إعدادات العرض
അല്ലാഹു എന്നെ അയച്ച മാർഗ്ഗദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഭൂമിയിൽ പെയ്ത സമൃദ്ധമായ മഴ പോലെയാണ്
അല്ലാഹു എന്നെ അയച്ച മാർഗ്ഗദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഭൂമിയിൽ പെയ്ത സമൃദ്ധമായ മഴ പോലെയാണ്
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു എന്നെ അയച്ച മാർഗ്ഗദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഭൂമിയിൽ പെയ്ത സമൃദ്ധമായ മഴ പോലെയാണ്. അതിൽ ഒരു ഭാഗം ശുദ്ധമായ (ഫലഭൂയിഷ്ഠമായ) മണ്ണായിരുന്നു; അത് വെള്ളം ആഗിരണം ചെയ്യുകയും സമൃദ്ധമായ സസ്യങ്ങളെയും പുല്ലിനെയും ഉത്പാദിപ്പിക്കുകയും ചെയ്തു. മറ്റൊരു ഭാഗം കട്ടിയുള്ള ഭൂമിയായിരുന്നു; അത് വെള്ളം സംഭരിച്ച് നിർത്തി, അതിലൂടെ അല്ലാഹു ജനങ്ങൾക്ക് പ്രയോജനം ചെയ്തു. അങ്ങനെ അവർ കുടിക്കുകയും (മൃഗങ്ങളെ) കുടിപ്പിക്കുകയും കൃഷി ചെയ്യുകയും ചെയ്തു. മറ്റൊരു വിഭാഗത്തിൽ അത് പതിച്ചത് പരന്ന, തരിശുഭൂമിയിലായിരുന്നു; അത് വെള്ളം പിടിച്ചുനിർത്തുകയോ സസ്യങ്ങളെ ഉത്പാദിപ്പിക്കുകയോ ചെയ്തില്ല. അപ്രകാരം, ആദ്യത്തേത് അല്ലാഹുവിന്റെ ദീനിൽ അഗാധമായ അറിവ് നേടുകയും അല്ലാഹു എന്നെ അയച്ചതുമൂലം പ്രയോജനം നേടുകയും ചെയ്തവന്റെ ഉപമയാണ്; അങ്ങനെ അവൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അവസാനത്തേത്, അതിലേക്ക് തല ഉയർത്താത്തവന്റെ (ശ്രദ്ധ നൽകാത്തവന്റെ) ഉപമയാണ്, അല്ലാഹു എന്നിലൂടെ അയച്ച മാർഗ്ഗദർശനം സ്വീകരിക്കാത്തവന്റെയും."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Tiếng Việt Magyar ქართული Kiswahili සිංහල Română অসমীয়া ไทย Português मराठी دری አማርኛ ភាសាខ្មែរ ગુજરાતી Nederlands Македонски ਪੰਜਾਬੀالشرح
നബി -ﷺ- നൽകിയ മാർഗനിർദേശങ്ങളിൽ നിന്നും, അവിടുന്ന് വരച്ചു കാണിച്ച വഴിയിൽ നിന്നും, ദീനീ വിജ്ഞാനങ്ങളിൽ നിന്നും പ്രയോജനമെടുക്കുന്നവരെ നബി -ﷺ- ധാരാളമായി മഴ വർഷിക്കപ്പെട്ട ഒരു ഭൂമിയോട് ഉപമിച്ചിരിക്കുന്നു. ആ ഭൂമിയിലെ മണ്ണ് മൂന്ന് തരത്തിലുണ്ടായിരുന്നു. ഒന്നാമത്തേത്: ശുദ്ധവും നല്ലതുമായ ഭൂമി. അത് മഴവെള്ളം സ്വീകരിക്കുകയും ധാരാളം പച്ചയും ഉണങ്ങിയതുമായ സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്തു. അങ്ങനെ ജനങ്ങൾ അതിൽ നിന്ന് പ്രയോജനമെടുക്കുകയും ചെയ്തു. രണ്ടാമത്തേത്: വെള്ളം സംഭരിച്ചുവയ്ക്കുന്ന, എന്നാൽ സസ്യങ്ങൾ മുളപ്പിക്കാത്ത ഭൂമി. അത് വെള്ളം സംരക്ഷിച്ച് വയ്ക്കുകയും ജനങ്ങൾക്ക് അതിലൂടെ പ്രയോജനം ലഭിക്കുകയും ചെയ്തു; അങ്ങനെ അവർ ആ വെള്ളം കുടിക്കുകയും തങ്ങളുടെ കാലികളെ കുടിപ്പിക്കുകയും കൃഷിയിടങ്ങൾ അത് മുഖേന നനയ്ക്കുകയും ചെയ്തു. മൂന്നാമത്തേത്: നിരപ്പായതും മിനുസമുള്ളതുമായ ഭൂമി, അത് വെള്ളം സംഭരിക്കുകയോ സസ്യങ്ങൾ മുളപ്പിക്കുകയോ ചെയ്തില്ല. ആ വെള്ളം കൊണ്ട് അതിന് സ്വയം പ്രയോജനമുണ്ടായില്ല, ജനങ്ങൾക്കും അതിൽ നിന്ന് പ്രയോജനം ലഭിച്ചില്ല. അതുപോലെയാണ്, നബി -ﷺ- കൊണ്ടുവന്ന വിജ്ഞാനവും മാർഗ്ഗദർശനവും കേൾക്കുന്നവരും. ഒന്നാമത്തെയാൾ: അല്ലാഹുവിന്റെ ദീനിൽ ആഴത്തിൽ അറിവുള്ള പണ്ഡിതനാണ്; അയാൾ തന്റെ അറിവനുസരിച്ച് പ്രവർത്തിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു; അവൻ നല്ല ഭൂമിയെ പോലെയാണ്. അത് വെള്ളം വലിച്ചെടുത്തു കൊണ്ട് മഴവെള്ളം പ്രയോജനപ്പെടുത്തുകയും, സസ്യങ്ങളെ മുളപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം നൽകുകയും ചെയ്തു. രണ്ടാമത്തെയാൾ: അറിവ് മനഃപാഠമാക്കുന്നവനാണ്; എന്നാൽ അവയുടെ ആശയത്തിൽ ആഴത്തിലുള്ള ഗ്രാഹ്യമോ അതിൽ നിന്ന് പാഠങ്ങൾ കണ്ടെത്താനുള്ള കഴിവോ അയാൾക്കില്ല. അവൻ അറിവ് ശേഖരിക്കുകയും അതിൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. പക്ഷേ അതിന്റെ പൂർത്തീകരണമായി ആ വിജ്ഞാനത്തിലെ ഐച്ഛികമായ നന്മകൾ പ്രാവർത്തികമാക്കാൻ അവന് സാധിച്ചില്ല. അതുമല്ലെങ്കിൽ അവൻ ശേഖരിച്ച വിജ്ഞാനത്തിൻ്റെ ആശയം അവന് മനസ്സിലാകുന്നില്ല. മറ്റുള്ളവർക്ക് പ്രയോജനം നൽകുന്ന ഒരു ഉപകരണം പോലെയാണ് അവൻ. അയാളുടെ സ്ഥിതി വെള്ളം കെട്ടിക്കിടക്കുന്ന ഭൂമിക്ക് സമാനമാണ്. അതിൽ നിന്ന് (അവന് സമ്പൂർണ്ണമായ പ്രയോജനം ലഭിച്ചില്ലെങ്കിലും) ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. മൂന്നാമത്തെയാൾ: അറിവ് കേൾക്കുകയും എന്നാൽ അത് മനഃപാഠമാക്കുകയോ, അതനുസരിച്ച് പ്രവർത്തിക്കുകയോ, മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുകയോ ചെയ്യാത്തവനാണ്. അവൻ ഉപ്പുരസമുള്ളതോ മിനുസമുള്ളതോ ആയ ഭൂമിക്ക് സമാനനാണ്. അതിൽ സസ്യങ്ങൾ മുളക്കുകയില്ല; വെള്ളം ശേഖരിക്കപ്പെടുകയുമില്ല. അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത വിധത്തിൽ വെള്ളം ഉപയോഗശൂന്യമാക്കുന്ന മണ്ണിന് സമാനമാണ് അവൻ.فوائد الحديث
അറിവ് തേടുന്നതിൻ്റെയും പഠിപ്പിക്കുന്നതിൻ്റെയും പ്രാധാന്യവും, അവയിൽ നിന്ന് പിന്തിരിയുന്നതിനെക്കുറിച്ചുള്ള താക്കീതും ഈ ഹദീഥ് ഉൾക്കൊള്ളുന്നു.
ആശയങ്ങൾ ജനങ്ങളിലേക്ക് അടുപ്പിക്കാൻ ഉദാഹരണങ്ങൾ നൽകുക എന്നത് നബി -ﷺ- യുടെ ശൈലിയിൽ പെട്ടതായിരുന്നു.
ഖുർതുബി -رَحِمَهُ اللَّهُ- പറയുന്നു: "വരണ്ടുണങ്ങിയ ഭൂമിയെ മഴ ജീവിപ്പിക്കുന്നത് പോലെ, മതപരമായ വിജ്ഞാനങ്ങൾ മരിച്ച ഹൃദയങ്ങളെ ജീവിപ്പിക്കുന്നു. നബി -ﷺ- യിൽ നിന്ന് ദീൻ കേട്ടവരെ വ്യത്യസ്ത രൂപത്തിലുള്ള മണ്ണുകളുള്ള ഭൂമിയോട് നബി -ﷺ- ഈ ഹദീഥിൽ ഉപമിച്ചിരിക്കുന്നു."
മതപരമായ വിജ്ഞാനം സ്വീകരിക്കുന്നതിൽ ജനങ്ങൾ വ്യത്യസ്ത പദവികളിലും നിലവാരത്തിലുമാണ് ഉണ്ടായിരിക്കുക.
التصنيفات
വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത