മുടി ചേർക്കുന്നവളെയും മുടി ചേർക്കാൻ ആവശ്യപ്പെടുന്നവളെയും, പച്ചകുത്തുന്നവളെയും പച്ച കുത്താൻ…

മുടി ചേർക്കുന്നവളെയും മുടി ചേർക്കാൻ ആവശ്യപ്പെടുന്നവളെയും, പച്ചകുത്തുന്നവളെയും പച്ച കുത്താൻ ആവശ്യപ്പെടുന്നവളെയും നബി (ﷺ) ശപിച്ചിരിക്കുന്നു

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "മുടി ചേർക്കുന്നവളെയും മുടി ചേർക്കാൻ ആവശ്യപ്പെടുന്നവളെയും, പച്ചകുത്തുന്നവളെയും പച്ച കുത്താൻ ആവശ്യപ്പെടുന്നവളെയും നബി (ﷺ) ശപിച്ചിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നാല് വിഭാഗം ആളുകൾക്കെതിരെ നബി (ﷺ) ശപിച്ചു പ്രാർത്ഥിക്കുകയും, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റാൻ അവിടുന്ന് ദുആ നടത്തുകയും ചെയ്തിരിക്കുന്നു. ഒന്ന്: തൻ്റെ മുടിയോ മറ്റേതെങ്കിലുമൊരാളുടെ മുടിയോ (വിഗ്ഗ് പോലുള്ളവ കൊണ്ട്) കൂട്ടിച്ചേർക്കുന്നവൾ. രണ്ട്: മറ്റൊരാളോട് തൻ്റെ മുടി കൂട്ടിച്ചേർത്തു തരാൻ ആവശ്യപ്പെടുന്നവൾ. മൂന്ന്: ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളിൽ -മുഖത്തോ കൈകളിലോ നെഞ്ചിലോ മറ്റോ- പച്ചകുത്തുന്നവൾ; പച്ച കുത്തുന്ന സൂചിയിൽ മഷി നിറച്ചു കൊണ്ട് ഭംഗിയും സൗന്ദര്യവും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ പ്രവൃത്തി അവർ ചെയ്യാറുള്ളത്. നാല്: തൻ്റെ ശരീരത്തിൽ പച്ച കുത്താൻ മറ്റൊരാളോട് ആവശ്യപ്പെടുന്നവൾ. ഈ പ്രവർത്തനങ്ങളെല്ലാം വൻപാപങ്ങളിൽ പെട്ട കബാഇറുകളാണ്.

فوائد الحديث

ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "മുടിയിലേക്ക് മുടി ചേർത്തി വെക്കുക എന്നതാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ മുടിയിലേക്ക് തട്ടമോ മറ്റോ ചേർത്തി വെക്കുന്നത് ഹദീഥിൽ വിരോധിക്കപ്പെട്ടതിൻ്റെ പരിധിയിൽ ഉൾപ്പെടുകയില്ല."

തിന്മകളിൽ പരസ്പരം സഹകരിക്കുന്നത് നിഷിദ്ധമായ ഹറാമാണ്.

അല്ലാഹുവിൻ്റെ സൃഷ്ടിപ്പ് മാറ്റിമറിക്കൂക എന്നത് വിലക്കപ്പെട്ടിരിക്കുന്നു; കാരണം യാഥാർത്ഥ്യം മറച്ചു വെക്കലും കബളിപ്പിക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്.

അല്ലാഹുവും അവൻ്റെ റസൂലും ശപിച്ചവരെ പൊതുവായി (ഒരു വ്യക്തിയെ പ്രത്യേകം പേരെടുത്തു പറയാതെ) ശപിക്കുക എന്നത് അനുവദനീയമാണ്.

