താങ്കൾക്ക് നൽകപ്പെട്ട രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക. താങ്കൾക്ക് മുമ്പ് ഒരു നബിക്കും അവ…

താങ്കൾക്ക് നൽകപ്പെട്ട രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക. താങ്കൾക്ക് മുമ്പ് ഒരു നബിക്കും അവ നൽകപ്പെട്ടിട്ടില്ല: ഫാത്തിഹ സൂറത്തും ബഖറ സൂറത്തിന്റെ അവസാന ഭാഗങ്ങളുമാണ് അവ. അവയിലെ ഓരോ അക്ഷരം താങ്കൾ പാരായണം ചെയ്യുമ്പോഴും, താങ്കൾക്ക് അത് നൽകപ്പെടാതിരിക്കില്ല

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്തിരിക്കുമ്പോൾ, തൻ്റെ മുകളിൽ നിന്ന് ഒരു വാതിൽ തുറക്കുന്നത് പോലെയുള്ള ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം തലയുയർത്തി നോക്കി; ശേഷം പറഞ്ഞു: "ആകാശത്തുള്ള ഒരു വാതിൽ ഇന്ന് തുറക്കപ്പെട്ടിരിക്കുന്നു; ഇന്ന് മാത്രമാണ് അത് തുറക്കപ്പെട്ടത്. ഇതിനുമുമ്പ് ഒരിക്കലും ഇത് തുറക്കപ്പെട്ടിട്ടില്ല." അപ്പോൾ അതിൽ നിന്ന് ഒരു മലക്ക് ഇറങ്ങിവന്നു. ജിബ്‌രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "ഭൂമിയിലേക്ക് ഒരു മലക്ക് ഇറങ്ങി വന്നിരിക്കുന്നു; ഇന്നേക്ക് മുൻപ് ഈ മലക്ക് ഒരിക്കലും ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ല." ആ മലക്ക് സലാം ചൊല്ലിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "താങ്കൾക്ക് നൽകപ്പെട്ട രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക. താങ്കൾക്ക് മുമ്പ് ഒരു നബിക്കും അവ നൽകപ്പെട്ടിട്ടില്ല: ഫാത്തിഹ സൂറത്തും ബഖറ സൂറത്തിന്റെ അവസാന ഭാഗങ്ങളുമാണ് അവ. അവയിലെ ഓരോ അക്ഷരം താങ്കൾ പാരായണം ചെയ്യുമ്പോഴും, താങ്കൾക്ക് അത് നൽകപ്പെടാതിരിക്കില്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മലക്ക് ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്തിരിക്കുമ്പോൾ, ഒരു വാതിൽ തുറക്കുന്നതു പോലുള്ള ഒരു ശബ്ദം ആകാശത്ത് നിന്ന് കേട്ടു. അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- തലയുയർത്തി ആകാശത്തേക്ക് നോക്കി. എന്നിട്ട് നബി -ﷺ- യോട് പറഞ്ഞു: ഇത് ആകാശത്ത് നിന്ന് ഇന്ന് തുറക്കപ്പെട്ട ഒരു വാതിലാണ്, ഇതിനുമുമ്പ് ഒരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. അപ്പോൾ അതിൽ നിന്ന് ഒരു മലക്ക് ഭൂമിയിലേക്ക് ഇറങ്ങിവന്നു, ഇതിനുമുമ്പ് ഈ മലക്ക് ഒരിക്കലും ഇറങ്ങിയിട്ടില്ല. ആ മലക്ക് നബി -ﷺ- യോട് സലാം അറിയിച്ച ശേഷം അവിടുത്തോട് പറഞ്ഞു: താങ്കൾക്ക് മുമ്പ് ഒരു നബിക്കും ലഭിക്കാത്ത രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക; സൂറത്തുൽ ഫാത്തിഹയും സൂറത്തുൽ ബഖറയിലെ അവസാന രണ്ട് ആയത്തുകളുമാണവ. പിന്നീട് മലക്ക് പറഞ്ഞു: അവയിലെ ഏതൊരു വാക്ക് ഒരാൾ പാരായണം ചെയ്താലും, അല്ലാഹു അവന് അതിലുള്ള നന്മയും പ്രാർത്ഥനയും അവൻ്റെ തേട്ടവും അവന് നൽകാതിരിക്കില്ല.

فوائد الحديث

സൂറത്തുൽ ഫാത്തിഹയുടെയും, സൂറത്തുൽ ബഖറയുടെ അവസാന ഭാഗങ്ങളുടെയും ശ്രേഷ്ഠത അറിയിക്കുകയും, അവ പാരായണം ചെയ്യാനും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കാനും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു ഈ ഹദീഥ്.

ആകാശത്തിന് വാതിലുകളുണ്ടെന്നും, അതിലൂടെയാണ് അല്ലാഹുവിൻ്റെ കൽപനകൾ ഇറങ്ങുന്നതെന്നും, അല്ലാഹുവിന്റെ കൽപനയില്ലാതെ അവ തുറക്കപ്പെടുകയില്ലെന്നും വ്യക്തമാക്കുന്നു.

നബി -ﷺ- ക്ക് തന്റെ റബ്ബിന്റെ അടുക്കലുള്ള സ്ഥാനവും ബഹുമാനവും ഈ ഹദീഥ് വ്യക്തമാക്കുന്നു. അവിടുത്തേക്ക് മുമ്പുള്ള പ്രവാചകന്മാർക്ക് നൽകാത്ത ഈ രണ്ട് പ്രകാശങ്ങളെക്കൊണ്ട് അല്ലാഹു അവിടുത്തേ ആദരിച്ചിരിക്കുന്നു.

അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ഇസ്‌ലാമിക പ്രബോധനം നിർവ്വഹിക്കുകയും ചെയ്യുമ്പോൾ സ്വീകരിക്കേണ്ട രീതിയിൽ പെട്ടതാണ് സന്തോഷമേകുന്ന വിധത്തിൽ കാര്യങ്ങൾ അറിയിക്കുക എന്നത്.

التصنيفات

ഖുർആനിലെ സൂറതുകളുടെയും ആയതുകളുടെയും ശ്രേഷ്ഠതകൾ, മലക്കുകൾ