അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും നിങ്ങൾ…

അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും നിങ്ങൾ എനിക്ക് കരാർ നൽകുക

ഉബാദതു ബ്നു സ്വാമിത് (رضي الله عنه) നിവേദനം -ബദ്റിൽ പങ്കെടുത്ത സ്വഹാബിമാരിൽ ഒരാളാണ് അദ്ദേഹം. അഖബഃ ഉടമ്പടി ദിവസത്തിലെ നേതാക്കന്മാരിൽ പെട്ട ഒരാളുമാണ് അദ്ദേഹം- നബി -ﷺ- തൻ്റെ സ്വഹാബികൾ അവിടുത്തേക്ക് ചുറ്റും ഇരിക്കുന്ന സന്ദർഭത്തിൽ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും നിങ്ങൾ എനിക്ക് കരാർ നൽകുക. നിങ്ങളുടെ സന്താനങ്ങളെ വധിക്കില്ലെന്നും, നിങ്ങളുടെ കൈകാലുകൾക്കിടയിൽ ഒരു വ്യാജവാദം നിങ്ങൾ കൊണ്ടുവരികയില്ലെന്നും, നന്മ കൽപ്പിക്കപ്പെട്ടാൽ നിങ്ങൾ ധിക്കരിക്കുകയില്ലെന്നും (നിങ്ങൾ എന്നോട് കരാർ ചെയ്യുക). ആരെങ്കിലും ഈ കരാർ നിറവേറ്റിയാൽ അവനുള്ള പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. ആരെങ്കിലും ഈ പറഞ്ഞതിൽ എന്തെങ്കിലുമൊന്ന് പ്രവർത്തിക്കുകയും, ഇഹലോകത്ത് അതിനുള്ള ശിക്ഷ നൽകപ്പെടുകയും ചെയ്താൽ അത് അവനുള്ള പ്രായശ്ചിത്തമാണ്. ആരെങ്കിലും അതിൽ ഏതെങ്കിലും പ്രവർത്തിക്കുകയും ശേഷം അല്ലാഹു അവനെ മറച്ചു പിടിക്കുകയും ചെയ്താൽ അവൻ്റെ കാര്യം അല്ലാഹുവിങ്കലാണ്; അല്ലാഹു ഉദ്ദേശിച്ചാൽ അവന് മാപ്പു നൽകിയേക്കാം. അവൻ ഉദ്ദേശിച്ചാൽ അയാളെ ശിക്ഷിക്കുകയും ചെയ്തേക്കാം." അങ്ങനെ അക്കാര്യം നബി -ﷺ- യോട് ഞങ്ങൾ കരാർ ചെയ്തു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഉബാദഃ ബ്നു സ്വാമിത് (رضي الله عنه) നിവേദനം ചെയ്ത ഹദീഥാണിത്. ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം. മദീനയിലേക്ക് പാലായനം ചെയ്യുന്നതിന് മുൻപ് അവിടുന്ന് മക്കയിലായിരുന്ന കാലഘട്ടത്തിൽ, നബി -ﷺ- യെ സഹായിച്ചു കൊള്ളാമെന്ന് മദീനക്കാർ മിനാ രാത്രിയിൽ അഖബഃയിൽ വെച്ച് നൽകിയ കരാറിൽ പങ്കെടുത്ത നേതാക്കന്മാരിൽ ഒരാളുമാണ് അദ്ദേഹം. നബി -ﷺ- തൻ്റെ സ്വഹാബിമാർക്കിടയിൽ ഇരിക്കുന്ന വേളയിൽ അവിടുത്തേക്ക് കരാർ നൽകാൻ വേണ്ടി