നമ്മുടെ കാലഘട്ടത്തിൽ കണ്ടുവരുന്ന വിഗ്ഗുകൾ ഉപയോഗിക്കുക എന്നത് ഹദീഥിൽ നിരോധിക്കപ്പെട്ട മുടി ചേർക്കുന്നതിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്. നിഷേധികളായ കുഫ്ഫാറുകളോട് സദൃശ്യരാകുന്ന പ്രവൃത്തിയും, വഞ്ചനയിലേക്കും തെറ്റിദ്ധരിപ്പിക്കലിലേക്കും നയിക്കുന്നതുമായ കാര്യവുമാണത്.

ഖത്താബി

(رحمه الله) പറഞ്ഞു: "ഈ ഹദീഥിൽ വിവരിക്കപ്പെട്ട കാര്യങ്ങൾക്ക് ശക്തമായ താക്കീത് വന്നതിൻ്റെ കാരണം: അതിൽ വഞ്ചനയും ചതിയും ഉൾക്കൊള്ളുന്നു എന്നതിനാലാണ്. ഇക്കാര്യത്തിൽ ഇളവ് നൽകപ്പെട്ടാൽ ഇതല്ലാത്ത രൂപത്തിലുള്ള വഞ്ചനകളും ചതിയും അനുവദിക്കേണ്ടി വരും. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തുക എന്ന തിന്മയും അതോടൊപ്പം ഈ പ്രവൃത്തിയിലുണ്ട്; ഇബ്നു മസ്ഊദ് (رضي الله عنه) ഈ ഹദീഥ് നിവേദനം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളിൽ അതിലേക്കുള്ള സൂചനയുണ്ട്; "അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തുന്നവർ" എന്ന വാചകം കൂടി അതിൽ വന്നിട്ടുണ്ട്. അല്ലാഹുവിനാണ് കൂടുതൽ അറിയുക."

നവവി (رحمه الله) പറഞ്ഞു: "ഹദീഥിൽ പറയപ്പെട്ട തിന്മകൾ ചെയ്യുന്നതും അതിന് വിധേയരായി നിന്നുകൊടുക്കുന്നതും നിഷിദ്ധമാണ്. പച്ചകുത്തപ്പെടുന്ന സ്ഥലം നജസായി മാറുന്നതാണ്; ചികിത്സയിലൂടെയോ മറ്റോ അത് നീക്കം ചെയ്യാൻ സാധിക്കുമെങ്കിൽ അത് നീക്കം ചെയ്യൽ നിർബന്ധമാണ്. പച്ചകുത്തിയത് നീക്കം ചെയ്യുന്നതിന് ശരീരം മുറിപ്പെടുത്തേണ്ടി വരികയും, അത് കാരണത്താൽ മരണമോ അവയവം നഷ്ടമാകുമെന്നോ അതിൻ്റെ സ്വാധീനം നഷ്ടപ്പെടുമെന്നോ പുറമേക്ക് പ്രകടമാകുന്ന വിധത്തിലുള്ള വൈകൃതമോ വൈകല്യമോ ഭയക്കുന്നുണ്ടെങ്കിൽ പച്ച കുത്തുന്നത് നീക്കം ചെയ്യുക എന്നത് നിർബന്ധമല്ല. പച്ചകുത്തിയ ഒരാൾ അതിൽ നിന്ന് തൗബ ചെയ്തു ഖേദിച്ചു മടങ്ങിയാൽ അവൻ്റെ മേൽ യാതൊരു തിന്മയും പിന്നീട് ബാക്കിയാകുന്നതല്ല. മേൽ പറഞ്ഞ വിധത്തിലുള്ള യാതൊരു ബുദ്ധിമുട്ടും ഭയക്കുന്നില്ലെങ്കിൽ ഉടനടി പച്ചകുത്തൽ നീക്കം ചെയ്യുക എന്നത് നിർബന്ധമാണ്; അത് വൈകിപ്പിക്കുന്നത് തിന്മയാണ്."

التصنيفات

വസ്ത്രവും അലങ്കാരവും