ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ…

ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

വിശുദ്ധ ഖുർആൻ പഠിക്കുകയും അതിൻ്റെ പാരായണം സ്ഥിരമായി -മനപാഠത്തിൽ നിന്നോ മുസ്ഹഫ് നോക്കിക്കൊണ്ടോ- നിർവ്വഹിക്കുകയും ചെയ്യുന്ന ഒരാളെ കയറുകൊണ്ട് കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയോട് നബി ﷺ ഉപമിച്ചിരിക്കുന്നു. ഒട്ടകത്തിൻ്റെ കെട്ടിൻ്റെ കാര്യം ഇടക്കിടെ അയാൾ ശ്രദ്ധ വെച്ചാൽ അതിനെ അയാൾക്ക് പിടിച്ചു നിർത്താൻ സാധിക്കും. എന്നാൽ അതിൻ്റെ കെട്ടിൽ നിന്ന് അതിനെ അഴിച്ചു വിട്ടാൽ ആ ഒട്ടകം അകലുകയും ഓടിപ്പോവുകയും ചെയ്യും. ഇതു പോലെയാണ് ഖുർആൻ പഠിച്ച ഒരാളുടെ കാര്യവും; അയാൾ ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്താൽ അത് അയാൾക്ക് ഓർമ്മയുണ്ടായിരിക്കും. അല്ലായെങ്കിൽ, അയാൾ ഖുർആൻ ക്രമേണ മറന്നു പോകും. ഖുർആൻ സ്ഥിരമായി ശ്രദ്ധിക്കുന്നവൻ്റെ മനപാഠവും നിലനിൽക്കുന്നതാണ്.

فوائد الحديث

വിശുദ്ധ ഖുർആൻ പാരായണവും, ഇടക്കിടെയുള്ള പരിശോധനയും നിലനിറുത്താനുള്ള പ്രോത്സാഹനവും, ഖുർആൻ മറന്നു പോകുന്ന സ്ഥിതി വരുന്നതിൽ നിന്നുള്ള താക്കീതും.

വിശുദ്ധ ഖുർആൻ പാരായണം സ്ഥിരമായി നിലനിറുത്തുകയും, അവൻ്റെ നാവ് ഖുർആനിന് പരിചിതമാക്കുകയും വേണം. ഖുർആൻ പാരായണം എളുപ്പമാക്കാൻ അത് ആവശ്യമാണ്. എന്നാൽ ഖുർആൻ പാരായണം അയാൾ അവഗണിച്ചു തള്ളുകയാണെങ്കിൽ അക്കാര്യം അവന് ഭാരമുള്ളതായിത്തീരുകയും, പ്രയാസകരമായി മാറുകയും ചെയ്യും.

ഖാദ്വീ ഇയാദ്വ്

(رحمه الله) പറഞ്ഞു: "ഖുർആനിൻ്റെ സഹചാരി (സ്വാഹിബുൽ ഖുർആൻ) എന്നത് കൊണ്ട് ഉദ്ദേശ്യം ഖുർആൻ പാരായണം ശീലമാക്കിയവൻ എന്നാണ്. സഹചാരത്തിലൂടെയാണല്ലോ അടുപ്പവും പരിചയവുമുണ്ടാകുന്നത്. ഒരാൾ മറ്റൊരാളുടെ കൂട്ടുകാരനാണെന്നും (സ്വാഹിബ്), സ്വർഗത്തിൻ്റെ അസ്ഹാബുകൾ, നരകത്തിൻ്റെ അസ്ഹാബുകൾ എന്നുമെല്ലാം പറയുന്നത് ഈ അർത്ഥത്തിലാണ്."

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള പ്രബോധനത്തിൻ്റെ രീതികളിൽ പെട്ടതാണ് ഉപമകളും ഉദാഹരണങ്ങളും പറയുക എന്നത്.

ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "ഹദീഥിൽ ഒട്ടകത്തെ പ്രത്യേകം എടുത്തു പറഞ്ഞത് മനുഷ്യരോട് ഇണങ്ങുന്ന ജീവികളിൽ ഏറ്റവും അകൽച്ച പ്രകടിപ്പിക്കുന്ന ജീവിയാണ് അത് എന്നതിനാലാണ്. അത് പൂർണ്ണമായി അകന്നു പോയിക്കഴിഞ്ഞാൽ പിന്നെ അതിനെ വരുതിയിലാക്കുക എന്നത് പ്രയാസകരമാണ്."

التصنيفات

ഖുർആൻ പാരായണത്തിൻ്റെ മര്യാദകളും, ഖുർആൻ വാഹകരുടെ സ്വഭാവഗുണങ്ങളും, ഖുർആൻ പാരായണത്തിൻ്റെ മര്യാദകൾ