إعدادات العرض
അല്ലാഹുവേ, കഴിവില്ലായ്മയിൽ നിന്നും, അലസതയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൽ…
അല്ലാഹുവേ, കഴിവില്ലായ്മയിൽ നിന്നും, അലസതയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകുകയും, അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ. നീയാണ് അതിന്റെ സംരക്ഷകനും രക്ഷാധികാരിയും. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്നും, ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിയടയാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു
സൈദ് ഇബ്നു അർഖം -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- പറഞ്ഞിരുന്നത് പോലെയല്ലാതെ ഞാൻ നിങ്ങളോട് യാതൊന്നും പറയുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "അല്ലാഹുവേ, കഴിവില്ലായ്മയിൽ നിന്നും, അലസതയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകുകയും, അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ. നീയാണ് അതിന്റെ സംരക്ഷകനും രക്ഷാധികാരിയും. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്നും, ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിയടയാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी සිංහල Kurdî Tiếng Việt Magyar ქართული Kiswahili Română অসমীয়া ไทย Hausa Português मराठी دری አማርኛ ភាសាខ្មែរ Nederlands Македонски ગુજરાતી ਪੰਜਾਬੀالشرح
നബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ടതായിരുന്നു ഇത്: "അല്ലാഹുവേ, ഞാൻ നിന്നോട് അഭയം തേടുന്നു" - നിന്നിലേക്ക് അഭയം തേടുന്നു. "കഴിവില്ലായ്മയിൽ നിന്ന്" - പ്രയോജനകരമായ ഒരു വഴിയും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ നിന്ന്. "അലസതയിൽ നിന്ന്" - പ്രവർത്തിക്കാനുള്ള ഇച്ഛയില്ലാത്ത അവസ്ഥയിൽ നിന്ന്. കഴിവില്ലാത്തവന് വഴി കണ്ടെത്താൻ കഴിയില്ല, അലസന് അതിന് ആഗ്രഹവുമില്ല. "ഭീരുത്വത്തിൽ നിന്ന്" - അതായത്, ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് പിറകോട്ടു പോകുന്നതിൽ നിന്ന്. "പിശുക്കിൽ നിന്ന്" - നിർബന്ധമായും ചെലവഴിക്കേണ്ടത് നൽകാതെ പിടിച്ചു വെക്കുന്നതിൽ നിന്ന്. "വാർദ്ധക്യത്തിൽ നിന്ന്" - ശരീരത്തെ ദുർബലപ്പെടുത്തുന്ന പ്രായാധിക്യത്തിൽ നിന്ന്. "ഖബ്ർ ശിക്ഷയിൽ നിന്ന്" - അതായത്, അതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ അകപ്പെടുന്നതിൽ നിന്ന്. "അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകേണമേ," - അഥവാ സൽകർമങ്ങൾ പ്രവർത്തിക്കുന്നതിലേക്കും തിന്മകൾ ഉപേക്ഷിക്കുന്നതിലേക്കും നീ അതിനെ നയിക്കേണമേ. "അതിനെ നീ ശുദ്ധീകരിക്കേണമേ!" - അതായത്, മോശം സ്വഭാവങ്ങളിൽ നിന്നും നീചമായ കാര്യങ്ങളിൽ നിന്നും അതിനെ നീ ശുദ്ധമാക്കേണമേ. "നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ." - നീയല്ലാതെ മറ്റാരും അതിനെ പരിശുദ്ധമാക്കുന്നില്ല. "നീയാണ് അതിന്റെ സംരക്ഷകൻ" - അതിനെ സഹായിക്കുന്നവനും അതിനെ പരിപാലിക്കുന്നവനും. "അതിന്റെ രക്ഷാധികാരിയും" - അതായത് മനസ്സിൻ്റെ കാര്യങ്ങൾ നോക്കുന്നവനും, അതിന്റെ രക്ഷിതാവും ഉടമസ്ഥനും അതിന് മേൽ അനുഗ്രഹം ചെയ്യുന്നവനും. "അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു" - ജ്യോതിഷം, ജോത്സ്യം, സിഹ്ർ (മാരണം) പോലുള്ള അറിവുകൾ ഉദാഹരണം. അല്ലെങ്കിൽ പരലോകത്ത് യാതൊരു പ്രയോജനവുമില്ലാത്ത അറിവുകളും, സൽകർമ്മങ്ങളിലേക്ക് നയിക്കാത്ത അറിവുകളും. "ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്ന് ഞാൻ അഭയം തേടുന്നു" - അതായത്, നിനക്ക് (അല്ലാഹുവിന്) വഴങ്ങാത്ത, വിനയമില്ലാത്ത, ശാന്തതയില്ലാത്ത, നിന്നെ സ്മരിക്കുന്നതിലൂടെ സമാധാനം കണ്ടെത്താത്ത ഹൃദയത്തിൽ നിന്ന്. "തൃപ്തി വരാത്ത മനസ്സിൽ നിന്ന്" - അല്ലാഹു നൽകിയ ഹലാലായ നല്ല വിഭവങ്ങൾ കൊണ്ട് തൃപ്തിയടയാത്ത മനസ്സിൽ നിന്ന്. "ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്ന്" - അതായത്, നിരസിക്കപ്പെടുന്ന പ്രാർത്ഥനയിൽ നിന്ന്.فوائد الحديث
ഹദീസിൽ പരാമർശിച്ച ഈ കാര്യങ്ങളിൽ നിന്നെല്ലാം അഭയം തേടുന്നത് സുന്നത്താണ്.
തഖ്‌വ പാലിക്കുന്നതിനും അറിവ് പ്രചരിപ്പിക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള പ്രോത്സാഹനം ഉൾക്കൊള്ളുന്ന ഹദീഥാണിത്.
ഉപകാരപ്രദമായ അറിവ് എന്ന് പറയുന്നത് മനസ്സിനെ ശുദ്ധീകരിക്കുകയും റബ്ബിനെക്കുറിച്ചുള്ള ഭയം അതിൽ ജനിപ്പിക്കുകയും ചെയ്യുന്ന അറിവാണ്. അങ്ങനെ ഈ അറിവ് ശരീരത്തിൻ്റെ മറ്റു അവയവങ്ങളിലേക്ക് വ്യാപിക്കുന്നു.
ഭക്തിയുള്ള ഹൃദയം എന്നത് അല്ലാഹുവിനെ ഓർക്കുമ്പോൾ ഭയപ്പെടുകയും വിറയ്ക്കുകയും പിന്നീട് ശാന്തമാവുകയും സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ഹൃദയമാണ്.
ദുൻയാവിനോടുള്ള അത്യാഗ്രഹത്തെയും അതിന്റെ ആഗ്രഹങ്ങളും ആസ്വാദനങ്ങളും എത്രയെല്ലാം നേടിയാലും തൃപ്തിപ്പെടാത്ത അവസ്ഥ ബാധിക്കുന്നതിനെയും ഈ ഹദീഥിലൂടെ നബി -ﷺ- ആക്ഷേപിക്കുന്നു. ദുൻയാവിലെ വിഭവങ്ങളോട് അത്യാഗ്രഹമുള്ള മനസ്സ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ്. അതുകൊണ്ടാണ് നബി -ﷺ- അതിൽ നിന്ന് അഭയം തേടിയത്.
പ്രാർത്ഥന നിരാകരിക്കപ്പെടുന്നതിനുള്ള കാരണങ്ങളിൽ നിന്ന് അല്ലാഹുവിൻ്റെ ദാസന്മാർ അകലം പാലിക്കണം.
നവവി (رحمه الله) പറഞ്ഞു: "പ്രാർത്ഥനയിൽ പ്രാസമൊപ്പിച്ചുള്ള പദങ്ങൾ ഉപയോഗിക്കുന്നത് വെറുക്കപ്പെട്ടതാണ് എന്നതിൻ്റെ ഉദ്ദേശ്യം കൃത്രിമത്വം ഉൾക്കൊള്ളുന്ന മോശമായ പ്രാസമൊപ്പിക്കലാണെന്ന് പണ്ഡിതന്മാർ പറഞ്ഞതിന് തെളിവാണ് ഈ ഹദീഥ്. കാരണം, പ്രാർത്ഥനകൾ അപ്രകാരം പ്രാസമൊപ്പിക്കുക എന്നത് അതിലുള്ള വിനയവും താഴ്മയും ആത്മാർത്ഥതയും ഇല്ലാതാക്കുന്നു. കൂടാതെ അല്ലാഹുവിനോട് വിനയത്തോടെയും യാചനയോടെയും ശൂന്യമായ ഹൃദയത്തോടെയും പ്രാർത്ഥിക്കുന്നതിനും ഈ രീതി തടസ്സം സൃഷ്ടിക്കും. എന്നാൽ, കൃത്രിമത്വമോ ദീർഘമായ ചിന്തയോ കൂടാതെ ഒരാൾക്ക് തൻ്റെ ഭാഷാനൈപുണ്യത്താൽ സ്വാഭാവികമായി പ്രാർത്ഥനകൾ പ്രാസമൊപ്പിച്ച വിധത്തിൽ പറയാൻ കഴിയുന്നുവെങ്കിൽ, -അല്ലെങ്കിൽ മനഃപാഠമാക്കിയ പ്രാർത്ഥന അവൻ പറയുന്നതാണെങ്കിൽ- അതിൽ തെറ്റില്ല. മറിച്ച്, അത് നല്ല കാര്യമാണ്."
