മസ്ജിദിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന ഒരാളുണ്ടായിരുന്നു; അദ്ദേഹത്തേക്കാൾ ദൂരെയുള്ള മറ്റൊരാളെയും…

മസ്ജിദിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന ഒരാളുണ്ടായിരുന്നു; അദ്ദേഹത്തേക്കാൾ ദൂരെയുള്ള മറ്റൊരാളെയും എനിക്കറിയില്ലായിരുന്നു. ഒരു (ജമാഅത്ത്) നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു

ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മസ്ജിദിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന ഒരാളുണ്ടായിരുന്നു; അദ്ദേഹത്തേക്കാൾ ദൂരെയുള്ള മറ്റൊരാളെയും എനിക്കറിയില്ലായിരുന്നു. ഒരു (ജമാഅത്ത്) നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു. ചിലർ അദ്ദേഹത്തോട് പറഞ്ഞു: "ഇരുട്ടിലും കടുത്ത ചൂടിലും സഞ്ചരിക്കാൻ താങ്കൾ ഒരു കഴുതയെ വാങ്ങിയിരുന്നെങ്കിൽ." അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ തൊട്ടടുത്താവുന്നതിൽ എനിക്ക് സന്തോഷമേയില്ല. മസ്ജിദിലേക്കുള്ള എൻ്റെ ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടിലേക്കുള്ള മടക്കവും എൻ്റെ നന്മകളായി രേഖപ്പെടുത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു അതെല്ലാം താങ്കൾക്ക് ഒരുമിപ്പിച്ചു തന്നിരിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മസ്ജിദുന്നബവിയിൽ നിന്ന് ഏറ്റവും അകലെ താമസിച്ചിരുന്ന ഒരാളെ കുറിച്ച് ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു; ഒരു നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു; എല്ലാ നിസ്കാരത്തിനും അദ്ദേഹം നബി -ﷺ- യോടൊപ്പം സന്നിഹിതനാകുമായിരുന്നു. അങ്ങനെയിരിക്കെ, അദ്ദേഹത്തോട് ചിലർ പറഞ്ഞു: താങ്കൾ ഒരു കഴുതയെ വാങ്ങിച്ചിരുന്നെങ്കിൽ രാത്രിയിലെ ഇരുട്ടിൽ സഞ്ചരിക്കാനും, പകലിലെ പൊരിവെയിലിൽ യാത്രചെയ്യാനും താങ്കൾക്ക് അതൊരു സഹായമാകുമായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ അടുത്താവുക എന്നത് എന്നെ സന്തോഷിപ്പിക്കുന്നില്ല. മറിച്ച്, മസ്ജിദിൽ നിസ്കരിക്കാൻ വരുമ്പോഴുള്ള ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടുകാരുടെ അടുത്തേക്കുള്ള മടക്കവും എൻ്റെ മേൽ നന്മയായി രേഖപ്പെടുത്തപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്." - അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ നബി -ﷺ- അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു താങ്കൾക്ക് അവയെല്ലാം ഒരുമിപ്പിച്ചു തന്നിരിക്കുന്നു."

فوائد الحديث

നന്മകൾ നേടിയെടുക്കാനും അത് അധികരിപ്പിക്കാനും അതിലൂടെ പ്രതിഫലങ്ങൾ വാരിക്കൂട്ടാനും സ്വഹാബികൾക്കുണ്ടായിരുന്ന അതീവ താൽപര്യം.

നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "മസ്ജിദിലേക്ക് പോകുമ്പോൾ നിൻ്റെ കാൽവെപ്പുകൾക്ക് പ്രതിഫലം നൽകപ്പെടും എന്നത് പോലെ, മസ്ജിദിൽ നിന്ന് മടങ്ങുന്ന വേളയിലുള്ള കാൽവെപ്പുകൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ് എന്ന പാഠം ഈ ഹദീഥിലുണ്ട്."

മുസ്‌ലിംകൾ പരസ്പരം നന്മയും പ്രയോജനകരമായ കാര്യങ്ങളും ഉപദേശിക്കുന്നവരായിരിക്കണം. തൻ്റെ സഹോദരന് എന്തെങ്കിലും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകുന്നത് കാണുമ്പോൾ അത് നീക്കാൻ സഹായകമാകുന്ന ഉപദേശങ്ങൾ അവന് നൽകേണ്ടതാണ്.

മസ്ജിദിൽ നിന്ന് വീട് അകലെയാണെന്നത് ജമാഅത്ത് നിസ്കാരം ഉപേക്ഷിക്കാനുള്ള ഒഴിവുകഴിവല്ല; ബാങ്ക് വിളി കേൾക്കുന്നുണ്ടെങ്കിൽ മസ്ജിദിൽ വന്നെത്തിക്കൊള്ളണം.

التصنيفات

ഇസ്ലാമിൻ്റെ ശ്രേഷ്ഠതയും നന്മകളും