കർമ്മങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. അല്ലാഹുവാണെ സത്യം! നിങ്ങൾക്ക് മടുക്കുന്നത് വരെ അല്ലാഹു…

കർമ്മങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. അല്ലാഹുവാണെ സത്യം! നിങ്ങൾക്ക് മടുക്കുന്നത് വരെ അല്ലാഹു മടുക്കുകയില്ല

മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഹൗല ബിൻത് തുവൈത്ത് ബിൻ ഹബീബ് അവരുടെ അടുക്കലൂടെ കടന്നുപോകുമ്പോൾ നബി -ﷺ- അവിടെയുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: "ഇത് ഹൗല ബിൻത് തുവൈത്ത് ആണ്. അവർ രാത്രി ഉറങ്ങാറില്ലെന്നാണ് (ആളുകൾ) പറയുന്നത്." അപ്പോൾ നബി -ﷺ- പറഞ്ഞു: "രാത്രി ഉറങ്ങാറില്ലെന്നോ?! കർമ്മങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. അല്ലാഹുവാണെ സത്യം! നിങ്ങൾക്ക് മടുക്കുന്നത് വരെ അല്ലാഹു മടുക്കുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

വിശ്വാസികളുടെ മാതാവ് ആയിഷ -رَضِيَ اللَّهُ عَنْهُ- യുടെ അടുത്ത് ഹൗല ബിൻത് തുവൈത്ത് -رَضِيَ اللَّهُ عَنْهُ- ഉണ്ടായിരുന്നു. നബി -ﷺ- അവരുടെ അടുത്തേക്ക് വന്നപ്പോൾ അവർ അവിടെ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. അപ്പോൾ ആയിശാ (رضي الله عنها) നബിയോട് -ﷺ- പറഞ്ഞു: "ഈ സ്ത്രീ രാത്രി ഉറങ്ങാറില്ല, മറിച്ച് രാത്രി മുഴുവൻ നിസ്കരിക്കുകയാണ് ചെയ്യാറുള്ളത്." അപ്പോൾ അവരുടെ ഈ പ്രവർത്തനത്തിലെ തീവ്രതയെ എതിർത്തു കൊണ്ട് നബി -ﷺ- പറഞ്ഞു: "അവൾ രാത്രി ഉറങ്ങാറില്ലെന്നോ! നിങ്ങൾക്ക് സ്ഥിരമായി ചെയ്യാൻ കഴിയുന്ന സൽകർമങ്ങൾ പ്രവർത്തിക്കുക. അല്ലാഹുവാണെ സത്യം! തന്റെ സദ്‌വൃത്തരും അനുസരണയുള്ളവരുമായ അടിമകൾക്ക് അവരുടെ അനുസരണക്കും, നന്മകൾക്കും, സൽകർമങ്ങൾക്കും പ്രതിഫലം നൽകുന്നതിൽ അല്ലാഹുവിന് മടുക്കുകയില്ല; അവർക്ക് കർമങ്ങൾ ചെയ്യുന്നതിൽ മടുപ്പുണ്ടാവുകയും അവർ കർമങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നത് വരെ."

فوائد الحديث

ശരീരത്തിന് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഇബാദത്തുകൾ ചെയ്യുന്നത് വിരസതയും മടുപ്പുമുണ്ടാക്കും. അങ്ങനെ മനസ്സ് ആ കർമങ്ങളെ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്.

ഇബാദത്തുകൾ മിതത്വത്തോടെയും മധ്യമ നിലപാടോടെയും നിർവഹിക്കുന്നത് അത് തുടർച്ചയായി ചെയ്യാനും അതിൽ സ്ഥിരത നിലനിർത്താനും സഹായിക്കും.

കുറച്ചാണെങ്കിലും സ്ഥിരമായി ചെയ്യുന്ന കർമമാണ്, അധികം ചെയ്തു പിന്നീട് നിലച്ചു പോകുന്ന കർമങ്ങളെക്കാൾ ഉത്തമം.

ഇമാം നവവി പറഞ്ഞു: "കുറച്ചു കർമ്മങ്ങൾ സ്ഥിരമായി ചെയ്യുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും, അവൻ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യവും, ഇഖ്ലാസും നിഷ്കളങ്കതയും, അല്ലാഹുവിലേക്കുള്ള അടുപ്പവും നിലനിർത്തി കൊണ്ട് ഇബാദത്തുകൾ നിർവ്വഹിക്കുന്നതിൽ തുടരാൻ സഹായകമാണ്. എന്നാൽ പ്രയാസകരവും കൂടുതലുള്ളതുമായ പ്രവർത്തനങ്ങളുടെ കാര്യം ഇങ്ങനെയല്ല. ഇതിലൂടെ സ്ഥിരമായി ചെയ്യുന്ന ചെറിയ കർമ്മങ്ങൾ, നിലച്ചു പോകുന്ന വലിയ കർമ്മങ്ങളേക്കാൾ എത്രയോ മടങ്ങ് വർദ്ധിക്കുന്നതാണ്."

التصنيفات

ഇസ്ലാമിലെ മനുഷ്യാവകാശങ്ങൾ