ തൃപ്തിപ്പെടാൻ കഴിയുക എന്നത് അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരുടെ സ്വഭാവങ്ങളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിയടഞ്ഞവരുടെ അടയാളങ്ങളിൽ പെട്ടതുമാണത്.

ഇബ്നു ജരീർ (رحمه الله) പറയുന്നു: "ഈ ഹദീഥ് പലതരത്തിലുള്ള നന്മകൾ ഒരുമിക്കുന്ന ആശയബാഹുല്യമുള്ള ഹദീഥാണ്. കാരണം ഇഹലോകത്തിൻ്റെ കാര്യത്തിൽ തന്നേക്കാൾ മുകളിലുള്ളവരെ നോക്കുന്നത് അവർക്ക് ലഭിച്ചത് പോലുള്ളതിൻ്റെ പിറകിൽ പോകാനാണ് അവനെ പ്രേരിപ്പിക്കുക. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളായി തൻ്റെ പക്കലുള്ളവയെ അതോടെ അവൻ നിസ്സാരമായി കാണും. അതോടെ, ഇഹലോകം കൂടുതൽ അധികരിപ്പിക്കാനും, തനിക്ക് മുകളിലുള്ളവനെ പോലെയോ അവൻ്റെ അടുത്തെങ്കിലും എത്താനോ ഉള്ള ആർത്തിയും അവനെ പിടികൂടും. ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിൻ്റെയും സ്ഥിതി ഇപ്രകാരമാണ്.

എന്നാൽ ഐഹികവിഷയങ്ങളിൽ തന്നേക്കാൾ താഴെയുള്ളവരിലേക്ക് നോക്കുന്നത് അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങൾ തിരിച്ചറിയാനും, അതിന് അല്ലാഹുവിന് നന്ദി കാണിക്കാനും, വിനയമുള്ളവരാകാനും, നന്മകൾ പ്രവർത്തിക്കാനുമാണ് അവനെ പ്രേരിപ്പിക്കുക."

التصنيفات

മനസ്സുകളെ ശുദ്ധീകരിക്കൽ