ഒരു മുസ്‌ലിമിന് എന്തെങ്കിലുമൊരു വിപത്ത് സംഭവിക്കുകയും അല്ലാഹു കൽപ്പിച്ചത് പ്രകാരം 'ഞങ്ങൾ അല്ലാഹുവിൻ്റേതാണ്.…

ഒരു മുസ്‌ലിമിന് എന്തെങ്കിലുമൊരു വിപത്ത് സംഭവിക്കുകയും അല്ലാഹു കൽപ്പിച്ചത് പ്രകാരം 'ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. അല്ലാഹുവിലേക്കാണ് നാം മടങ്ങുന്നത്' എന്ന് അവൻ പറയുകയും, 'അല്ലാഹുവേ, എൻ്റെ ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അവന് അതിനേക്കാൾ നല്ലത് പകരം നൽകാതിരിക്കില്ല

മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ (رضي الله عنها) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു: "ഒരു മുസ്‌ലിമിന് എന്തെങ്കിലുമൊരു വിപത്ത് സംഭവിക്കുകയും അല്ലാഹു കൽപ്പിച്ചത് പ്രകാരം 'ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. അല്ലാഹുവിലേക്കാണ് നാം മടങ്ങുന്നത്' എന്ന് അവൻ പറയുകയും, 'അല്ലാഹുവേ, എൻ്റെ ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അവന് അതിനേക്കാൾ നല്ലത് പകരം നൽകാതിരിക്കില്ല." ഉമ്മു സലമഃ (رضي الله عنها) പറഞ്ഞു: "(എൻ്റെ ഭർത്താവായ അബൂസലമഃ) മരണപ്പെട്ടപ്പോൾ) ഞാൻ പറഞ്ഞു: "മുസ്‌ലിംകളിൽ ആരാണ് അബൂസലമയേക്കാൾ നല്ലവനായുള്ളത്? അല്ലാഹുവിൻ്റെ റസൂലിൻ്റെ അടുത്തേക്ക് ആദ്യമായി പലായനം ചെയ്ത കുടുംബം." പിന്നീട് ഞാൻ (നബി (ﷺ) കൽപ്പിച്ചത് പ്രകാരം) പറഞ്ഞു. അപ്പോൾ അല്ലാഹു എനിക്ക് നബിയെ (ﷺ) പകരമായി നൽകി."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുഅ്മിനീങ്ങളുടെ മാതാവായ ഉമ്മു സലമഃ (رضي الله عنها) നബി (ﷺ) ഒരിക്കൽ ഇപ്രകാരം പറയുന്നത് കേൾക്കുകയുണ്ടായി: എന്തെങ്കിലുമൊരു പ്രയാസം ബാധിച്ചാൽ അതിന് ശേഷം പറയാനായി അല്ലാഹു പഠിപ്പിച്ച വാക്കുകൾ മുസ്‌ലിമായ ഒരാൾ പറഞ്ഞാൽ... അതായത്, "ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. നാം അവനിലേക്കാണ് മടങ്ങുന്നത്." (ബഖറഃ: 156) എന്നും, അല്ലാഹുവേ, എൻ്റെ ഈ വിപത്തിനും അതിൽ ഞാൻ ക്ഷമ കൈക്കൊള്ളുന്നതിനും എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ! എന്ന് (സാരമുള്ള ദുആ) പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അതിനേക്കാൾ ഉത്തമമായത് അവന് നൽകാതിരിക്കുകയില്ല. ഉമ്മു സലമഃ (رضي الله عنها) പറഞ്ഞു: (അവരുടെ ആദ്യ ഭർത്താവായിരുന്ന) അബൂ സലമഃ (رضي الله عنه) മരണപ്പെട്ടപ്പോൾ അവർ പറഞ്ഞു: "അബൂ സലമഃയേക്കാൾ ഉത്തമനായ മറ്റാരുണ്ട് മുസ്‌ലിംകളുടെ കൂട്ടത്തിൽ?! അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) അടുത്തേക്ക് ആദ്യം പലായനം ചെയ്തു വന്നത് (അദ്ദേഹത്തിൻ്റെ കുടുംബമായിരുന്നു)." എന്നാൽ അല്ലാഹു എന്നെ അത് പറയാൻ സഹായിക്കുകയും ഞാൻ (നബി (ﷺ) പഠിപ്പിച്ച ദിക്ർ പറയുകയും ചെയ്തു. അബൂ സലമയേക്കാൾ ഉത്തമനായ, അല്ലാഹുവിൻ്റെ റസൂലിനെയാണ് (ﷺ) അല്ലാഹു എനിക്ക് പകരമായി നൽകിയത്.

فوائد الحديث

പ്രയാസങ്ങളിലും വിപത്തുകളിലും ക്ഷമിക്കാനും നിരാശരാകാതിരിക്കാനുമുള്ള കൽപ്പന.

പ്രയാസങ്ങളിൽ അല്ലാഹുവിലേക്ക് പ്രാർത്ഥനകളുമായി മുന്നിടുക; കാരണം അവൻ്റെ പക്കൽ എല്ലാത്തിനുമുള്ള പകരവും പരിഹാരവുമുണ്ട്.

അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) കൽപനകൾ പൂർണ്ണമായും നിറവേറ്റുക; അതിൻ്റെ പിന്നിലെ യുക്തി നിനക്ക് വ്യക്തമായില്ലെങ്കിൽ പോലും.

നബിയുടെ (ﷺ) കൽപനകൾ നിറവേറ്റുക എന്നതിലാണ് എല്ലാ നന്മയുമുള്ളത്.

التصنيفات

നബികുടുംബത്തിൻ്റെ ശ്രേഷ്ഠത, ഹൃദയത്തിലെ പ്രവർത്തനങ്ങൾ