അവരോട് ആവശ്യപ്പെടുകയും, ചില കാര്യങ്ങൾ അവരോട് കരാർ വാങ്ങുകയും ചെയ്തു എന്ന് ഉബാദഃ (رضي الله عنه) അറിയിക്കുന്നു. പ്രസ്തുത കരാറിലെ വിഷയങ്ങൾ ഇവയായിരുന്നു: ഒന്ന്: ആരാധനയിൽ അല്ലാഹുവിൽ പങ്കുചേർക്കരുത്; അത് എത്ര ചെറിയ ആരാധനയാണെങ്കിലും. രണ്ട്: മോഷ്ടിക്കരുത്. മൂന്ന്: വ്യഭിചാരം എന്ന അശ്ലീലവൃത്തിയിൽ ഏർപ്പെടരുത്. നാല്: തങ്ങളുടെ സന്താനങ്ങളെ വധിക്കരുത്; (ജാഹിലിയ്യത്തിൽ ചെയ്യാറുണ്ടായിരുന്നത് പോലെ) ദാരിദ്യം ഭയന്ന് കൊണ്ട് ആൺകുഞ്ഞുങ്ങളെയോ, മാനഹാനി ഭയന്നു കൊണ്ട് പെൺകുഞ്ഞുങ്ങളെയോ വധിക്കരുത്. അഞ്ച്: കളവ് കെട്ടിച്ചമച്ചുണ്ടാക്കരുത്; നിങ്ങളുടെ കൈകളോ കാലുകളോ കൊണ്ട് എന്ന് പ്രത്യേകം പറഞ്ഞത് പ്രവർത്തനങ്ങളിൽ ബഹുഭൂരിപക്ഷവും ഇവ രണ്ടും ഉപയോഗിച്ചു കൊണ്ടാണെന്നതിനാലാണ്. മറ്റു അവയവങ്ങൾ അതിൽ പങ്കുചേരുന്നുണ്ടെങ്കിലും ഇവക്ക് അതിൽ പ്രത്യേക പങ്കുണ്ട്. ആറ്: ഒരു നന്മയിലും നബി -ﷺ- യെ ധിക്കരിക്കാതിരിക്കുക. ആരെങ്കിലും ഈ കരാർ മുറുകെ പിടിക്കുകയും, അത് പാലിക്കുകയും ചെയ്താൽ അതിനുള്ള പ്രതിഫലം അവന് അല്ലാഹുവിങ്കൽ ലഭിക്കുന്നതാണ്. ആരെങ്കിലും ഈ പറയപ്പെട്ട തിന്മകളിൽ ഏതെങ്കിലുമൊന്ന് പ്രവർത്തിക്കുകയും, അവൻ്റെ മേൽ ഇസ്‌ലാമിക ശിക്ഷാനിയമം നടപ്പിലാക്കപ്പെടുകയും ചെയ്താൽ അത് അവനുള്ള പ്രായശ്ചിത്തമായി പരിഗണിക്കപ്പെടുകയും, അവൻ്റെ പാപം പൊറുക്കപ്പെടുകയും ചെയ്യും. ഈ പറഞ്ഞതിൽ നിന്ന് ശിർക്ക് (ബഹുദൈവാരാധന) ഒഴിവാണ്; (മരണത്തിന് മുൻപ് അല്ലാഹുവിനോട് പാപമോചനം തേടാതെ അത് പൊറുക്കപ്പെടുകയില്ല). ഈ തിന്മകളിൽ ഏതെങ്കിലുമൊന്ന് ഒരാൾ പ്രവർത്തിക്കുകയും, അല്ലാഹു അത് രഹസ്യമാക്കി മറച്ചു വെക്കുകയും ചെയ്താൽ അവൻ്റെ കാര്യം അല്ലാഹുവിൻ്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും; അല്ലാഹു ഉദ്ദേശിച്ചാൽ അവന് പൊറുത്തു കൊടുക്കുകയും, അവൻ ഉദ്ദേശിച്ചാൽ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. ഉബാദഃ (رض الله عنه) പറയുന്നു: "അവിടെ കൂടിയിരുന്നവരെല്ലാം നബി -ﷺ- ക്ക് ഈ കാര്യങ്ങൾ കരാർ നൽകുകയുണ്ടായി."

