إعدادات العرض
ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും…
ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും വൈകുന്നേരവും എനിക്ക് ആകാശലോകത്ത് നിന്ന് സന്ദേശം എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- ഊറയിട്ട ഒരു തോൽപാത്രത്തിൽ കുറച്ച് സ്വർണ്ണം യമനിൽ നിന്ന് നബി -ﷺ- ക്ക് കൊടുത്തയച്ചു. ആ സ്വർണ്ണം മണ്ണിൽ നിന്ന് പൂർണ്ണമായി വേർതിരിച്ചു കഴിഞ്ഞതായിരുന്നില്ല. നബി -ﷺ- നാല് പേർക്കായി ആ സ്വർണ്ണം വീതിച്ചു നൽകി; ഉയയ്നതു ബ്നു ബദ്ർ, അഖ്റഅ് ബ്നു ഹാബിസ്, സയ്ദുൽ ഖയ്ൽ എന്നിവർക്കും, നാലാമത് അൽഖമക്കോ ആമിർ ബ്നു ത്വുഫൈലിനോ ആയിരുന്നു അത് നൽകിയത്. അപ്പോൾ നബി -ﷺ- യുടെ അനുചരന്മാരിൽ ഒരാൾ പറഞ്ഞു: "ഇവരേക്കാൾ ഇതിന് അർഹതയുള്ളത് ഞങ്ങൾക്കായിരുന്നു." ഇക്കാര്യം അറിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും വൈകുന്നേരവും എനിക്ക് ആകാശലോകത്ത് നിന്ന് സന്ദേശം എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു." അബൂ സഈദ് (رضي الله عنه) പറയുന്നു: "അപ്പോൾ ഒരാൾ എഴുനേറ്റു നിന്നു. അയാൾ കുഴിഞ്ഞ കണ്ണുകളും തള്ളിനിൽക്കുന്ന മേൽക്കവിളും ഉന്തിയ നെറ്റിയും തിങ്ങിയ താടിയും മുണ്ഡനം ചെയ്ത തലയും കയറ്റിയുടുത്ത വസ്ത്രവുമുള്ള ഒരുവനായിരുന്നു. എന്നിട്ട് അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ സൂക്ഷിക്കുക!" അവിടുന്ന് പറഞ്ഞു: "നിനക്ക് നാശം! ഭൂവാസികളിൽ അല്ലാഹുവിനെ സൂക്ഷിക്കാൻ ഏറ്റവും അർഹതയുള്ളവൻ ഞാനല്ലയോ?!" അബൂ സഈദ് പറയുന്നു: പിന്നീട് അയാൾ തിരിഞ്ഞു പോയി. അപ്പോൾ ഖാലിദ് ബ്നു വലീദ് (رضي الله عنه) ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവൻ്റെ തല ഞാനെടുക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "വേണ്ട! അവൻ ചിലപ്പോൾ നിസ്കരിക്കുന്നുണ്ടായിരിക്കാം." അപ്പോൾ ഖാലിദ് (رضي الله عنه) പറഞ്ഞു: "നിസ്കരിക്കുന്ന എത്ര പേരുണ്ട്; തൻ്റെ ഹൃദയത്തിലില്ലാത്തത് അവൻ നാവ് കൊണ്ട് പറയുന്നുവെന്ന് മാത്രം!" നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ ഹൃദയം പിളർത്തി നോക്കാനും, അവരുടെ വയറ് തുറന്നു നോക്കാനും ഞാൻ കൽപ്പിക്കപ്പെട്ടിട്ടില്ല." ശേഷം തിരിഞ്ഞു നടക്കുന്ന അവനെ നോക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ഇവൻ്റെ മുതുകിൽ നിന്ന് ഒരു കൂട്ടർ പുറപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഗ്രന്ഥം അവർ നനവോടെ പാരായണം ചെയ്യുമെങ്കിലും അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് അത് താഴോട്ടിറങ്ങുകയില്ല. അമ്പ് വില്ലിൽ നിന്ന് തെറിക്കുന്നത് പോലെ, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അക്കൂട്ടർ പുറത്തു പോകുന്നതാണ്." അവിടുന്ന് ഇപ്രകാരം കൂടെ പറഞ്ഞുവെന്നാണ് എൻ്റെ ഓർമ്മ: "അക്കൂട്ടരെ ഞാനെങ്ങാനും കണ്ടുമുട്ടുകയാണെങ്കിൽ ഥമൂദ് ഗോത്രത്തെ നശിപ്പിച്ചത് പോലെ ഞാൻ അവരെ കൊന്നൊടുക്കുന്നതാണ്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Türkçe اردو 中文 हिन्दी Tagalog Tiếng Việt ئۇيغۇرچە Hausa Kurdî অসমীয়া Nederlands Kiswahili සිංහල ગુજરાતી Magyar ქართული Română Português ไทย తెలుగు मराठी دری አማርኛ Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ Wolof پښتو Moore Svenskaالشرح
അലി ബ്നു അബീ ത്വാലിബ് (رضي الله عنه) യമനിൽ നിന്ന് നബി -ﷺ- ക്ക് ഒരു സ്വർണ്ണക്കട്ടി അയച്ചു കൊടുത്തു. ഊറയിട്ട ഒരു തോൽ പാത്രത്തിലായിരുന്നു അത് അയച്ചത്. അതിലെ സ്വർണ്ണമാകട്ടെ, മണ്ണിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ട നിലയിലായിരുന്നുമില്ല. നബി -ﷺ- നാല് പേർക്കായി അത് വീതംവെച്ചു നൽകി. ഉയയ്നഃ ബ്നു ബദ്റിൽ ഫസാരീ, അഖ്റഉ ബ്നു ഹാബിസ് അൽഹന്ദ്വലി, സയ്ദുൽ ഖൈൽ അന്നബ്ഹാനീ, അൽഖമതു ബ്നു അലാഥഃ അൽആമിരീ എന്നിവർക്കായിരുന്നു അവിടുന്ന് അത് നൽകിയത്. അപ്പോൾ നബി -ﷺ- യുടെ സ്വഹാബിമാരിൽ പെട്ട ഒരാൾ പറഞ്ഞു: അവരേക്കാൾ ഞങ്ങൾക്കായിരുന്നു അതിന് അർഹതയുണ്ടായിരുന്നത്. ഈ വിവരം നബി -ﷺ- അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും വൈകുന്നേരവും എനിക്ക് ആകാശലോകത്ത് നിന്നുള്ള വിവരങ്ങൾ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു." അപ്പോൾ കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞു പോയ, കവിളിൻ്റെ മുകൾ ഭാഗം ഉന്തിനിൽക്കുന്ന, ഉയർന്ന നെറ്റിയും, നീളമില്ലെങ്കിലും തിങ്ങിനിൽക്കുന്ന താടിയുള്ള, തലമുണ്ഡനം ചെയ്ത, തൻ്റെ കീഴ്മുണ്ട് കയറ്റിയുടുത്ത ഒരുവൻ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ! അല്ലാഹുവിനെ സൂക്ഷിക്കുക! അപ്പോൾ നബി -ﷺ- പറഞ്ഞു: "നിനക്ക് നാശം! അല്ലാഹുവിനെ സൂക്ഷിക്കാൻ ഏറ്റവും അർഹതയുള്ള മനുഷ്യൻ ഞാനല്ലയോ?!" ശേഷം അയാൾ പിന്തിരിഞ്ഞു പോയി. അപ്പോൾ ഖാലിദ് ബ്നു വലീദ് (رضي الله عنه) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! അവൻ്റെ കഴുത്തിന് ഞാൻ വെട്ടട്ടെയോ?! നബി -ﷺ- പറഞ്ഞു: "വേണ്ട! അവൻ ചിലപ്പോൾ നിസ്കരിക്കുന്നുണ്ടായിരിക്കാം." അപ്പോൾ ഖാലിദ് (رضي الله عنه) പറഞ്ഞു: "തൻ്റെ ഹൃദയത്തിലില്ലാത്തത് നാവ് കൊണ്ട് പറയുന്ന എത്രയെത്ര നിസ്കാരക്കാരുണ്ട്?!" ഇത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു: "ജനങ്ങളുടെ ഹൃദയം കുത്തിപ്പിളർന്നു നോക്കാനോ അവരുടെ വയറുകൾ കീറിനോക്കാനോ എന്നോട് കൽപ്പിച്ചിട്ടില്ല. മറിച്ച്, അവരുടെ പ്രത്യക്ഷമായ നടപടികളുടെ പേരിൽ മാത്രമേ അവരെ എനിക്ക് ശിക്ഷിക്കാനാകൂ." ശേഷം, തിരിഞ്ഞു നടക്കുന്ന ആ മനുഷ്യനെ നോക്കി നബി -ﷺ- പറഞ്ഞു: "ഇവൻ്റെ പിൻമുറക്കാരിൽ നിന്നും, ഇവൻ്റെ കൂട്ടരുടെയോ ഗോത്രക്കാരുടെയോ പിന്മുറക്കാരിൽ നിന്നും ഒരു വിഭാഗം പുറപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഗ്രന്ഥം മനോഹരമായ ശബ്ദത്തോടെ പാരായണം ചെയ്യാൻ അവർക്ക് കഴിവുണ്ടായിരിക്കും. ധാരാളം ഖുർആൻ പാരായണം ചെയ്ത നനവും അവരുടെ നാവുകൾക്കുണ്ടായിരിക്കും. എന്നാൽ ഖുർആൻ അവരുടെ തൊണ്ടക്കുഴികളെ വിട്ട് അവരുടെ ഹൃദയത്തിലേക്ക് ഗ്രഹിച്ചിറങ്ങുകയോ, അവരുടെ മനസ്സുകളെ ശരിപ്പെടുത്തുകയോ ചെയ്തിരിക്കില്ല. അല്ലാഹുവിലേക്ക് അവരുടെ പാരായണം ഉയർന്നെത്തുകയോ അവനത് സ്വീകരിക്കുകയോ ചെയ്യില്ല. വില്ലിൽ നിന്ന് അമ്പ് തെറിച്ചു പോകുന്ന വേഗതയിൽ ക്ഷണനേരം കൊണ്ട് അവർ ഇസ്‌ലാമിൽ നിന്ന് തെറിച്ചു പോകുന്നതാണ്." ഹദീഥിൻ്റെ നിവേദകരിൽ ഒരാൾ പറയുന്നു: നബി -ﷺ- ഇത്ര കൂടി പറഞ്ഞുവെന്നാണ് എൻ്റെ ഓർമ്മ. "മുസ്‌ലിംകൾക്കെതിരെ ആയുധവുമായി ഇക്കൂട്ടർ പുറപ്പെടുന്നത് എൻ്റെ കാലഘട്ടത്തിലെങ്ങാനുമാണെങ്കിൽ അവരെ ഞാൻ നിശ്ശേഷം വധിച്ചു കളയുന്നതാണ്; ഥമൂദ് ഗോത്രത്തെ (അല്ലാഹു) നശിപ്പിച്ചതു പോലെ."فوائد الحديث
നബി -ﷺ- യുടെ വിവേകവും ആക്ഷേപങ്ങളിൽ അവിടുത്തേക്കുണ്ടായിരുന്ന ക്ഷമയും.
നബി -ﷺ- യുടെ പ്രവാചകത്വം ഊട്ടിയുറപ്പിക്കുകയും, അല്ലാഹുവിൽ നിന്നുള്ള ബോധനവും സന്ദേശവുമാണ് അവിടുത്തേക്ക് നൽകപ്പെടുന്നത് എന്ന ഓർമ്മപ്പെടുത്തലും.
ജനങ്ങളിൽ നിന്ന് പുറമേക്ക് പ്രകടമാകുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങളോട് പെരുമാറേണ്ടത്. അവരുടെ രഹസ്യങ്ങൾ അല്ലാഹുവാണ് പരിശോധിക്കുകയും വിചാരണ നടത്തുകയും ചെയ്യുക.
നിസ്കാരത്തിൻ്റെ മഹത്വവും പ്രാധാന്യവും. ഇസ്‌ലാമിക ശിക്ഷാനടപടികളുടെ ഭാഗമായിട്ടല്ലാതെ, നിസ്കരിക്കുന്നവരെ വധിക്കാൻ പാടില്ലെന്ന ഓർമ്മപ്പെടുത്തലും.
ഖവാരിജുകൾ എന്ന പിഴച്ച കക്ഷിയുടെ അപകടം. അവർ സായുധമായി സമൂഹത്തിലേക്ക് ഇറങ്ങിയാൽ അവരുടെ ഉപദ്രവം തടുക്കുന്നതിനായി അവരോട് യുദ്ധം ചെയ്യണം എന്ന ഇസ്‌ലാമിക അദ്ധ്യാപനവും.
നവവി (رحمه الله) പറയുന്നു: "ഖവാരിജുകളോട് പടപൊരുതാനും യുദ്ധം ചെയ്യാനുമുള്ള പ്രോത്സാഹനവും, അവരോട് യുദ്ധം ചെയ്ത അലി (رضي الله عنه) വിനുള്ള ശ്രേഷ്ഠതയും."
വിശുദ്ധ ഖുർആൻ ഉറ്റാലോചിക്കേണ്ടതിൻ്റെയും, ഗ്രഹിക്കേണ്ടതിൻ്റെയും, അതിലെ കൽപ്പനകൾ പ്രാവർത്തികമാക്കേണ്ടതിൻ്റെയും, ഖുർആൻ മുറുകെ പിടിക്കേണ്ടതിൻ്റെയും പ്രാധാന്യം.
التصنيفات
പൗരാണിക കക്ഷികളും ചിന്താഗതികളും