ഒരു സ്ത്രീയും മരിച്ച വ്യക്തിക്ക് വേണ്ടി മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കരുത്. ഭർത്താവിനു…

ഒരു സ്ത്രീയും മരിച്ച വ്യക്തിക്ക് വേണ്ടി മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കരുത്. ഭർത്താവിനു വേണ്ടിയാണെങ്കിൽ ഒഴികെ. (ഭർത്താവ് മരണപ്പെട്ടാൽ) നാല് മാസവും പത്ത് ദിവസവും ഇദ്ദ ഇരിക്കണം

ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "ഒരു സ്ത്രീയും മരിച്ച വ്യക്തിക്ക് വേണ്ടി മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കരുത്. ഭർത്താവിനു വേണ്ടിയാണെങ്കിൽ ഒഴികെ. (ഭർത്താവ് മരണപ്പെട്ടാൽ) നാല് മാസവും പത്ത് ദിവസവും ഇദ്ദ ഇരിക്കണം. അവൾ ചായം പൂശിയ വസ്ത്രം ധരിക്കരുത്; (തുന്നുന്നതിന് മുൻപേ നിറം പുരട്ടുന്ന) 'അസ്ബ്' വസ്ത്രമൊഴികെ. അവൾ സുറുമയിടരുത്; സുഗന്ധദ്രവ്യങ്ങൾ പുരട്ടുകയുമരുത്; ആർത്തവത്തിൽ നിന്ന് ശുദ്ധിയാകുമ്പോൾ 'ഖുസ്തോ' 'അള്ഫാറോ' അൽപ്പം പുരട്ടുന്നത് ഒഴികെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മരിച്ച ഒരാൾക്കുവേണ്ടി ദുഃഖം ആചരിക്കുമ്പോൾ, സുഗന്ധവും സുറുമയും ആഭരണങ്ങളും ഭംഗിയുള്ള വസ്ത്രങ്ങളും മൂന്ന് ദിവസത്തിൽ കൂടുതൽ ഉപേക്ഷിക്കുന്നത് നബി -ﷺ- സ്ത്രീകളോട് വിലക്കിയിരിക്കുന്നു. മരിച്ച വ്യക്തി പിതാവോ, സഹോദരനോ, മകനോ, മറ്റാരെങ്കിലുമോ ആയാലും മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖാചരണം പാടില്ല. എന്നാൽ ഭർത്താവിനു വേണ്ടിയാണെങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ് ഇദ്ദഃ ഇരിക്കേണ്ടത്. ഈ കാലയളവിൽ അഴകിന് വേണ്ടി ചായം പൂശിയ വസ്ത്രങ്ങൾ ഒന്നും ധരിക്കരുത്, 'അസ്ബ്' വസ്ത്രമൊഴികെ; 'അസ്ബ്' എന്നത് നെയ്യുന്നതിന് മുമ്പ് ചായം പൂശുന്ന ഒരു യമനി വസ്ത്രമാണ്. ഭംഗിക്ക് വേണ്ടി കണ്ണിൽ സുറുമയിടുകയോ സുഗന്ധം പുരട്ടുകയോ ചെയ്യരുത്. എന്നാൽ ആർത്തവത്തിൽ നിന്ന് കുളിച്ച് ശുദ്ധിയാകുമ്പോൾ, 'ഖുസ്ത്' അല്ലെങ്കിൽ 'അള്ഫാർ' പോലുള്ളവ ഒരു ചെറിയ കഷ്ണം പുകച്ച് ദുർഗന്ധം നീക്കം ചെയ്യാൻ വേണ്ടി മാത്രം അത് ഉപയോഗിക്കാം. സുഗന്ധദ്രവ്യമായി കണക്കാക്കപ്പെടാത്ത 'ബുഖൂറിൽ; പെട്ടതാണ് ഇത്. ആർത്തവത്തിൽ നിന്ന് ശുദ്ധിയായ ശേഷം ശരീരത്തിലുള്ള ദുർഗന്ധം ഇല്ലാതാക്കുക എന്നതാണ് ഈ ഇളവിൻ്റെ പിന്നിലെ ഉദ്ദേശ്യം; അതൊരിക്കലും സുഗന്ധം പുരട്ടുക എന്ന ലക്ഷ്യത്തിലുള്ളതല്ല.

فوائد الحديث

ഇഹ്ദാദ് (ദുഃഖാചരണം) എന്നാൽ സ്ത്രീകൾ അലങ്കാരങ്ങളും, വിവാഹത്തിലേക്ക് നയിച്ചേക്കാവുന്ന ചമയലും ഉപേക്ഷിക്കലാണ്. അതിനാൽ, എല്ലാ ആഭരണങ്ങളും, എല്ലാ സുഗന്ധദ്രവ്യങ്ങളും, സുറുമയും, അലങ്കാര വസ്ത്രങ്ങളും അവൾ ഉപേക്ഷിക്കണം.

ഭർത്താവല്ലാത്ത ഒരാൾക്കുവേണ്ടി മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കുന്നതിൽ നിന്ന് ഈ ഹദീഥ് സ്ത്രീകളെ വിലക്കുന്നു.

ഭർത്താവിന്റെ സ്ഥാനം ബോധ്യപ്പെടുത്തുന്ന ഹദീഥാണിത്. കാരണം, മൂന്ന് രാത്രികളിൽ കൂടുതൽ ഭർത്താവല്ലാത്ത ഒരാൾക്ക് വേണ്ടിയും ദുഃഖാചരണം പാടില്ല.

മനസ്സിന് ആശ്വാസം ലഭിക്കാൻ വേണ്ടി മൂന്നോ അതിൽ കുറഞ്ഞതോ ആയ ദിവസങ്ങൾ ദുഃഖാചരണത്തിൽ കഴിയൽ സ്ത്രീകൾക്ക് അനുവദനീയമാണ്.

ഗർഭിണിയല്ലാത്ത സ്ത്രീ ഭർത്താവിനുവേണ്ടി നാല് മാസവും പത്ത് ദിവസവും ഇദ്ദഃയിരിക്കൽ നിർബന്ധമാണ്. ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയാണ് ഇദ്ദ.

ഇദ്ദാ കാലയളവിൽ, അലങ്കാരത്തിന് വേണ്ടിയല്ലാതെ ചായം പൂശിയ വസ്ത്രങ്ങൾ ധരിക്കുന്നത് അനുവദനീയമാണ്. ഇക്കാര്യം നാട്ടിലുള്ള പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുക.

التصنيفات

ഇദ്ദഃ