فوائد الحديث

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം കൽപ്പിക്കപ്പെടുന്നതിന് മുൻപ് മക്കയിൽ വെച്ച് നടക്കപ്പെട്ട ബയ്അതുൽ അഖബയിലെ കരാറിൻ്റെ ഉള്ളടക്കം.

സിൻദി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ നന്മയിൽ അനുസരിക്കണം എന്ന കൽപ്പനയിൽ നിന്ന് അവിടുന്ന് നന്മയല്ലാത്തത് കൽപ്പിക്കുമെന്ന് മനസ്സിലാക്കരുത്; മറിച്ച്, അവിടുത്തെ കൽപ്പനകളെല്ലാം നന്മകളാണ്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ അനുസരിക്കുന്നത് നിർബന്ധമാണെന്നതിനുള്ള കാരണം സൂചിപ്പിക്കുന്നതിന് മാത്രമാണ് ഈ വാക്ക് അവിടെ പ്രയോഗിച്ചത്; നന്മയല്ലാത്ത കാര്യങ്ങളിൽ ഒരു സൃഷ്ടിക്കും അനുസരണമാകരുത് എന്ന ഓർമ്മപ്പെടുത്തലും അതിലുണ്ട്. അനുസരണക്കരാറുകൾ ഏർപ്പെടുമ്പോൾ 'നന്മയിൽ അനുസരിക്കണം' എന്ന നിബന്ധനയില്ലാതെ നിരുപാധികം കരാറിലേർപ്പെടരുത് എന്ന പാഠവും ഒപ്പം മനസ്സിലാക്കാം."

മുഹമ്മദ് ബ്നു ഇസ്മാഈൽ അത്തയ്മിയും മറ്റു ചില പണ്ഡിതന്മാരും പറയുന്നു: "കുഞ്ഞുങ്ങളെ വധിക്കരുത് എന്ന് നബി -ﷺ- ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്; അത് ഒരേ സമയം കൊലപാതകവും കുടുംബബന്ധം മുറിക്കലും കൂടിയാണ്. അതിനാൽ അക്കാര്യം കൂടുതൽ ശക്തമായി വിലക്കുകയും എതിർക്കുകയും വേണ്ടതുണ്ട്. കുഞ്ഞുങ്ങളെ വധിക്കുക എന്നത് ബഹുദൈവാരാധകർക്കിടയിൽ അക്കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. അവർ പെൺകുഞ്ഞുങ്ങളെ കുഴിച്ചു മൂടുകയും, ദാരിദ്ര്യം ഭയന്നു കൊണ്ട് ആൺകുട്ടികളെ വധിക്കുകയും ചെയ്യാറുണ്ടായിരുന്നു. കുട്ടികൾക്ക് തങ്ങൾക്ക് നേരെയുള്ള വധശ്രമം തടുക്കാനുള്ള ശേഷിയില്ല എന്നതും ഇക്കാര്യം പ്രത്യേകം പറയാനുള്ള മറ്റൊരു കാരണമായിരിക്കണം."

നവവി (رحمه الله) പറയുന്നു: "ഈ ഹദീഥിൽ അല്ലാഹു പൊറുത്തു നൽകുന്ന തിന്മകളിൽ എല്ലാ തിന്മകളെയും പൊതുവായി ഉൾക്കൊള്ളുമെന്ന ബാഹ്യപ്രയോഗമുണ്ടെങ്കിലും, 'അല്ലാഹുവിൽ പങ്കുചേർക്കുക എന്നത് അവൻ പൊറുത്തു നൽകുകയില്ല' എന്ന ആയത്ത് അതിൽ നിന്ന് ശിർക്ക് (ബഹുദൈവാരാധന) ഒഴിവാണെന്ന് പ്രത്യേകം അറിയിക്കുന്നുണ്ട്. അതിനാൽ, ഒരാൾ ഇസ്‌ലാം ഉപേക്ഷിച്ചതിൻ്റെ പേരിൽ വധിക്കപ്പെടുകയാണെങ്കിൽ അവൻ്റെ മേൽ നടപ്പിലാക്കപ്പെട്ട ആ ശിക്ഷാവിധി കാരണത്താൽ അവൻ്റെ നിഷേധം (കുഫ്ർ) പൊറുക്കപ്പെടുന്നതല്ല."

ഖാദ്വീ ഇയാദ്വ് (رحمه الله) പറയുന്നു: "തിന്മകൾക്ക് നൽകപ്പെടുന്ന ഇസ്‌ലാമിക ശിക്ഷാനടപടികൾ (ഹദ്ദുകൾ) പാപങ്ങൾക്കുള്ള പ്രായശ്ചിത്തം കൂടിയാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം."

التصنيفات

പശ്ചാത്താപം