സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക.…

സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല

സഹ്ൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാരെവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടുകയും, അപ്പോൾ അവർ എഴുന്നേറ്റു വരുകയും ചെയ്യും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടും; പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്വർഗത്തിലെ വാതിലുകളിലൊന്നിൻ്റെ പേര് റയ്യാൻ ആണെന്ന് നബി (ﷺ) അറിയിക്കുന്നു. അന്ത്യനാളിൽ നോമ്പുകാർ മാത്രമാണ് അതിലൂടെ പ്രവേശിക്കുക; അവരല്ലാത്ത മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാർ എവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടുകയും, അവർ എഴുന്നേറ്റു നിൽക്കുകയും അതിലൂടെ പ്രവേശിക്കുകയും ചെയ്യുന്നതാണ്. അവരല്ലാത്ത മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവരിൽ അവസാനത്തെ ആളും അതിലൂടെ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല.

فوائد الحديث

നവവി (رحمه الله) പറഞ്ഞു: "നോമ്പിൻ്റെ ശ്രേഷ്ഠതയും നോമ്പുകാർക്കുള്ള ആദരവും ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു."

സ്വർഗത്തിലെ എട്ട് വാതിലുകളിലൊന്ന് അല്ലാഹു നോമ്പുകാർക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്നു; അവർ അതിലൂടെ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടുന്നതാണ്.

സ്വർഗത്തിന് വാതിലുകളുണ്ട് എന്ന പാഠം.

സിൻദി (رحمه الله) പറഞ്ഞു: "നോമ്പുകാർ എവിടെ എന്ന ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് നോമ്പ് അധികരിപ്പിച്ചവരെയാണ്. നീതിമാൻ എന്നും അതിക്രമി എന്നും വിളിക്കാറുള്ളത് ഈ സ്വഭാവങ്ങൾ ശീലമാക്കിയവരെയാണ് എന്നതു പോലെ. എപ്പോഴെങ്കിലുമൊരിക്കൽ നീതിയോ അതിക്രമമോ പ്രവർത്തിച്ചവരെ അപ്രകാരം വിളിക്കുകയില്ലല്ലോ?!"

'റയ്യാൻ' എന്ന പദത്തിൻ്റെ അർത്ഥം ദാഹം ശമിപ്പിക്കുന്നത് എന്നാണ്. കാരണം നോമ്പുകാർ ദാഹം സഹിച്ചവരാണ്; പ്രത്യേകിച്ചും നീണ്ട പകലുകളുള്ള വേനലിൻ്റെ ചൂടിൽ. അതു കൊണ്ടാണ് അവരുടെ പ്രവർത്തനത്തിന് യോജിച്ച വിധത്തിലുള്ള പേര് അവർ പ്രവേശിക്കുന്ന വാതിലിന് നൽകപ്പെട്ടത്.

ദാഹം എന്നതിൻ്റെ നേർവിപരീതമായ 'സമ്പൂർണമായ ദാഹശമനം' എന്ന അർത്ഥമാണ് 'റയ്യാൻ' എന്ന പദത്തിന് എന്നും അഭിപ്രായമുണ്ട്; നോമ്പുകാരുടെ ദാഹത്തിനും വിശപ്പിനുമുള്ള പ്രതിഫലം എന്ന ഉദ്ദേശ്യമാണ് ഈ നാമകരണത്തിന് പിന്നിലുള്ളത്.

التصنيفات

നോമ്പിൻ്റെ ശ്രേഷ്ഠത