മീശ ചെറുതാക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമം എടുക്കൽ, ഗുഹ്യരോമം വടിക്കൽ എന്നീ കാര്യങ്ങൾ നബി (ﷺ) ഞങ്ങൾക്ക്…

മീശ ചെറുതാക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമം എടുക്കൽ, ഗുഹ്യരോമം വടിക്കൽ എന്നീ കാര്യങ്ങൾ നബി (ﷺ) ഞങ്ങൾക്ക് സമയപരിധി നിശ്ചയിച്ചു തന്നിരുന്നു; നാൽപ്പത് ദിവസത്തിന് മുകളിലേക്ക് അവ ഉപേക്ഷിക്കരുത് എന്നായിരുന്നു അത്

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "മീശ ചെറുതാക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമം എടുക്കൽ, ഗുഹ്യരോമം വടിക്കൽ എന്നീ കാര്യങ്ങൾ നബി (ﷺ) ഞങ്ങൾക്ക് സമയപരിധി നിശ്ചയിച്ചു തന്നിരുന്നു; നാൽപ്പത് ദിവസത്തിന് മുകളിലേക്ക് അവ ഉപേക്ഷിക്കരുത് എന്നായിരുന്നു അത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

പുരുഷൻ്റെ മീശ ചെറുതാക്കൽ, കയ്യിലെയും കാലിലെയും നഖം വെട്ടൽ, കക്ഷത്തിലെ രോമം എടുക്കൽ, ഗുഹ്യസ്ഥാനത്തെ രോമം വടിക്കൽ എന്നീ കാര്യങ്ങൾ നാൽപ്പത് ദിവസത്തിന് മുകളിലേക്ക് നീക്കിവെക്കരുത് എന്ന് നബി (ﷺ) സ്വഹാബികൾക്ക് സമയം നിശ്ചയിച്ചു നൽകിയിരുന്നു.

فوائد الحديث

ശൗകാനീ (رحمه الله) പറയുന്നു: "നബി -ﷺ- നിശ്ചയിച്ചു നൽകിയ നാൽപ്പത് ദിവസമെന്ന കണക്ക് കൃത്യമായി പാലിക്കപ്പെടുക എന്നതാണ് വേണ്ടത്. അതിന് അപ്പുറത്തേക്ക് അവ നീട്ടിവെക്കരുത്. മീശ നീണ്ടതിന് ശേഷവും അത് ചെറുതാക്കുന്നതും മറ്റും ഒരാൾ ഉപേക്ഷിക്കുന്നത് നാൽപ്പത് ദിവസം ആകുന്നതിന് മുൻപാണെങ്കിൽ അത് സുന്നത്തിന് വിരുദ്ധമായി കണക്കാക്കപ്പെടുന്നതല്ല."

ഇബ്നു ഹുബൈറ (رحمه الله) പറഞ്ഞു: "ഹദീഥിൽ വിവരിക്കപ്പെട്ട കാര്യങ്ങൾ നീട്ടിവെക്കാനുള്ള അവസാന തിയ്യതി നാൽപ്പതാണ്. ഈ ദിവസം എത്തുന്നതിന് മുൻപ് തന്നെ അവ ചെയ്യുക എന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്."

ശുദ്ധിയും വൃത്തി കാത്തുസൂക്ഷിക്കലും ഭംഗിയും അലങ്കാരവുമെല്ലാം ഇസ്‌ലാം വളരെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന പാഠം.

മേൽചുണ്ടിന് മുകളിൽ മുളക്കുന്ന രോമങ്ങൾ കുറച്ച് നീക്കിക്കൊണ്ടാണ് മീശ ചെറുതാക്കേണ്ടത്.

കക്ഷത്തിലെ രോമം നീക്കി കൊണ്ടാണ് കക്ഷം വൃത്തിയാക്കേണ്ടത്. തോളിൻ്റെ സന്ധി കൂടിച്ചേരുന്നതിൻ്റെ താഴ്ഭാഗത്തുള്ള രോമമാണ് ഇപ്രകാരം വൃത്തിയാക്കേണ്ടത്.

ഗുഹ്യസ്ഥാനത്തുള്ള രോമം വടിക്കുക എന്നത് സ്ത്രീക്കും പുരുഷനും ബാധകമാണ്; ഗുഹ്യാവയവത്തിൻ്റെ ചുറ്റും മുളക്കുന്ന കട്ടിയുള്ള രോമങ്ങളാണ് വടിച്ചു കളയേണ്ടത്.

التصنيفات

ഫിത്റതിൻ്റെ ചര്യകൾ