إعدادات العرض
അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ…
അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക.' അപ്പോൾ ജിബ്‌രീൽ അവനെ ഇഷ്ടപ്പെടും
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക.' അപ്പോൾ ജിബ്‌രീൽ അവനെ ഇഷ്ടപ്പെടും. പിന്നീട് അദ്ദേഹം ആകാശത്ത് വിളംബരം ചെയ്യും: "തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നിങ്ങളും അവനെ ഇഷ്ടപ്പെടുക.: അപ്പോൾ ആകാശത്തുള്ളവരെല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിൽ അവന് സ്വീകാര്യത നൽകപ്പെടും. അല്ലാഹു ഒരു അടിമയെ വെറുത്താൽ അവൻ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നീയും അവനെ വെറുക്കുക.' അപ്പോൾ ജിബ്‌രീൽ അവനെ വെറുക്കും. പിന്നീട് ആകാശത്തുള്ളവരോട് വിളംബരം ചെയ്യും: 'തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ വെറുക്കുന്നു. അതിനാൽ നിങ്ങളും അവനെ വെറുക്കുക.' അപ്പോൾ അവരെല്ലാം അവനെ വെറുക്കും. പിന്നീട് ഭൂമിയിൽ അവന് വെറുപ്പ് നിശ്ചയിക്കപ്പെടും."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt Kurdî Magyar ქართული සිංහල Kiswahili Română অসমীয়া ไทย Hausa Português मराठी دری አማርኛ ភាសាខ្មែរ Македонски Nederlands ગુજરાતી ਪੰਜਾਬੀالشرح
അല്ലാഹു ഒരു സത്യവിശ്വാസിയെ (മുഅ്മിനിനെ) - തന്റെ കൽപ്പനകൾ അനുസരിക്കുകയും വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന ഒരാളെ - ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: "തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക." അപ്പോൾ മലക്കുകളുടെ നേതാവായ ജിബ്‌രീൽ -عَلَيْهِ السَّلَامُ- അവനെ ഇഷ്ടപ്പെടും. പിന്നീട് ജിബ്‌രീൽ ആകാശത്തിലെ മലക്കുകളോട് വിളംബരം ചെയ്യും: "നിങ്ങളുടെ റബ്ബ് ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നിങ്ങളും അവനെ ഇഷ്ടപ്പെടുക." അപ്പോൾ ആകാശത്തുള്ളവരെല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിലുള്ള മുഅ്മിനുകളുടെ ഹൃദയങ്ങളിൽ അവനോടുള്ള സ്നേഹവും അടുപ്പവും തൃപ്തിയും നൽകപ്പെടുകയും, അവർക്കിടയിൽ അവന് സ്വീകാര്യത നൽകപ്പെടുകയും ചെയ്യും. അല്ലാഹു ഒരു അടിമയെ വെറുത്താൽ ജിബ്‌രീലിനെ വിളിച്ച് പറയും: "തീർച്ചയായും ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നീയും അവനെ വെറുക്കുക." അപ്പോൾ ജിബ്‌രീൽ അവനെ വെറുക്കും. പിന്നീട് ജിബ്‌രീൽ ആകാശത്തുള്ളവരോട് വിളംബരം ചെയ്യും: "നിങ്ങളുടെ റബ്ബ് ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നിങ്ങളും അവനെ വെറുക്കുക." അപ്പോൾ അവരെല്ലാം അവനെ വെറുക്കും. പിന്നീട് ഭൂമിയിലുള്ള മുഅ്മിനുകളുടെ ഹൃദയങ്ങളിൽ അവന് വെറുപ്പും വിദ്വേഷവും നിശ്ചയിക്കപ്പെടും.فوائد الحديث
അബൂ മുഹമ്മദ് ഇബ്നു അബീ ജംറ പറഞ്ഞു: മറ്റു മലക്കുകൾക്ക് മുമ്പായി ജിബ്‌രീലിനെയാണ് അല്ലാഹു (അവൻ ഒരാളെ ഇഷ്ടപ്പെടുന്നു എന്ന കാര്യം) അറിയിക്കുന്നത്. അല്ലാഹുവിന്റെ അടുക്കൽ ജിബ്‌രീലിനുള്ള ഉയർന്ന സ്ഥാനം വ്യക്തമാക്കുന്ന കാര്യമാണത്.
അല്ലാഹു ആരെ ഇഷ്ടപ്പെട്ടുവോ, അവനെ ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും ഇഷ്ടപ്പെടുന്നതാണ്. അല്ലാഹു ആരെ വെറുത്തുവോ, അവനെ ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും വെറുക്കുന്നതുമാണ്.
സിൻദി പറഞ്ഞു: "അദ്ദേഹത്തിന് ഭൂമിയിൽ സ്വീകാര്യത നൽകപ്പെടും" എന്നതുകൊണ്ട് പൂർണ്ണമായ സ്വീകാര്യതയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അല്ലാഹു അവന് എത്രത്തോളം സ്വീകാര്യത നൽകാൻ ഉദ്ദേശിച്ചുവോ അത്രയാണ് അവന് ലഭിക്കുക. കാരണം, ഭൂമിയിൽ ദുഷ്ടന്മാരും അതിക്രമികളുമുണ്ട്; അവർ സദ്‌വൃത്തരെ ശത്രുക്കളായാണല്ലോ കാണുക?!"
ഫർളുകളും സുന്നത്തുകളുമടക്കം എല്ലാത്തരം സൽകർമ്മങ്ങളും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കാൻ പ്രേരണ നൽകുന്ന ഹദീഥാണിത്. അതോടൊപ്പം പാപങ്ങളും ബിദ്അത്തുകളും (പുത്തനാചാരങ്ങൾ) ഉപേക്ഷിക്കണമെന്ന താക്കീതും ഹദീഥിലുണ്ട്. കാരണം, അല്ലാഹുവിന്റെ കോപം വരുത്തിവെക്കുന്ന കാര്യങ്ങളാണ് അവയെല്ലാം.
ഇബ്നു ഹജർ പറഞ്ഞു: "ജനങ്ങളുടെ ഹൃദയങ്ങളിൽ ഒരാൾക്ക് സ്നേഹം നൽകപ്പെടുന്നു എന്നത് അല്ലാഹു അയാളെ സ്നേഹിക്കുന്നുണ്ട് എന്നതിൻ്റെ അടയാളമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. 'നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാണ്' എന്ന ജനാസയുമായി ബന്ധപ്പെട്ട ഹദീഥ് ഈ ആശയത്തെ സ്ഥിരീകരിക്കുന്നു."
ഇബ്നുൽ അറബി അൽ-മാലികി പറഞ്ഞു: "ഭൂമിയിലുള്ളവർ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരാളെ അറിയുന്ന ആളുകൾ മാത്രമാണ്. അല്ലാതെ, അവനെ അറിയാത്തവരെയോ കേൾക്കാത്തവരെയോ അല്ല."
