നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് നല്ല നിലയിൽ അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക

നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് നല്ല നിലയിൽ അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: അബൂ സുഫ്യാന്റെ ഭാര്യയായ ഹിന്ദ് ബിൻത് ഉത്ബ അല്ലാഹുവിന്റെ റസൂലിൻ്റെ (ﷺ) സന്നിധിയിൽ വന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അബൂ സുഫ്യാൻ ഒരു പിശുക്കനായ മനുഷ്യനാണ്. എനിക്കും എന്റെ മക്കൾക്കും ആവശ്യമായത് അദ്ദേഹം ചെലവിന് നൽകാറില്ല. അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് അദ്ദേഹമറിയാതെ ഞാൻ എടുത്തെങ്കിലൊഴികെ. അതിന് എനിക്ക് കുറ്റമുണ്ടാകുമോ? അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് നല്ല നിലയിൽ അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഹിൻദ് ബിൻത് ഉത്ബഃ (رضي الله عنها) തൻ്റെ ഭർത്താവായ അബൂസുഫ്‌യാൻ്റെ (رضي الله عنها) വിഷയത്തിൽ നബിയോട് (ﷺ) ഒരു സംശയം ആരായുകയുണ്ടായി. അദ്ദേഹം പിശുക്കനാണെന്നും, തൻ്റെ സമ്പത്തിന്റെ വിഷയത്തിൽ അതീവ ശ്രദ്ധയുള്ളയാളാണെന്നും, ഹിൻദിനും മക്കൾക്കും ആവശ്യമായത് ചെലവിന് കൊടുക്കുന്നില്ലെന്നും, അതിനാൽ അദ്ദേഹത്തിൻ്റെ സമ്പത്തിൽ നിന്ന് അദ്ദേഹം അറിയാതെ താൻ കുറച്ച് പണം എടുക്കാറുണ്ടെന്നും, അക്കാര്യം തൻ്റെ മേൽ ഒരു തെറ്റായി മാറുമോ എന്നുമായിരുന്നു അവരുടെ സംശയം. നബി (ﷺ) പറഞ്ഞു: "നാട്ടുനടപ്പനുസരിച്ച് നിനക്ക് ആവശ്യമുള്ളതായി ബോധ്യമുള്ള പണം നിനക്കും നിൻ്റെ കുട്ടികൾക്കും വേണ്ടി ഭർത്താവിൻ്റെ സമ്പത്തിൽ നിന്ന് നീ എടുത്തു കൊള്ളുക. അത് അയാളുടെ അറിവോടെയല്ലെങ്കിലും തെറ്റില്ല."

فوائد الحديث

ഭാര്യക്കും മക്കൾക്കും ചെലവിന് നൽകുക എന്നത് നിർബന്ധമാണ്.

ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് നല്ലനിലയിൽ അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക" എന്നാണ് നബി (ﷺ) പറഞ്ഞത്; പ്രത്യേകമായൊരു തുകയോ കണക്കോ നിർണയിക്കാതെ, നാട്ടിൽ അറിയപ്പെട്ട പരിധി പരിഗണിക്കാനാണ് നബി (ﷺ) നിർദേശം നൽകിയത്."

ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "മതവിധി അന്വേഷിക്കുകയോ പ്രയാസം ബോധിപ്പിക്കുകയോ മറ്റോ ചെയ്യുന്ന വേളയിൽ, ഒരാളെ കുറിച്ച് നല്ലതല്ലാത്ത കാര്യം മറ്റൊരാളോട് പറയുന്നത് അനുവദനീയമാണ് എന്നതിന് ഈ ഹദീഥ് ചില പണ്ഡിതന്മാർ തെളിവാക്കിയിട്ടുണ്ട്. ഗീബത്ത് (പരദൂഷണം) അനുവദനീയമാകുന്ന സന്ദർഭങ്ങളിലൊന്നാണിത്."

ഖുർത്വുബി

(رحمه الله) പറഞ്ഞു: "അബൂ സുഫ്‌യാൻ എല്ലാ കാര്യത്തിലും പിശുക്കുള്ളവനാണ് എന്ന് ഹിൻദ് തൻ്റെ പരാതിയിൽ ഉദ്ദേശിച്ചിട്ടില്ല. മറിച്ച്, തന്നോടുള്ള അദ്ദേഹത്തിൻ്റെ സമീപനം മാത്രമേ അവർ ഉദ്ദേശിച്ചിട്ടുള്ളൂ. തനിക്കും തൻ്റെ മക്കൾക്കും ചെലവിന് നൽകുന്നതിൽ അദ്ദേഹം പിശുക്ക് കാണിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ പരാതി; എല്ലാ കാര്യത്തിലും അദ്ദേഹത്തിന് പിശുക്കുണ്ട് എന്ന് ഇതിൻ്റെ അടിസ്ഥാനത്തിൽ പറയുക സാധ്യമല്ല. സമൂഹത്തിൽ ഉന്നതസ്ഥാനീയരായ പലരും ഇപ്രകാരം തങ്ങളുടെ കുടുംബത്തോട് പ്രവർത്തിക്കുകയും, അന്യർക്ക് തങ്ങളുടെ സമ്പത്തിൽ അവരേക്കാൾ പരിഗണന നൽകുകയും, അതിലൂടെ അവരുടെ ഇഷ്ടം നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്."

التصنيفات

ചിലവിന് നൽകൽ