നിങ്ങളിലൊരാളും തൻ്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്. അവനറിയില്ല, ചിലപ്പോൾ പിശാച് അവൻ്റെ കൈ തെന്നാൻ…

നിങ്ങളിലൊരാളും തൻ്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്. അവനറിയില്ല, ചിലപ്പോൾ പിശാച് അവൻ്റെ കൈ തെന്നാൻ വഴിയൊരുക്കുകയും, അങ്ങനെ അവൻ നരകത്തിൻ്റെ അഗാധഗർത്തത്തിൽ അകപ്പെടുകയും ചെയ്തേക്കാം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലൊരാളും തൻ്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്. അവനറിയില്ല, ചിലപ്പോൾ പിശാച് അവൻ്റെ കൈ തെന്നാൻ വഴിയൊരുക്കുകയും, അങ്ങനെ അവൻ നരകത്തിൻ്റെ അഗാധഗർത്തത്തിൽ അകപ്പെടുകയും ചെയ്തേക്കാം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ മുസ്‌ലിം സഹോദരന് നേരെ ഏതെങ്കിലും തരത്തിലുള്ള ആയുധം ചൂണ്ടുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. കാരണം പിശാച് ചിലപ്പോൾ അവൻ്റെ ആയുധം കയ്യിൽ നിന്ന് ചലിപ്പിക്കുകയും, തൻ്റെ സഹോദരനെ വധിക്കുന്നതിനോ മുറിവേൽപ്പിക്കുന്നതിനോ അത് കാരണമാവുകയും ചെയ്യും. അതിലൂടെ നരകത്തിൻ്റെ അഗാതഗർത്തങ്ങളിൽ അകപ്പെടാൻ കാരണമാകുന്ന തിന്മയിൽ അവൻ അകപ്പെടുകയും ചെയ്യും.

فوائد الحديث

മുസ്‌ലിമായ ഒരു മനുഷ്യൻ്റെ രക്തത്തിനുള്ള പവിത്രത.

മുസ്‌ലിമായ ഒരു മനുഷ്യനെ ആദരിക്കുക എന്നത് നിർബന്ധമാണെന്നും, അവനെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ പ്രയാസപ്പെടുത്തുന്നതിൽ നിന്നുള്ള താക്കീതും. കത്തിയോ വാളോ പോലുള്ള ആയുധം അവൻ്റെ നേരെ ചൂണ്ടുന്നത് അതിൽ പെട്ടതാണ്. തമാശക്കാണെങ്കിൽ പോലും അത് അനുവദനീയമല്ല. കാരണം പിശാച് ചിലപ്പോൾ അവൻ്റെ കൈകളെ സ്വാധീനിക്കുകയും, തൻ്റെ സഹോദരനെ അക്രമിക്കുന്നത് അവന് നല്ലതായി തോന്നിപ്പിക്കുകയും ചെയ്തേക്കാം. ചിലപ്പോൾ അവൻ്റെ കയ്യിൽ നിന്ന് ആയുധം തെന്നിപ്പോവുകയും -ബോധപൂർവ്വമല്ലാതെയാണെങ്കിലും- തൻ്റെ സഹോദരനെ അവൻ ഉപദ്രവമേൽപ്പിച്ചു പോവുകയും ചെയ്തേക്കാം.

നിഷിദ്ധവും ഹറാമുമായ കാര്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങൾ വരെ വിലക്കപ്പെട്ടിരിക്കുന്നു; തിന്മയുടെ വഴികളെല്ലാം കൊട്ടിയടക്കുക എന്ന ഇസ്‌ലാമിക അടിത്തറയുടെ ഭാഗമാണത്.

ജനങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ സംരക്ഷിക്കുന്നതിലും സമൂഹത്തിൻ്റെ കെട്ടുറപ്പ് സൂക്ഷിക്കുന്നതിലും ഇസ്‌ലാം പുലർത്തിയ ശ്രദ്ധ. അവരെ ഭയപ്പെടുത്തുന്നതോ ഭീതിയിലാഴ്ത്തുന്നതോ ആയ ഏതൊരു കാര്യത്തിൽ നിന്നും -അത് കേവലം ഒരു ആയുധം ചൂണ്ടലാണെങ്കിൽ പോലും- ഇസ്‌ലാം വിലക്കുകയും ചെയ്യുന്നു.

التصنيفات

കുറ്റകൃത്യങ്ങൾ