അങ്ങനെയെങ്കിൽ എന്നെ നീ സാക്ഷ്യം നിർത്തേണ്ടതില്ല. അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല

അങ്ങനെയെങ്കിൽ എന്നെ നീ സാക്ഷ്യം നിർത്തേണ്ടതില്ല. അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല

നുഅ്മാൻ ബ്നു ബശീർ (رضي الله عنه) നിവേദനം: അദ്ദേഹത്തിൻ്റെ മാതാവ് (അംറഃ) ബിൻത് റവാഹഃ അദ്ദേഹത്തിൻ്റെ പിതാവിനോട് തൻ്റെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷത്തോളം അദ്ദേഹം അതിൽ നിന്ന് പിന്തിനിൽക്കുകയും, പിന്നീട് അപ്രകാരം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോൾ ബിൻത് റവാഹഃ പറഞ്ഞു: "എൻ്റെ മകന് സമ്മാനം നൽകുന്നതിന് അല്ലാഹുവിൻ്റെ റസൂൽ -ﷺ- സാക്ഷ്യം വഹിക്കുന്നത് വരെ ഞാൻ തൃപ്തിപ്പെടുകയില്ല." (നുഅ്മാൻ പറയുന്നു:) അങ്ങനെ എൻ്റെ പിതാവ് എൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു. അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇവൻ്റെ ഉമ്മ, റവാഹയുടെ മകൾ അവളുടെ മകന് ഞാൻ നൽകുന്ന സമ്മാനത്തിന് താങ്കൾ സാക്ഷ്യം വഹിക്കണമെന്ന് ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ ബശീർ! ഇവനല്ലാതെ നിനക്ക് വേറെയും മക്കളുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "ഇതു പോലുള്ളത് അവർക്കെല്ലാം നീ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "അങ്ങനെയെങ്കിൽ എന്നെ നീ സാക്ഷ്യം നിർത്തേണ്ടതില്ല. അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "എങ്കിൽ മറ്റാരെയെങ്കിലും നീ സാക്ഷി നിർത്തിക്കൊള്ളുക!"

[സ്വഹീഹ്] [متفق عليه وله ألفاظ عديدة]

الشرح

നുഅ്മാൻ ബ്നു ബശീർ (رضي الله عنهما) തൻ്റെ മാതാവായ അംറഃ ബിൻത് റവാഹഃ (رضي الله عنها) തൻ്റെ പിതാവിനോട് അവരുടെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ട സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഒരു വർഷത്തോളം അതിൽ വൈമനസ്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അവരുടെ ആവശ്യപ്രകാരം നുഅ്മാനിന് ഒരു സമ്മാനം നൽകാൻ തന്നെ തീരുമാനിച്ചു. അപ്പോൾ നുഅ്മാനിൻ്റെ മാതാവ് പറഞ്ഞു: താങ്കൾ എൻ്റെ മകന് സമ്മാനം നൽകുന്നതിന് നബി (ﷺ) യെ സാക്ഷി നിർത്താതെ എനിക്ക് തൃപ്തിയാവുകയില്ല. അങ്ങനെ അദ്ദേഹം നുഅ്മാനിൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു, അന്ന് അദ്ദേഹം (നുഅ്മാൻ) ചെറിയ കുട്ടിയായിരുന്നു. നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇവന് ഞാൻ സമ്മാനം നൽകുന്നതിന് താങ്കൾ സാക്ഷിയാകാൻ ഇവൻ്റെ ഉമ്മ ആഗ്രഹിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: ഹേ ബശീർ! താങ്കൾക്ക് ഇവനല്ലാതെ വേറെയും മക്കളുണ്ടോ?! അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "അവർക്കെല്ലാം ഇതു പോലെ താങ്കൾ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ എന്നെ താങ്കൾ സാക്ഷ്യം നിർത്തേണ്ടതില്ല. ഞാൻ അക്രമത്തിനും അനീതിക്കും സാക്ഷി നിൽക്കുന്നതല്ല." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: നബി -ﷺ- അദ്ദേഹത്തെ ആക്ഷേപിച്ചു കൊണ്ട് പറഞ്ഞു: "ഈ അക്രമത്തിന് നീ ഞാനല്ലാത്ത മറ്റാരെയെങ്കിലും സാക്ഷി നിർത്തി കൊള്ളുക."

