നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക

നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക

ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗത്തിൽ നൂറ് പദവികളുണ്ട്; ഓരോ പദവികൾക്കും ഇടയിൽ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളത്ര (അകലമുണ്ട്). ഫിർദൗസ് സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതമായ പദവിയാണ്. അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികൾ പൊട്ടിയൊഴുകുന്നത്. അതിനും മുകളിലാണ് അർശ് (അല്ലാഹുവിൻ്റെ സിംഹാസനം) ഉള്ളത്. നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

പരലോകത്തുള്ള സ്വർഗത്തിൽ നൂറ് പദവികളും സ്ഥാനങ്ങളും ഉണ്ടായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. ഓരോ പദവികൾക്കും ഇടയിലുള്ള അകലം ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലം പോലെയായിരിക്കും. സ്വർഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം ഫിർദൗസ് എന്ന സ്ഥാനമാണ് .അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികളും പൊട്ടിയൊഴുകുന്നത്. ഫിർദൗസിൻ്റെയും മുകളിലാണ് അല്ലാഹുവിൻ്റെ സിംഹാസനമായ അർശുള്ളത്. അല്ലാഹുവിനോട് സ്വർഗം ചോദിക്കുമ്പോൾ സ്വർഗത്തിൻ്റെ ഏറ്റവും മുകളിലുള്ള സ്ഥാനമായ ഫിർദൗസ് ചോദിക്കുക എന്ന് നബി ﷺ ഓർമ്മപ്പെടുത്തുന്നു.

فوائد الحديث

സ്വർഗക്കാരുടെ സ്ഥാനങ്ങൾക്കിടയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഓരോരുത്തരുടെയും വിശ്വാസത്തിൻ്റെയും സൽകർമ്മങ്ങളുടെയും ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ചായിരിക്കും അത്.

അല്ലാഹുവിനോട് സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതപദവിയായ ഫിർദൗസ് ചോദിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും.

സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതവും ഏറ്റവും ശ്രേഷ്ഠവുമായ സ്ഥാനം ഫിർദൗസ് ആകുന്നു.

ഒരു മുസ്‌ലിമിൻ്റെ ആഗ്രഹവും ലക്ഷ്യവും ഏറ്റവും ഉന്നതമായിരിക്കണം. അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠവും ഏറ്റവും ഉന്നതവുമായ പദവി നേടിപ്പിടിക്കാനുള്ള പരിശ്രമവും പ്രാർത്ഥനയും അവൻ്റെ പക്കൽ നിന്നുണ്ടായിരിക്കണം.

സ്വർഗത്തിലെ നദികൾ നാലെണ്ണമാണ്; വെള്ളത്തിൻ്റെയും പാലിൻ്റെയും മദ്യത്തിൻ്റെയും തേനിൻ്റെയും നദികളാണവ. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: "സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌." (മുഹമ്മദ്: 15)

التصنيفات

അന്ത്യ ദിനത്തിലുള്ള വിശ്വാസം, മരണാനന്തര ജീവിതം, നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