നിങ്ങളുടെ കൂട്ടത്തിൽ മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക

നിങ്ങളുടെ കൂട്ടത്തിൽ മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കൂട്ടത്തിൽ മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മരണലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയവരുടെ അരികിൽ വെച്ച് തൗഹീദിന്റെ വചനമായ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് ചൊല്ലിക്കൊടുക്കാനും അത് ആവർത്തിച്ചു കൊണ്ടിരിക്കാനും നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- ഓർമ്മപ്പെടുത്തുന്നു. അവർക്ക് മരണവേളയിൽ ശഹാദത്ത് കലിമ പറയുവാനും, അവരുടെ അവസാനത്തെ വാക്ക് അതായിത്തീരുവാനും വേണ്ടിയാണിത്.

فوائد الحديث

മരണം ആസന്നമായവർക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കൽ (തൽഖീൻ) പുണ്യകരമാണ് (മുസ്തഹബ്ബാണ്).

മരണാസന്നനായ വ്യക്തിയോട് തൽഖീൻ വീണ്ടും വീണ്ടും അധികരിപ്പിക്കുന്നതും, അയാൾ അത് ഏറ്റുചൊല്ലുകയോ മനസ്സിലാക്കുകയോ ചെയ്തുകഴിഞ്ഞ ശേഷവും വീണ്ടും നിർബന്ധിക്കുന്നതും കറാഹത്താണ് (വെറുക്കപ്പെട്ടതാണ്). ആവർത്തിച്ചു കേൾക്കുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്താതിരിക്കാനും, തൽഫലമായി ആ സന്ദർഭത്തിന് യോജിക്കാത്ത വല്ലതും അദ്ദേഹം പറഞ്ഞു പോകാതിരിക്കാനും വേണ്ടിയാണത്.

ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "മരണാസന്നനായ വ്യക്തി ഒരിക്കൽ ശഹാദത്ത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് അദ്ദേഹത്തോട് ആവർത്തിക്കരുത്; അതിനുശേഷം അദ്ദേഹം (ഭൗതികമായ) മറ്റെന്തെങ്കിലും സംസാരിച്ചാലൊഴികെ. അങ്ങനെ സംസാരിച്ചാൽ, അവസാനത്തെ വചനം ശഹാദത്ത് കലിമ ആയിത്തീരുന്നതിന് വേണ്ടി വീണ്ടും അത് ഓർമ്മിപ്പിക്കാവുന്നതാണ്."

മരണാസന്നനായ വ്യക്തിയുടെ അടുക്കൽ സന്നിഹിതനാവുക, അദ്ദേഹത്തെ (അല്ലാഹുവിനെക്കുറിച്ച്) ഓർമ്മപ്പെടുത്തുക, അദ്ദേഹത്തിന് ആശ്വാസം നൽകുക, (മരിച്ചാൽ) കണ്ണുകൾ അടക്കുക, അദ്ദേഹത്തോടുള്ള ബാധ്യതകൾ നിർവ്വഹിക്കുക തുടങ്ങിയ കാര്യങ്ങളും നിർവ്വഹിക്കാനുള്ള സൂചന ഈ ഹദീഥിലുണ്ട്.

മരണശേഷമോ, അല്ലെങ്കിൽ ഖബ്റടക്കിയ ശേഷം ഖബറിനരികിൽ വെച്ചോ തൽഖീൻ പറഞ്ഞു കൊടുക്കുന്നത് അനുവദനീയമല്ല. കാരണം നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- അപ്രകാരം ചെയ്തിട്ടില്ല.

التصنيفات

മരണവും വിധിവിലക്കുകളും