فوائد الحديث

ആണ്മക്കൾക്കും പെണ്മക്കൾക്കും ഇടയിൽ -സമ്മാനങ്ങളിലും ഉപഹാരങ്ങളിലും മറ്റുമെല്ലാം- നീതി പുലർത്തുക എന്നത് നിർബന്ധമാണ്. എന്നാൽ അവർക്ക് ചെലവിന് നൽകുന്ന വേളയിൽ ഓരോരുത്തരുടെയും ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് നൽകേണ്ടത്.

മക്കളിൽ ചിലരെ മറ്റു ചിലരേക്കാൾ പ്രത്യേകമായി പരിഗണിക്കുക എന്നത് അക്രമവും അനീതിയുമാണ്. അത്തരം നടപടികൾക്ക് സാക്ഷ്യം വഹിക്കുകയോ സാക്ഷ്യം പറയുകയോ ചെയ്യുന്നത് അനുവദനീയവുമല്ല.

നവവി (رحمه الله) പറയുന്നു: "സമ്മാനങ്ങൾ നൽകുന്നതിൽ മക്കൾക്കിടയിൽ തുല്യത പാലിക്കുക എന്നത് നിർബന്ധമാണ്. ഒരാൾക്ക് നൽകുന്നത് പോലുള്ളത് തന്നെ മറ്റുള്ളവർക്കും നൽകണം; അതിൽ ഒരാളെ പ്രത്യേകമായി പരിഗണിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണ്.

ശാഫിഈ മദ്ഹബിലെ ചിലർ പറഞ്ഞു: രണ്ട് പെൺകുട്ടികൾക്ക് നൽകുന്നത് ഒരു ആൺകുട്ടിക്ക് എന്ന കണക്കിൽ നൽകാം. എന്നാൽ ഹദീഥിൻ്റെ പ്രത്യക്ഷാർത്ഥത്തിൽ നിന്ന് മനസ്സിലാകുന്നത് പോലെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി നൽകുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് പ്രസിദ്ധമായ വീക്ഷണവും ശരിയായ നിലപാടും."

അല്ലാഹുവിൻ്റെ ദീനിന് വിരുദ്ധമായി സംഭവിച്ച വിധികൾ അസാധുവാണ്; അവ നടപ്പാക്കരുത്.

വിശദീകരണം ആവശ്യമുള്ളതോ ചോദിച്ചറിയേണ്ടതോ ആയ കാര്യങ്ങളുണ്ട് എന്ന് തോന്നുന്ന വിഷയങ്ങളിൽ മുഫ്തി (മതവിധി നൽകുന്ന വ്യക്തി) ചോദിച്ചറിയേണ്ടതുണ്ട്. 'താങ്കളുടെ എല്ലാ കുട്ടികൾക്കും ഇതു പോലുള്ളത് താങ്കൾ നൽകിയിട്ടുണ്ടോ' എന്ന നബി -ﷺ- യുടെ ചോദ്യം അതിനുള്ള തെളിവാണ്.

നവവി (رحمه الله) പറയുന്നു: "മകന് നൽകിയ സമ്മാനം പിതാവിന് തിരിച്ചെടുക്കാൻ അനുവാദമുണ്ട് എന്നതിന് ഈ ഹദീഥ് തെളിവാണ്."

സഹോദരങ്ങൾക്കിടയിൽ ഇണക്കവും അടുപ്പവും സൃഷ്ടിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ചെയ്യാനുള്ള കൽപ്പനയും, അവർക്കിടയിൽ അകൽച്ചയും വിദ്വേഷവും സൃഷ്ടിക്കുന്നതും മാതാപിതാക്കളെ ധിക്കരിക്കാൻ വഴിയൊരുക്കുന്നതുമായ കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലും.

التصنيفات

കുട്ടികളുടെ ചിലവിന് നൽകൽ