ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ…

ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു." അബൂ സഈദിന് ഇത് കേട്ടപ്പോൾ അത്ഭുതമായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കൽ കൂടി എന്നെ അത് കേൾപ്പിച്ചാലും." അപ്പോൾ നബി -ﷺ- അപ്രകാരം ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകപ്പെടാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സ്വർഗത്തിലെ എല്ലാ രണ്ട് പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കും." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരാൾ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ തൻ്റെ രക്ഷിതാവും (റബ്ബ്) ആരാധ്യനും (ഇലാഹ്) ഉടമസ്ഥനും (മാലിക്) യജമാനനും (സയ്യിദ്) അനുസരിക്കാൻ ബാധ്യതയുള്ള ഉടമസ്ഥനുമായി തൃപ്തിപ്പെടുകയും, ഇസ്‌ലാമിനെ തൻ്റെ ദീനായി തൃപ്തിപ്പെടുകയും അതിന് കീഴൊതുങ്ങുകയും എല്ലാ ഇസ്‌ലാമിക കൽപ്പനകൾക്കും വിലക്കുകൾക്കും തന്നെ സമർപ്പിക്കുകയും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ നബിയായി തൃപ്തിപ്പെടുകയും അവിടുന്ന് എത്തിച്ചു നൽകിയ എല്ലാ സന്ദേശവും സ്വീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാകുന്നതാണ് എന്ന് നബി -ﷺ- അബൂ സഈദ് (رضي الله عنه) വിനെ അറിയിച്ചു. അബൂ സഈദ് (رضي الله عنه) വിനെ ഈ വിവരം ഏറെ അത്ഭുതപ്പെടുത്തി. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഒരിക്കൽ കൂടി തന്നെ അത് കേൾപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ നബി -ﷺ- അദ്ദേഹത്തിന് വീണ്ടും അക്കാര്യം പറഞ്ഞു കൊടുത്തു. ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു തൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടി എനിക്കറിയാം. സ്വർഗത്തിലെ ഓരോ പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കുന്നതാണ്." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്."

فوائد الحديث

സ്വർഗ പ്രവേശം അനിവാര്യമാക്കിത്തീർക്കുന്ന കാര്യമാണ് അല്ലാഹുവിനെ റബ്ബായി തൃപ്തിപ്പെടുകയും, ഇസ്‌ലാമിനെ തൻ്റെ ദീനായി തൃപ്തിപ്പെടുകയും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായി തൃപ്തിപ്പെടുകയും ചെയ്യുക എന്നത്.

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനുള്ള സ്ഥാനവും മഹത്വവും.

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്ത വ്യക്തിക്ക് സ്വർഗത്തിലുള്ള ഉന്നതമായ പദവി.

സ്വർഗത്തിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര പദവികളും സ്ഥാനങ്ങളുമുണ്ട്. അതിൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്ത മുജാഹിദുകൾക്ക് നൂറ് പദവികൾ നൽകപ്പെട്ടിരിക്കുന്നു.

നബി (ﷺ) യുടെ സ്വഹാബികൾക്ക് നന്മകളെ കുറിച്ചും അവയുടെ കവാടങ്ങളെ കുറിച്ചും മാർഗങ്ങളെ കുറിച്ചും അറിയാനുണ്ടായിരുന്ന ആഗ്രഹവും താൽപ്പര്യവും.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ, ജിഹാദിൻ്റെ ശ്രേഷ്ഠത