അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തിക്ക് കാവൽ നിൽക്കുന്നതാണ് ഇഹലോകവും…

അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തിക്ക് കാവൽ നിൽക്കുന്നതാണ് ഇഹലോകവും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്

സഹ്ൽ ഇബ്നു സഅ്ദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തിക്ക് കാവൽ നിൽക്കുന്നതാണ് ഇഹലോകവും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്. നിങ്ങളിലൊരാളുടെ ചാട്ടയോളം വരുന്ന സ്വർഗത്തിലെ സ്ഥാനം ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ രാവിലെയോ വൈകുന്നേരമോ സഞ്ചരിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകൾക്കും കാഫിറുകൾക്കും ഇടയിലുള്ള അതിർത്തി പ്രദേശത്തിൽ മുസ്‌ലിംകൾക്ക് കാവൽ നിന്നു കൊണ്ട് ഒരു ദിവസം നിലയുറപ്പിക്കുകയും, അതിൽ അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിക്കുകയും ചെയ്യുക എന്നത് ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരാളുടെ ചാട്ടയുടെ സ്ഥാനം സ്വർഗത്തിൽ ലഭിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന് മുകളിലുള്ള സർവ്വതിനേക്കാളും ഉത്തമം എന്നും അവിടുന്ന് അറിയിക്കുന്നു. നേരം പുലർന്ന സമയം മുതൽ മദ്ധ്യാഹ്നം വരെയോ, ദ്വുഹ്റിൻ്റെ സമയം മുതൽ രാത്രി വരെയോ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി ഒരു തവണ സഞ്ചരിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന് മുകളിലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത് എന്നും അവിടുന്ന് അറിയിക്കുന്നു.

فوائد الحديث

അല്ലാഹുവിൻ്റെ മാർഗത്തിൽ (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തി സംരക്ഷണത്തിനായി നിലകൊള്ളുന്നതിൻ്റെ ശ്രേഷ്ഠത. കാരണം സ്വന്തം ജീവൻ അപകടത്തിലാക്കി കൊണ്ടാണ് അവൻ അവിടെ നിലയുറപ്പിച്ചിട്ടുള്ളത്. അല്ലാഹുവിൻ്റെ വചനം ഉന്നതമാവുകയും, അവൻ്റെ ദീനിനെ സഹായിക്കുകയും ചെയ്യുന്നതിന് കാരണമാകുന്ന പ്രവൃത്തിയുമാണത്. അതിനാലാണ് ഈ പ്രവർത്തനത്തിനുള്ള പ്രതിഫലം ഇഹലോകത്തേക്കാളും അതിന് മുകളിലുള്ള സർവ്വതിനേക്കാളും ശ്രേഷ്ഠമായത്.

പരലോകത്തെ അപേക്ഷിച്ച് ഇഹലോകം തീർത്തും നിസ്സാരമാണ്; സ്വർഗത്തിൽ ഒരു ചാട്ടവാർ വെക്കാനുള്ള സ്ഥലം ഇഹലോകത്തേക്കാളും അതിന് മുകളിലുള്ള സർവ്വതിനേക്കാളും ഉത്തമമാണ്.

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെ ശ്രേഷ്ഠതയും അതിനുള്ള മഹത്തരമായ പ്രതിഫലവും; ഒരു പകലോ വൈകുന്നേരമോ അല്ലാഹുവിൻ്റെ മാർഗത്തിൽ സഞ്ചരിക്കുന്നതിൻ്റെ പ്രതിഫലം പോലും ഇഹലോകത്തേക്കാളും അതിന് മുകളിലുള്ള സർവ്വതിനേക്കാളും ഉത്തമമാണ്.

ഓരോ പ്രവർത്തനവും 'അല്ലാഹുവിൻ്റെ മാർഗത്തിൽ' ആയിരിക്കണം എന്ന് നബി (ﷺ) പ്രത്യേകം എടുത്തു പറഞ്ഞത് ഇഖ്ലാസിൻ്റെ (പ്രവർത്തനങ്ങൾ നിഷ്കളങ്കമാക്കേണ്ടതിൻ്റെ) പ്രാധാന്യവും, അവക്കുള്ള പ്രതിഫലം ഇഖ്ലാസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും എന്നതും അറിയിക്കുന്നു.

التصنيفات

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ, ജിഹാദിൻ്റെ ശ്രേഷ്ഠത