അദാൻ വിളിക്കുന്നതിൻ്റെയും ആദ്യത്തെ സ്വഫ്ഫിൻ്റെയും (പുണ്യം) ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതിന് വേണ്ടി…

അദാൻ വിളിക്കുന്നതിൻ്റെയും ആദ്യത്തെ സ്വഫ്ഫിൻ്റെയും (പുണ്യം) ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതിന് വേണ്ടി നറുക്കെടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ നറുക്കെടുക്കാൻ വരെ തയ്യാറാകുമായിരുന്നു

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അദാൻ വിളിക്കുന്നതിൻ്റെയും ആദ്യത്തെ സ്വഫ്ഫിൻ്റെയും (പുണ്യം) ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതിന് വേണ്ടി നറുക്കെടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ നറുക്കെടുക്കാൻ വരെ തയ്യാറാകുമായിരുന്നു. നിസ്കാരത്തിലേക്ക് നേരത്തെ വന്നെത്തുന്നതിലുള്ള പുണ്യം അറിഞ്ഞിരുന്നെങ്കിൽ അവർ അതിലേക്ക് മത്സരിക്കുമായിരുന്നു. ഇശാ നിസ്കാരത്തിൻ്റെയും സുബ്ഹ് നിസ്കാരത്തിൻ്റെയും പുണ്യം അറിഞ്ഞിരുന്നെങ്കിൽ അവർ മുട്ടുകളിൽ ഇഴഞ്ഞാണെങ്കിലും അതിലേക്ക് എത്തുമായിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അദാൻ വിളിക്കുന്നതിനും ആദ്യത്തെ സ്വഫ്ഫിൽ നിസ്കരിക്കുന്നതിനുമുള്ള ശ്രേഷ്ഠതയും പുണ്യവും അനുഗ്രഹവും ബറകത്തും ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അതിന് ആർക്കാണ് കൂടുതൽ അർഹതയുള്ളത് എന്നു തീരുമാനിക്കാൻ നറുക്കെടുക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെങ്കിൽ അവർ അതിനായി നറുക്കെടുക്കുമായിരുന്നു. നിസ്കാരത്തിലേക്ക് അതിൻ്റെ ആദ്യസമയത്ത് തന്നെ വന്നെത്തുന്നതിനുള്ള പ്രതിഫലം അവർ മനസ്സിലാക്കിയിരുന്നെങ്കിൽ അതിന് വേണ്ടി അവർ മത്സരം നടത്തുമായിരുന്നു. ഇശാ നിസ്കാരത്തിനും സുബ്ഹ് നിസ്കാരത്തിനും വന്നെത്തുന്നതിൻ്റെ പ്രതിഫലം എത്രയുണ്ട് എന്ന് അവർക്ക് അറിയുമായിരുന്നെങ്കിൽ അതിലേക്ക് വന്നെത്താൻ കുട്ടികൾ ഇഴയുന്നത് പോലെ, മുട്ടുകളിൽ ഇഴയേണ്ടി വന്നിരുന്നെങ്കിൽ അതു പോലും അവർക്ക് നിസ്സാരമായി അനുഭവപ്പെടുമായിരുന്നു.

فوائد الحديث

അദാൻ (ബാങ്ക്) വിളിക്കുന്നതിൻ്റെ ശ്രേഷ്ഠത.

ആദ്യത്തെ സ്വഫ്ഫിൻ്റെയും, ഇമാമിനോട് അടുത്തു നിൽക്കുന്നതിൻ്റെയും ശ്രേഷ്ഠത.

നിസ്കാരത്തിലേക്ക് അതിൻ്റെ ആദ്യസമയത്ത് തന്നെ പുറപ്പെടുന്നതിൻ്റെ ശ്രേഷ്ഠത. കാരണം മഹത്തരമായ ശ്രേഷ്ഠതയാണ് അതിനുള്ളത്. ധാരാളം നന്മകളും പുണ്യങ്ങളും അതിൽ നിന്ന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. അവയിൽ ചിലത് താഴെ പറയാം:

1- ഒന്നാമത്തെ സ്വഫ്ഫ് ലഭിക്കുക എന്നത്. 2- നിസ്കാരം അതിൻ്റെ ആദ്യസമയത്ത് തന്നെ നിർവ്വഹിക്കുക എന്നത്. 3- സുന്നത്ത് നിസ്കാരം നിർവ്വഹിക്കാൻ സാധിക്കുക എന്നത്. 4- ഖുർആൻ പാരായണം ചെയ്യാൻ കഴിയുക. 5- മലക്കുകൾ അവന് വേണ്ടി പാപമോചനവും ഇസ്തിഗ്ഫാറും തേടിക്കൊണ്ടിരിക്കും എന്നത്. 6- നിസ്കാരത്തിന് വേണ്ടി കാത്തിരിക്കുന്ന സമയത്തോളം അവൻ നിസ്കാരത്തിലായിരിക്കും എന്നത്. ഇതല്ലാതെ മറ്റനേകം പ്രയോജനങ്ങളും ഈ പ്രവർത്തി കൊണ്ട് ലഭിക്കുന്നതായുണ്ട്.

ഹദീഥിൽ പരാമർശിക്കപ്പെട്ട രണ്ട് നിസ്കാരങ്ങൾക്ക് ജമാഅത്തായി പങ്കെടുക്കുന്നതിൻ്റെ പ്രാധാന്യവും, അതിലുള്ള ധാരാളം പുണ്യങ്ങളും. കാരണം ഈ രണ്ട് നിസ്കാരങ്ങൾ മനസ്സിന് പ്രയാസകരമാണ്. ഒന്ന് ഉറക്കത്തിൻ്റെ ആരംഭ സമയത്തും, മറ്റൊന്ന് അതിൻ്റെ അവസാനസമയത്തുമാണ് എന്ന ഈ കാരണം കൊണ്ട് തന്നെയാണ് ഇവ രണ്ടും മുനാഫിഖുകൾക്ക് ഏറ്റവും ഭാരമുള്ള നിസ്കാരങ്ങളായത്.

നവവി (رحمه الله) പറയുന്നു: "ഒരു കാര്യത്തിന് ഒന്നിലധികം പേർ അർഹരായി ഉണ്ടാവൂകയും, അവരിൽ ആരാണ് അത് എടുക്കേണ്ടത് എന്നതിൽ തർക്കമുണ്ടാവുകയും ചെയ്താൽ ആ വിഷയത്തിൽ നറുക്കെടുപ്പ് നടത്താം എന്നതിന് ഈ ഹദീഥ് തെളിവാണ്."

നിസ്കാരത്തിൽ മൂന്നാമത്തെ സ്വഫ്ഫിനേക്കാൾ ശ്രേഷ്ഠതയുള്ളത് രണ്ടാമത്തെ സ്വഫ്ഫിനും, നാലാമത്തെ സ്വഫ്ഫിനേക്കാൾ ശ്രേഷ്ഠതയുള്ളത് മൂന്നാമത്തെ സ്വഫ്ഫിനുമാണ്. ഈ രൂപത്തിലാണ് സ്വഫ്ഫിൻ്റെ ശ്രേഷ്ഠത കണക്കാക്കേണ്ടത്.

التصنيفات

ശ്രേഷ്ഠതകൾ, നിസ്കാരത്തിലെ സുന്നത്തുകൾ