ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?!

ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?!

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: ‘ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍ പണവും സ്വത്തുമില്ലാത്തവനാണ്.’ അപ്പോള്‍ നബി തിരുമേനി -ﷺ- പറഞ്ഞു: “എന്നാല്‍ എൻ്റെ സമുദായത്തില്‍ പാപ്പരായവന്‍ ഖിയാമത്ത് നാളിൽ നിസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ സല്‍ക്കര്‍മങ്ങളുമായി വരുന്നവനാണ്; അവൻ ഇന്നയാളെ ചീത്തപറഞ്ഞിട്ടുണ്ടാകും. മറ്റൊരാളെ സംബന്ധിച്ച് അവൻ അപവാദം പറഞ്ഞിട്ടുണ്ടാകും. ഇന്നയാളുടെ സമ്പത്ത് അവൻ അന്യായമായി ഭക്ഷിച്ചിട്ടുണ്ടാകും. ഇന്നയാളുടെ രക്തം അവൻ ചിന്തിയിട്ടുണ്ടാകും. ഇന്നയാളെ അവൻ അടിച്ചിട്ടുണ്ടാകും. അപ്പോള്‍ അവരില്‍ ഒരോരുത്തര്‍ക്കുമായി അവൻ്റെ സല്‍ക്കര്‍മങ്ങള്‍ എടുത്തു നല്‍കപ്പെടും. അവൻ്റെ മേലുള്ള ബാധ്യത തീരുന്നതിനുമുമ്പ് അവൻ്റെ സല്‍ക്കര്‍മങ്ങള്‍ തീര്‍ന്നുപോയാല്‍ അവരുടെ പാപങ്ങളെടുത്ത് അവൻ്റെ മേല്‍ ചാര്‍ത്തപ്പെടുകയും ചെയ്യും. പിന്നീടവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- സ്വഹാബികളോട് ഒരിക്കൽ ചോദിച്ചു: "ആരാണ് പാപ്പരായവർ എന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "സമ്പത്തോ സമ്പാദ്യമോ ഇല്ലാത്തവരാണ് ഞങ്ങൾക്കിടയിൽ പാപ്പരായി പരിഗണിക്കപ്പെടുക." അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിൽ പാപ്പരായവൻ എന്നാൽ അന്ത്യനാളിൽ നിസ്കാരവും നോമ്പും സകാത്തും പോലുള്ള ധാരാളം സൽകർമ്മങ്ങളുമായി വന്നെത്തുന്ന ഒരു വ്യക്തിയാണ്. എന്നാൽ അവൻ പലരെയും ചീത്തപറഞ്ഞും മോശം വാക്കുകളാൽ ആക്ഷേപിച്ചു കൊണ്ടുമാണ് വന്നിരിക്കുന്നത്. വേറെ ചിലരുടെ അഭിമാനത്തെ ആക്ഷേപിക്കുകയും, മറ്റു ചിലരുടെ സമ്പത്ത് ഭക്ഷിക്കുകയും അവകാശങ്ങളെ നിഷേധിക്കുകയും, ചിലരുടെ രക്തം ചൊരിയുകയും അവരോട് അതിക്രമം പ്രവർത്തിക്കുകയും, ഇനി ചിലരെ അടിക്കുകയും അപമാനിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. അങ്ങനെ അവൻ്റെ അതിക്രമത്തിന് ഇരയായവർക്ക് അവൻ്റെ നന്മകളിൽ നിന്ന് നൽകപ്പെടും. അവൻ്റെ അവകാശധംസ്വനങ്ങൾക്കും അതിക്രമങ്ങൾക്കും പകരമായി നൽകാൻ നന്മകൾ അവൻ്റെ പക്കൽ ഇല്ലാതെ വന്നാൽ അതോടെ അവൻ്റെ അതിക്രമത്തിന് ഇരയായവരുടെ തിന്മകൾ എടുക്കുകയും അതിക്രമിയുടെ മേൽ അത് ചാർത്തപ്പെടുകയും ചെയ്യും. ശേഷം ഒരു നന്മകളുമില്ലാത്ത നിലയിൽ, അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്.

فوائد الحديث

തിന്മകളിൽ വീണുപോകുന്നതിൽ നിന്നുള്ള താക്കീത്. പ്രത്യേകിച്ചും ജനങ്ങളുടെ ഭൗതികവും മാനസികവുമായ അവകാശങ്ങളുമായി ബന്ധപ്പെട്ടവ.

സൃഷ്ടികൾക്കിടയിലുള്ള അവകാശങ്ങളുടെ കാര്യം നിർബന്ധമായും പരിഹരിക്കപ്പെടേണ്ടത് എന്ന അടിത്തറയിലാണ് നിലകൊള്ളുന്നത്. എന്നാൽ അല്ലാഹുവും അവൻ്റെ അടിമയും തമ്മിലുള്ള ബാധ്യതകളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയാണ് അടിസ്ഥാനം; ശിർക്കിൻ്റെ കാര്യത്തിലൊഴികെ.

കേൾവിക്കാരൻ്റെ ശ്രദ്ധ പിടിച്ചു പറ്റുകയും, അവൻ്റെ താൽപ്പര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന രീതികൾ സംസാരത്തിൽ കൊണ്ടുവരണം. പ്രത്യേകിച്ചും സ്വഭാവസംസ്കരണവും വ്യക്തിജീവിതത്തിലെ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ.

പാപ്പരായവൻ യഥാർത്ഥത്തിൽ ആരാണെന്ന വിശദീകരണം. ഒരാളുടെ അതിക്രമത്തിന് വിധേയരായവർ അന്ത്യനാളിൽ അവൻ്റെ പ്രവർത്തനങ്ങൾ പകരമായി എടുക്കുകയും, അവൻ്റെ നന്മകളെല്ലാം നഷ്ടമാവുകയും ചെയ്യുന്നതാണ് യഥാർത്ഥ പാപ്പരത്തം.

അന്ത്യനാളിൽ സൃഷ്ടികൾ തമ്മിലുള്ള പ്രതിക്രിയയുടെ സന്ദർഭത്തിൽ ചിലരുടെ എല്ലാ നന്മകളും എടുക്കപ്പെടുകയും, അവസാനം അവൻ്റേതായി ഒരു നന്മയും ബാക്കിയില്ലാത്ത സ്ഥിതിയിൽ എത്തിപ്പെടുകയും ചെയ്തേക്കാം.

അല്ലാഹു തൻ്റെ സൃഷ്ടികളോട് നീതിപൂർവ്വകമായും സത്യപൂർണ്ണമായും മാത്രമേ പെരുമാറുകയുള്ളൂ.

التصنيفات

മരണാനന്തര ജീവിതം, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