(കൂട്ടമായുള്ള) ജമാഅത്ത് നിസ്കാരം നിങ്ങളിലൊരാളുടെ നിസ്കാരത്തേക്കാൾ ഇരുപത്തിയഞ്ച് മടങ്ങ് ശ്രേഷ്ഠകരമാണ്.…

(കൂട്ടമായുള്ള) ജമാഅത്ത് നിസ്കാരം നിങ്ങളിലൊരാളുടെ നിസ്കാരത്തേക്കാൾ ഇരുപത്തിയഞ്ച് മടങ്ങ് ശ്രേഷ്ഠകരമാണ്. സുബ്ഹ് നിസ്കാരത്തിൽ പകലിലെയും രാത്രിയിലെയും മലക്കുകൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: (കൂട്ടമായുള്ള) ജമാഅത്ത് നിസ്കാരം നിങ്ങളിലൊരാളുടെ നിസ്കാരത്തേക്കാൾ ഇരുപത്തിയഞ്ച് മടങ്ങ് ശ്രേഷ്ഠകരമാണ്. സുബ്ഹ് നിസ്കാരത്തിൽ പകലിലെയും രാത്രിയിലെയും മലക്കുകൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്." ശേഷം അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനിലെ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്ർ നിസ്കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്: 78)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരാൾ ഇമാമിനോടൊപ്പം ജമാഅത്തായി നിസ്കരിക്കുന്നതിനുള്ള പ്രതിഫലം അയാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയഞ്ച് ഇരട്ടി ശ്രേഷ്ഠകരമാണെന്ന് നബി (ﷺ) വ്യക്തമാക്കുന്നു. രാവിലെയും രാത്രിയുമായി ഭൂമിയിൽ ഇറങ്ങുന്ന മലക്കുകൾ സുബ്ഹ് നിസ്കാരത്തിന് ഒരുമിച്ചു കൂടുന്നതാണെന്നും അവിടുന്ന് അറിയിക്കുന്നു. ഹദീഥിൽ പറയപ്പെട്ട ഈ കാര്യത്തിനുള്ള ഖുർആനിക സാക്ഷ്യമായി അബൂ ഹുറൈറ (رضي الله عنه) കൂട്ടിച്ചേർക്കുന്നു: നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്റിലെ ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്:78) അതായത്, രാവിലെയും വൈകുന്നേരവും ഇറങ്ങുന്ന മലക്കുകൾ സുബ്ഹ് നിസ്കാരത്തിലെ ഖുർആൻ പാരായണത്തിന് സാക്ഷികളാവുന്നതാണ് എന്നർത്ഥം.

فوائد الحديث

ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "മസ്ജിദിൽ ജമാഅത്തായി നിസ്കരിക്കുക എന്നത് വീട്ടിൽ നിസ്കരിക്കുന്നതിനേക്കാളും അങ്ങാടിയിൽ കൂട്ടമായോ ഒറ്റക്കോ നിസ്കരിക്കുന്നതിനേക്കാളും ശ്രേഷ്ഠകരമാണ്. ഇബ്നു ദഖീഖ് അൽഈദ് ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്."

ഫജ്ർ നിസ്കാരത്തിൻ്റെ ശ്രേഷ്ഠത ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു; മലക്കുകൾ ഒരുമിച്ചു കൂടുന്ന വേളയാണത്.

ശൈഖ് ഇബ്നു ബാസ് (رحمه الله) പറഞ്ഞു: "ഹദീഥിൽ വിവരിക്കപ്പെട്ട ഈ മഹത്തായ നന്മ നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ നിന്ന് അകലെയുള്ള മസ്ജിദിലാണെങ്കിലും ജമാഅത്തായി നിസ്കാരം നിർവ്വഹിക്കാൻ ഓരോ മുഅ്മിനും പ്രത്യേകം ശ്രദ്ധ വെച്ചു പുലർത്തേണ്ടതുണ്ട്."

ചില ഹദീഥുകളിൽ ജമാഅത്ത് നിസ്കാരം ഇരുപത്തിയഞ്ച് ഇരട്ടിയും, മറ്റു ചില ഹദീഥുകളിൽ ജമാഅത്ത് നിസ്കാരം ഇരുപത്തിയേഴ് ഇരട്ടിയും പ്രതിഫലമുള്ളതാണ് എന്ന് വന്നിട്ടുണ്ട്; ഇവ ഒരുമിപ്പിച്ചു കൊണ്ട് നവവി (رحمه الله) പറഞ്ഞു: "മൂന്ന് രൂപത്തിൽ അവ യോജിപ്പിക്കുക സാധ്യമാണ്.

ഒന്ന്: ഇരുപത്തിയഞ്ച് ഇരുപത്തിയേഴിൻ്റെ ഉള്ളിലുള്ളതാണ് / ഇരുപത്തി ഏഴിനേക്കാൾ കുറവാണ്. ഇരുപത്തിയഞ്ച് എന്ന് പറയുന്നത് ഇരുപത്തിയേഴിരട്ടി ഇല്ലെന്ന് അർത്ഥമാക്കുന്നില്ല.ഒരു എണ്ണം നിശ്ചിതമാക്കി പറയുന്നതിന് അതല്ലാത്ത എണ്ണം ഇല്ല എന്ന അർത്ഥമുണ്ട് എന്ന വാദം നിദാനശാസ്ത്ര (ഉസ്വൂലിൻ്റെ) പണ്ഡിതന്മാർ തള്ളിക്കളഞ്ഞ കാര്യമാണ്.

രണ്ട്: നബി (ﷺ) ആദ്യം ഇരുപത്തി അഞ്ച് എന്ന് അറിയിച്ചു; ശേഷം അതിനേക്കാൾ കൂടുതൽ -ഇരുപത്തിഏഴ് ഇരട്ടി- പ്രതിഫലം ജമാഅത്ത് നിസ്കാരത്തിന് ലഭിക്കും എന്ന് അല്ലാഹു അവിടുത്തെ അറിയിച്ചു; അപ്പോൾ അവിടുന്ന് അക്കാര്യം സ്വഹാബികളെ അറിയിച്ചു.

മൂന്ന്: നിസ്കരിക്കുന്നവരുടെ സ്ഥിതിയും നിസ്കാരങ്ങളിലെ വ്യത്യാസവും പരിഗണിച്ചു കൊണ്ടാണ് പ്രതിഫലത്തിൽ വ്യത്യാസമുണ്ടാകുന്നത്. ചിലർക്ക് ഇരുപത്തിഅഞ്ച് ഇരട്ടിയാണെങ്കിൽ മറ്റു ചിലർക്ക് ഇരുപത്തിഏഴ് ഇരട്ടി പ്രതിഫലം ഉണ്ടായിരിക്കും. ഒരാളുടെ നിസ്കാരത്തിൻ്റെ പൂർണ്ണതയും നിസ്കാരത്തിലെ പ്രവർത്തനങ്ങളിലുള്ള സൂക്ഷ്മതയും ഭയഭക്തിയും ജമാഅത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ വ്യത്യാസവും നിസ്കരിക്കുന്ന സ്ഥലത്തിൻ്റെ പ്രത്യേകതയും മറ്റുമെല്ലാം ഈ പറഞ്ഞതിൽ സ്വാധീനം ചെലുത്തുന്നതാണ്.

അല്ലാഹുവിനാണ് കൂടുതൽ അറിയുക.

التصنيفات

ജമാഅത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠതയും `വിധിവിലക്കുകളും