തീർച്ചയായും ആദം സന്തതികളുടെ മുഴുവൻ പേരുടെയും ഹൃദയങ്ങൾ (സർവ്വവിശാലമായ കാരുണ്യമുള്ള) റഹ്മാനായ അല്ലാഹുവിൻ്റെ…

തീർച്ചയായും ആദം സന്തതികളുടെ മുഴുവൻ പേരുടെയും ഹൃദയങ്ങൾ (സർവ്വവിശാലമായ കാരുണ്യമുള്ള) റഹ്മാനായ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ടു വിരലുകൾക്ക് ഇടയിലാണ്; ഒരൊറ്റ ഹൃദയം പോലെയാണ് അവയുള്ളത്. അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവനതിനെ മാറ്റിമറിക്കുന്നു

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ആദം സന്തതികളുടെ മുഴുവൻ പേരുടെയും ഹൃദയങ്ങൾ (സർവ്വവിശാലമായ കാരുണ്യമുള്ള) റഹ്മാനായ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ടു വിരലുകൾക്ക് ഇടയിലാണ്; ഒരൊറ്റ ഹൃദയം പോലെയാണ് അവയുള്ളത്. അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവനതിനെ മാറ്റിമറിക്കുന്നു." ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിലേക്ക് നീ മാറ്റേണമേ!"

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആദം സന്തതികളായ മനുഷ്യരുടെ എല്ലാവരുടെയും ഹൃദയങ്ങൾ റഹ്മാനായ അല്ലാഹുവിൻ്റെ രണ്ട് വിരലുകൾക്കിടയിൽ ഒരൊറ്റ ഹൃദയം പോലെ നിലകൊള്ളുന്നുവെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചതു പോലെ അവൻ അത് മാറ്റിമറിക്കുന്നതാണ്. അവൻ ഉദ്ദേശിക്കുന്നവരെ സത്യപാതയിൽ നേരെനിർത്തുകയും, അവൻ ഉദ്ദേശിക്കുന്നവരെ സത്യത്തിൽ നിന്ന് അവൻ തെറ്റിച്ചു കളയുകയും ചെയ്യുന്നതാണ്. എല്ലാ ഹൃദയങ്ങളെയും ഇപ്രകാരം മാറ്റിമറിക്കുക എന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരൊറ്റ ഹൃദയത്തെ മാറ്റിമറിക്കുന്നത് പോലെയാണ്. ഒരു കാര്യം മറ്റൊരു കാര്യത്തിൽ നിന്നുള്ള അവൻ്റെ ശ്രദ്ധയെ തെറ്റിക്കുന്നതല്ല. ശേഷം നബി -ﷺ- പ്രാർത്ഥിച്ചു: "അല്ലാഹുവേ! ഹൃദയങ്ങളെ -നന്മയിലേക്കും തിന്മയിലേക്കും, നിന്നെ സ്മരിക്കുന്നതിലേക്കും, അശ്രദ്ധയിലേക്കുമെല്ലാം- മാറ്റിമറിക്കുന്നവനേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിൽ നീ ഉറപ്പിച്ചു നിർത്തേണമേ!"

فوائد الحديث

അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തെ അംഗീകരിക്കണം. അല്ലാഹുവാണ് അവൻ രേഖപ്പെടുത്തിയ തൻ്റെ വിധിയനുസരിച്ച് അടിമകളുടെ ഹൃദയങ്ങളെ മാറ്റിമറിക്കുന്നവൻ.

സത്യമാർഗത്തിൽ ഉറപ്പിച്ചു നിർത്താനും നേർമാർഗത്തിലേക്ക് നയിക്കാനും അല്ലാഹുവിനോട് എപ്പോഴും ഒരു മുസ്‌ലിം പ്രാർത്ഥിച്ചു കൊണ്ടേയിരിക്കണം.

അല്ലാഹുവിനെ കുറിച്ചുള്ള ഭയവും അല്ലാഹുവിൽ മാത്രം ഹൃദയം ബന്ധിപ്പിച്ചു കൊണ്ട് ഭരമേൽപ്പിക്കലും.

ഇമാം ആജുരി -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹു അവനെ കുറിച്ച് വിശേഷിപ്പിച്ചതു പോലെയും, അവൻ്റെ റസൂൽ -ﷺ- അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും, നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികൾ അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും അല്ലാഹുവിൻ്റെ വിശേഷണങ്ങൾ വിവരിക്കുക എന്നതാണ് സത്യത്തിൻ്റെ മാർഗത്തിലുള്ളവരുടെ നിലപാട്. (ദീൻ) പിൻപറ്റുക എന്നത് മാർഗമായി സ്വീകരിക്കുകയും, പുതിയ മാർഗങ്ങൾ നിർമ്മിച്ചുണ്ടാക്കാതിരിക്കുകയും ചെയ്ത പണ്ഡിതന്മാരുടെ വഴി അതാണ്."

അതിനാൽ അല്ലാഹു അവനുള്ളതായി സ്ഥിരീകരിച്ച അവൻ്റെ നാമങ്ങളും വിശേഷണങ്ങളും 'തഹ്‌രീഫ്', 'തഅ്ത്വീൽ', 'തക്‌യീഫ്', 'തംഥീൽ' എന്നിവയിൽ നിന്ന് മുക്തമായി സ്ഥിരീകരിക്കുകയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ ചെയ്തിട്ടുള്ളത്. അല്ലാഹു അവനെ കുറിച്ച് നിഷേധിച്ചു പറഞ്ഞവ അല്ലാഹുവിനില്ല എന്ന് നിഷേധിക്കുകയും, നിഷേധമോ സ്ഥിരീകരണമോ വന്നിട്ടില്ലാത്ത വിഷയങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുന്നവരുമാണ് അവർ. അല്ലാഹു പറയുന്നു: "അല്ലാഹുവിന് സമാനമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു."

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