അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും,…

അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബിയുടെ -ﷺ- അടുത്ത് വന്ന് ചോദിച്ചു: "മുഹമ്മദ്, താങ്കൾക്ക് അസുഖമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മലക്ക് ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്ത് വന്ന് അവിടുത്തോട് ചോദിച്ചു: "ഹേ മുഹമ്മദ്! അങ്ങേക്ക് അസുഖം വല്ലതുമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യെ ഇപ്രകാരം മന്ത്രിച്ചു: "بِسْمِ الَّلِه (അല്ലാഹുവിന്റെ നാമത്തിൽ)" - അവനോട് സഹായം തേടിക്കൊണ്ട്. "أَرْقِيكَ (ഞാൻ താങ്കളെ മന്ത്രിക്കുന്നു)" - ഞാൻ താങ്കൾക്ക് വേണ്ടി അഭയം ചോദിക്കുകയും സംരക്ഷണം തേടുകയും ചെയ്യുന്നു. "مِنْ كُلِّ شَيْءٍ يُؤْذِيكَ (താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും)" - ചെറുതായാലും വലുതായാലും. "مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ (എല്ലാ ദുഷിച്ച ആത്മാവിൽ നിന്നും)" - അല്ലെങ്കിൽ അസൂയക്കാരന്റെ കണ്ണേറ് താങ്കളെ ബാധിക്കുന്നതിൽ നിന്നും. اللَّهُ يَشْفِيكَ അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! بِسْمِ اللَّهِ أَرْقِيكَ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു. - അവസാനത്തിലുള്ള ഈ വാചകം ആവർത്തിച്ചത് കാര്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയാനാണ്. അല്ലാഹുവിൻ്റെ നാമം കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തതിൽ അല്ലാഹുവല്ലാതെ ഉപകാരം ചെയ്യാൻ മറ്റാരുമില്ല എന്ന സൂചന കൂടിയുണ്ട്.

فوائد الحديث

സ്വന്തം അവസ്ഥയും സാഹചര്യവും വ്യക്തമാക്കുക എന്ന നിലയിൽ മറ്റുള്ളവരോട് രോഗവിവരം പറയുന്നത് അനുവദനീയമാണ്. അസ്വസ്ഥതയും നീരസവും പ്രകടിപ്പിക്കുന്നതിന് വേണ്ടി മറ്റുള്ളവരോട്

രോഗത്തെ സംബന്ധിച്ച് പറയുന്നതാണ് അനുവദനീയമല്ലാത്തത്.

താഴെ പറയുന്ന നിബന്ധനകളോടെ മന്ത്രിക്കൽ അനുവദനീയമാണ്:

1- ഖുർആൻ കൊണ്ടോ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടോ ശരീഅത്ത് അനുശാസിക്കുന്ന പ്രാർത്ഥനകൾ കൊണ്ടോ ആയിരിക്കണം.

2- അറബി ഭാഷയിലോ അർത്ഥം അറിയാവുന്ന മറ്റ് ഭാഷകളിലോ ആയിരിക്കണം.

3- മന്ത്രം സ്വന്തമായ നിലയിൽ ഫലം ചെയ്യില്ലെന്നും, അത് അല്ലാഹുവിന്റെ അനുമതിയോടെ മാത്രം ഫലം ചെയ്യുന്ന ഒരു കാരണമാണെന്നും വിശ്വസിക്കണം.

4- ശിർക്ക് (ബഹുദൈവാരാധന), നിഷിദ്ധമായ കാര്യങ്ങൾ, ബിദ്അത്ത് (പുത്തനാചാരം) എന്നിവയിൽ നിന്നും അവയിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ നിന്നും മുക്തമായിരിക്കണം.

കണ്ണേറിന്റെ ദോഷം യാഥാർത്ഥ്യമാണെന്നും, അതിൽ നിന്ന് മന്ത്രിക്കുകയാണ് വേണ്ടത് എന്നും ഈ ഹദീഥ് സ്ഥിരീകരിക്കുന്നു.

ഹദീഥിൽ വന്ന പ്രാർത്ഥന കൊണ്ട് മന്ത്രിക്കുന്നത് സുന്നത്താണ്.

നബി -ﷺ- മനുഷ്യരിൽ പെട്ടവരായിരുന്നു. മനുഷ്യർക്ക് സാധാരണയായി ഉണ്ടാകുന്നതുപോലെ അവിടുത്തേക്കും രോഗം ബാധിച്ചിരുന്നു.

അല്ലാഹു തന്റെ നബിയെ -ﷺ- പരിരക്ഷിക്കുകയും അവിടുത്തേക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത രൂപവും, അതിനായി തന്റെ മലക്കുകളെ ചുമതലപ്പെടുത്തിയതും ഹദീഥിൽ നിന്ന് മനസ്സിലാക്കാം.

التصنيفات

മതപരമായ മന്ത്രം